
ദോഹ:ഖത്തർ മലയാളികളുടെ സാമൂഹ്യ-സാംസ്‌കാരിക സംഘടനയായ ‘പ്രവാസി ദോഹ’ സംഘടിപ്പിച്ച എം. ടി. വാസുദേവൻ നായരുടെ കൃതികളെ ആസ്‌പദമാക്കിയുള്ള പ്രബന്ധരചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു.
അമൽ ഫെർമിസിനാണ് ഒന്നാംസ്ഥാനം. ശോഭ നായർ രണ്ടാംസ്ഥാനവും നേടി.ഒന്നാം സമ്മാന ജേതാവായ അമൽ ഫെർമിസ് തൃശൂർ സ്വദേശിനിയാണ്. നിലവിൽ ഖത്തറിൽ ദോഹ അക്കാദമി ഇന്റർനാഷണൽ സ്കൂളിൽ അധ്യാപികയായി പ്രവർത്തിക്കുന്ന അവർ, ദോഹയിലെ അറിയപ്പെടുന്ന ഹെന്ന ആർട്ടിസ്റ്റുമാണ്. ‘സങ്കടദ്വീപ്’ എന്ന ചെറുകഥാസമാഹാരവും ‘നിനവിൻ നിലാവഴികൾ’ എന്നഓർമ്മക്കുറിപ്പുകളുടെ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘സങ്കടദ്വീപ്’ എന്ന കൃതിക്ക് ബഷീർ സ്മാരക പുരസ്കാരവും പി. കുഞ്ഞിരാമൻ നായർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.രണ്ടാം സമ്മാന ജേതാവായ ശോഭ നായർ ആലപ്പുഴ ജില്ലയിലെ പഴവീട് സ്വദേശിനിയാണ്. അധ്യാപകരായ മാതാപിതാക്കളുടെ മകളായ അവർ, ബാല്യകാലം മുതൽ കവിതകളും കഥകളും രചിച്ചിരുന്നുവെങ്കിലും പ്രവാസ ജീവിതത്തിലാണ് എഴുത്തിനെ കൂടുതൽ ഗൗരവത്തോടെ സമീപിച്ചത്. കഴിഞ്ഞ മുപ്പത് വർഷമായി കുടുംബസമേതം ഖത്തറിൽ താമസിക്കുന്ന ശോഭ നായർ, സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിട്ടുണ്ട്. ഖത്തറിലെ മലയാളി കൂട്ടായ്മകളായ മാധ്യമം ക്ലബ്, ഖിയാഫ് എന്നിവയിലെ സജീവ അംഗവുമാണ്. 2021-ൽ ‘നാരങ്ങാ മിഠായികൾ’ എന്ന ആദ്യ കഥാസമാഹാരവും ‘കനൽ ചുട്ട പാഥേയം’ എന്നകവിതാസമാഹാരവും ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു.
മത്സര വിജയികൾക്ക് ദോഹയിൽ നടക്കുന്ന എം. ടി. അനുസ്മരണ ചടങ്ങിൽ സമ്മാനങ്ങൾ
വിതരണം ചെയ്യും. തീയതിയും സ്ഥലവും പിന്നീട് അറിയിക്കുമെന്നു
പ്രവാസി ദോഹ ഭാരവാഹികൾ അറിയിച്ചു.











