
പ്രയാഗ്‌രാജിലെ മഹാകുംഭമേളയ്ക്ക് ഇന്ന് തുടക്കമാകും. ലോകത്തെ ഏറ്റവും വലിയ തീർഥാടകസംഗമത്തിൽ 40 കോടി തീർഥാടകർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞതവണ 24 കോടി ഭക്തരാണ് കുംഭമേളയ്ക്കെത്തിയത്. ഒരുമാസത്തിലേറെ നീണ്ടുനിൽക്കുന്ന ചടങ്ങുകളാണ് കുംഭമേളയോടനുബന്ധിച്ച് നടക്കുന്നത്.
മഹാനദികളായ ഗംഗ, യമുന, സരസ്വതി എന്നിവ സംഗമിക്കുന്ന ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് കുംഭമേള. മഹാകുംഭമേള എന്നപേരിൽ പുതിയ ജില്ലയുൾപ്പെടെ രൂപവത്‌കരിച്ചാണ് ഉത്തർപ്രദേശ് സർക്കാർ കുംഭമേളയ്ക്കായി ഒരുക്കങ്ങൾ നടത്തിയിരിക്കുന്നത്. ഏകദേശം 7000 കോടിരൂപയാണ് 45 ദിവസം നീണ്ടുനിൽക്കുന്ന കുംഭമേളയ്ക്കായി വകയിരുത്തിയിരിക്കുന്നത് . കഴിഞ്ഞതവണത്തെ ബജറ്റ് 3500 കോടിയായിരുന്നു. ഏകദേശം 4000 ഹെക്ടർ സ്ഥലത്ത് അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തി.
സ്നാനഘട്ടുകളുടെ നീളം എട്ടു കിലോമീറ്ററിൽനിന്ന് 12 കിലോമീറ്ററായി വർധിപ്പിച്ചു. 1850 ഹെക്ടറിലാണ് പാർക്കിങ് ഏരിയ. ജനുവരി 25 മുതൽ 30 വരെയുള്ള മൗനി അമാവാസി കാലത്ത് ഏകദേശം അഞ്ചുകോടി ഭക്തരെയാണ് പ്രതീക്ഷിക്കുന്നതെന്നും മനോജ് കുമാർ പറഞ്ഞു. 45,000-ത്തോളം പോലീസുകാരെ വിന്യസിക്കും.











