12:49am 07 November 2026
NEWS

വിവാഹ വാ​ഗ്ദാനം നൽകി 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയിൽ പ്രവാസി യുവാവിനും ഭാര്യക്കുമെതിരെ കേസ്

13/02/2025  10:01 AM IST
nila
 വിവാഹ വാ​ഗ്ദാനം നൽകി 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയിൽ പ്രവാസി യുവാവിനും ഭാര്യക്കുമെതിരെ കേസ്

കൊച്ചി: മാട്രിമോണിയൽ സൈറ്റ് വഴി യുവതിയെ പരിചയപ്പെട്ട് ലക്ഷങ്ങൾ തട്ടിയെടുത്ത പ്രവാസി യുവാവിനും ഭാര്യക്കുമെതിരെ കേസെടുത്ത് പൊലീസ്. ഇരിങ്ങാലക്കുട സ്വദേശികളായ മുതുർത്തി പറമ്പിൽ അൻഷാദ് മഹ്സിൽ ഇയാളുടെ ഭാര്യ നിത അൻഷാദ് എന്നിവർക്കെതിരെയാണ് കളമശ്ശേരി സ്വദേശിനിയുടെ പരാതി. വേ ടു നിക്കാഹ് എന്ന മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട് വിവാ​ഹ വാ​ഗ്ദാനം നൽകുകയും പിന്നീട് 25 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു എന്നാണ് പരാതി. വിദേശത്തുള്ള അൻഷാദിനെ നാട്ടിലെത്തിക്കാൻ പൊലീസ് നീക്കംതുടങ്ങി. അൻഷാദിന്റെ ഭാര്യ നിത നിലവിൽ ഇടക്കാല ജാമ്യത്തിലാണ്. 

2022ലാണ് പുനർ വിവാഹത്തിനായി പരാതിക്കാരിയായ യുവതി വേ ടു നിക്കാഹ് എന്ന മാട്രിമോണിയൽ സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തത്. തുടർന്ന് അൻഷാദ് വിവാഹത്തിന് താത്പര്യം അറിയിച്ച് സമീപിക്കുകയായിരുന്നു. ഫഹദ് എന്ന പേരിൽ  വ്യാജ മേൽവിലാസത്തിലാണ് അൻഷാദ് മാട്രിമോണി സൈറ്റിലൂടെ യുവതിയെ സമീപിക്കുന്നത്. യുവതിയെ ബന്ധപ്പെടുകയും, ഇവരുടെ അമ്മയോട് മകളെ വിവാഹം കഴിക്കാന താത്പര്യം ഉണ്ടെന്ന് അറിയിക്കുകയും ചെയ്തു. ഭാര്യയും രണ്ട് മക്കളുമുള്ള വിവരം മറച്ചുവെച്ച് താൻ വിവാഹ മോചിതൻ ആണെന്നായിരുന്നു അൻഷാദ് യുവതിയേയും അമ്മയേയും പറഞ്ഞു വിശ്വസിപ്പിച്ചത്. അൻഷാദ് വിദേശത്ത് ആയതിനാൽ ഭാര്യ നിതയെ സഹോദരി എന്ന് പറഞ്ഞ് പരിചയപ്പെടുത്തി. നിതയും മറ്റൊരാളും കളമശ്ശേരിയിൽ എത്തി വിവാഹം ഉറപ്പിക്കുകയും ചെയ്തു.

പിന്നീട് ബിസിനസ് തകർന്നെന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം നാട്ടിൽ വരാൻ പറ്റില്ല എന്നും പറഞ്ഞാണ് സഹോദരി എന്ന് പരിചയപ്പെടുത്തിയ ഭാര്യ നിതയുടെ അക്കൗണ്ടിലേക്ക് പൈസ ഇടാൻ യുവാവ് ആവശ്യപ്പെട്ടത്. നാട്ടിൽ വരാൻ പറ്റാത്തത് കാരണം ദുബൈ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി ആയി ജയിലിൽ ആണെന്നാണ് ഇയാൾ യുവതിയെ തെറ്റിദ്ധരിപ്പിച്ചത്. 

ഈ സമയം അൻഷാദ് ഒന്നര മാസത്തെ അവധിക്ക് നാട്ടിൽ വന്നു പോയി. സംശയം തോന്നിയ യുവതി ഫഹദ് എന്ന പേരിൽ തന്നിരുന്ന വിലാസത്തിൽ അന്വേഷിച്ചപ്പോഴാണ് സംഭവം തട്ടിപ്പാണെന്ന് മനസിലാകുന്നത്. അൻഷാദിൻറെ ഭാര്യ ആണ് നിത എന്നും ദമ്പതികൾക്ക് 7 ഉം 11 ഉം വയസ്സുള്ള രണ്ടു പെൺകുട്ടികൾ ഉണ്ടെന്നും പിന്നീട് യുവതിക്ക്  ബോധ്യപ്പെട്ടു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. അൻഷാദിനെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img