
യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്ന് റിപ്പോർട്ട്. അസി.എക്സൈസ് കമ്മീഷണർ എസ് അശോക് കുമാർ സംസ്ഥാന എക്സൈസ് കമ്മിഷണർക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഭ എംഎൽഎ നൽകിയ പരാതിയിലാണ് അസി.എക്സൈസ് കമ്മീഷണർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പാലിക്കുന്നതിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്നും വൈദ്യ പരിശോധന നടത്തിയില്ലെന്നുമാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
കേസിന്റെ വിവരങ്ങൾ എംഎൽഎയെ അറിയിച്ചതിലും വീഴ്ചയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നുവെന്നാണ് വിവരം. പ്രതിഭയുടെ മകൻ കനിവ് അടക്കം ഏഴു പേർക്കെതിരെ കേസ് നില നിൽക്കാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പ്രതികളിൽ കഞ്ചാവ് കണ്ടെടുത്ത രണ്ട് പേർക്കെതിരെ മാത്രമേ കേസ് നില നിൽക്കൂ. കനിവ് കഞ്ചാവ് വലിച്ചതിന് സാക്ഷികളില്ല. കനിവ് കഞ്ചാവ് വലിക്കുന്നത് ഉദ്യോഗസ്ഥരും കണ്ടിട്ടില്ല. ശ്വാസത്തിൽ നിന്ന് കഞ്ചാവിന്റെ ഗന്ധം വന്നുവെന്ന് മാത്രമാണ് പറയുന്നത്. ഏഴു പേർക്കെതിരെ കേസെടുക്കാൻ ഇത് മതിയാവില്ലെന്നും റിപ്പോർട്ടിലുണ്ട്. തീപ്പെട്ടിയോ കഞ്ചാവ് വലിച്ചതിന്റ അവശിഷ്ടമോ കണ്ടെത്തിയിട്ടില്ല. രക്തം, മുടി, നഖം എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ച് കഞ്ചാവ് വലിച്ചോ എന്ന് പരിശോധിക്കേണ്ടിയിരുന്നു. എന്നാൽ, ഒരു പരിശോധനയും നടത്തിയില്ലെന്നും റിപ്പോർട്ടിലുണ്ട്.
ഡിസംബർ 28 നാണ് എംഎൽഎയുടെ മകൻ കനവ് ഉൾപ്പെടെ ഒമ്പതു പേരെ തകഴിയിൽ നിന്ന് കുട്ടനാട് എകസൈസ് സംഘം പിടികൂടിയത്. മൂന്നു ഗ്രാം കഞ്ചാവും ഇവരിൽ നിന്ന് പിടിച്ചെടുത്തിരുന്നു. പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനും കഞ്ചാവ് കൈവശം വച്ചതിനും ഇവർക്കെതിരെ കേസും എടുത്തു. എന്നാൽ തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നതെന്ന് ആപരോപിച്ച് യു പ്രതിഭ സാമൂഹിക മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെക്കുകയും തുടർന്ന് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെയും എംഎൽഎയുടെയുമടക്കം മൊഴി എടുത്തിരുന്നു.











