11:53pm 10 August 2026
NEWS
‘പുതുയുഗ കേരളം' പ്രവാസികൾക്കും പറയാനുണ്ട് - പ്രവാസി വെല്‍ഫെയര്‍ ഖത്തര്‍ ജനകീയ പ്രവാസി അവകാശ രേഖ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.
10/08/2026  03:06 PM IST
nila
‘പുതുയുഗ കേരളം പ്രവാസികൾക്കും പറയാനുണ്ട് - പ്രവാസി വെല്‍ഫെയര്‍ ഖത്തര്‍ ജനകീയ പ്രവാസി അവകാശ രേഖ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.



കേരളത്തിന്റെ വളർച്ചയ്ക്ക് പിന്നിൽ നട്ടെല്ലായി വര്‍ത്തിക്കുന്ന പ്രവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട് കാലങ്ങളായുള്ള  പ്രശ്നങ്ങളും ആവശ്യങ്ങളും അവരുടെ അവകാശങ്ങളും ക്രോഡീകരിച്ച് അവയ്ക്ക് പരിഹാരം കാണുന്നതിനായി സർക്കാരിന് വ്യക്തമായ നിർദേശങ്ങൾ സമർപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പൊതുജനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് പ്രവാസി വെല്‍ഫെയര്‍ തയ്യാറാക്കിയ ജനകീയ പ്രവാസി അവകാശ രേഖ പ്രവാസി കാര്യ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി സതീശന്‍, വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്ക് സമര്‍പ്പിച്ചു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അഹമ്മദ് ഷാഫി, ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന്‍ സി, സംസ്ഥാന കമ്മറ്റിയംഗം മുനീഷ് എ.സി എന്നിവര്‍ ചേര്‍ന്നാണ്‌ കൈമാറിയത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ, പ്രവാസി മലയാളികൾ നടത്തുന്ന ജീവിതം പ്രതിക്ഷകളോടൊപ്പം പ്രയാസങ്ങളും നിറഞ്ഞതാണ്. കുടുംബത്തിൽ നിന്ന് അകന്ന്, അന്യദേശങ്ങളിൽ കഠിനാധ്വാനം ചെയ്ത് നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികൾ കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലാണെന്നതിൽ തർക്കമില്ല. എന്നിരുന്നാലും, അവരനുഭവിക്കുന്ന  പ്രശ്നങ്ങൾക്ക് വേണ്ട പരിഹാരവും  സംരക്ഷണവും ഇന്നും അപൂർണ്ണമാണ്. അവരുടെ പ്രതീക്ഷകളും സ്വപ്നങ്ങളും അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. കാലങ്ങളായി  പ്രവാസികളനുഭവിക്കുന്ന വെല്ലുവിളികളായ യാത്രാ പ്രശ്നം,  ക്ഷേമ പദ്ധതികളുടെയും  സേവനങ്ങളുടെയും അപര്യാപ്തത, തിരിച്ചെത്തുന്നവരുടെ പുനരധിവാസം, മക്കളുടെ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, വോട്ടവകാശം, രേഖകൾ തയ്യാറാക്കാനുള്ള ബുദ്ധിമുട്ടുകള്‍, നിയമ സഹായം തുടങ്ങി എല്ലാ മേഖലകളിലും അടിയന്തിരമായി ശ്രദ്ധപതിയേണ്ട വിഷയങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും അവകാശ രേഖയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പ്രവാസി നിക്ഷേപങ്ങള്‍ സ്വീകരിച്ച് അവരുടെ ശിഷ്ടകാല ജീവിതത്തിനു മുതല്‍കൂട്ടാവുന്ന രീതിയില്‍ സര്‍ക്കാര്‍ മേഖലയില്‍ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കാനുള്ള നിര്‍ദ്ദേശങ്ങളും  അവകാശ രേഖയില്‍ ഉണ്ട്. ഇത്തരത്തില്‍ പ്രവാസികളുടെ അനുഭവങ്ങളും ആവശ്യങ്ങളും പ്രതീക്ഷകളും പ്രയാസങ്ങളും ഒരുമിച്ച് ചേർത്ത് രണ്ട് മാസത്തെ പ്രവര്‍ത്തനത്തിലൂടെയാണ്‌ പ്രവാസി വെല്‍ഫെയര്‍ ഖത്തര്‍ ജനകീയ പ്രവാസി അവകാശ രേഖ തയ്യാറാക്കി പുതിയ സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത്

ഇതിനായി ജൂൺ, ജൂലൈ മാസങ്ങളിലായി ഖത്തറിലെ വിവിധ തലങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരെ പങ്കെടുപ്പിച്ച് സാമൂഹിക പ്രവർത്തകരുടെ സംഗമം, വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കായി വനിതാ സംഗമം, പ്രവാസി വെല്‍ഫെയറിന്റെ ജില്ലാ, മണ്ഢലം കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ നടത്തിയും പൊതുജനങ്ങളില്‍ നിന്ന് പരമാവധി വിവരശേഖരണം നടത്തി. കൂടാതെ സോഷ്യൽ മീഡിയ വഴി വിവര ശേഖരണത്തിനായി പ്രത്യേക വെബ്‌സൈറ്റ് തയ്യാറാക്കി ജനകീയമായി  പ്രവാസികളിൽ നിന്ന് അവരുടെ അനുഭവങളും അഭിപ്രായങ്ങളും ശേഖരിച്ചു. മറ്റ് ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളില്‍ നിന്നും ഈ ഓൺലൈൻ സൗകര്യം വഴി  കാമ്പയിനിൽ പങ്കാളികളാക്കി. വിവിധ ലേബര്‍ ക്യാമ്പുകളും കോര്‍ണ്ണിഷിലെ മത്സ്യബന്ധന തൊഴിലാളികളെയും സന്ദര്‍ശിച്ചും ഗ്രോസറി, സലൂണ്‍, കഫ്തീരിയ അടിസ്ഥാന മേഖലയില്‍ ജോലിചെയ്യുന്നവരുടെ തൊഴിലിടങ്ങളിലെത്തി അഭിപ്രായങ്ങള്‍ ശേഖരിച്ചും ഇതിന്റെ ഭാഗമാക്കി. ലോകമെങ്ങുമുള്ള  മലയാളി പ്രവാസികളെ ഒരുമിച്ച് കൂട്ടി, അവരുടെ പ്രശ്നങ്ങളും പ്രതീക്ഷകളും ശക്തമായി മുന്നോട്ട് വെക്കുകയും ജനകീയമായി സമാഹരിക്കുന്ന അഭിപ്രായങ്ങളും ആവശ്യങ്ങളും ജനകീയ പ്രവാസി അവകാശ രേഖയായി ക്രോഡീകരിച്ച്,  ശേഷം കിട്ടിയ വിവരങ്ങള്‍ വിദഗ്ദ സമിതിയുടെ മേല്‍ നോട്ടത്തില്‍  തരംതിരിച്ച് വിവിധ വിഭാഗങ്ങളാക്കി തിരിച്ച് സംസ്ഥാന ഭരണ സംവിധാനങ്ങള്‍ക്ക് എളുപ്പത്തില്‍ പരിശോധിക്കാനും നടപടിക്രമങ്ങള്‍ക്ക് വിധേയമാക്കാനുതകുന്നതുമായ രീതിയില്‍ സമ്പൂര്‍ണ്ണ ജനകീയ പ്രവാസി അവകാശ രേഖയാക്കി മാറ്റി. ഇത്  മറ്റു മന്ത്രിമാര്‍ക്കും സംസ്ഥാനത്തെ മുഴുവന്‍ എം.പി മാര്‍ക്കും എം.എല്‍.എ മാര്‍ക്കും വരും ദിവസങ്ങളില്‍ കൈമാറും.
 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img