
പുത്തൻ ലുക്കിൽ പ്രണവ് മോഹൻലാൽ എത്തുന്നു. പ്രണവിന്റെ പിറന്നാൾ ദിനത്തിലാണ് പുതിയ സിനിമയുടെ സ്‍പെഷ്യൽ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. പ്രണവ് മോഹൻലാൽ നായകനാകുന്ന ‘ഡീയസ് ഈറേ’ എന്ന ഹൊറർ ത്രില്ലർ ചിത്രത്തിന്റെ സ്‍പെഷ്യൽ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. 'ഭ്രമയുഗം' എന്ന മമ്മൂട്ടി ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡീയസ് ഈറേ’. 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ. 'ക്രോധത്തിന്റെ ദിനം' എന്നാണ് ഇതിനർത്ഥം.
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'ഭ്രമയുഗ'ത്തിന് പിന്നിൽ പ്രവർത്തിച്ച അതേ ക്രിയേറ്റീവ് ടീം തന്നെയാണ് ‘ഡീയസ് ഈറേ’യുടെയും അണിയറയിലുള്ളത്. എന്നാൽ, സിനിമയുടെ കഥാപശ്ചാത്തലം സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
2025 ഏപ്രിൽ 29ന് ചിത്രീകരണം പൂർത്തിയായ ചിത്രം നിലവിൽ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ഭ്രമയുഗത്തിന് ശേഷം ഇന്ത്യൻ ഹൊറർ ചിത്രങ്ങൾക്ക് ആഗോളതലത്തിൽ കൂടുതൽ ശ്രദ്ധ നേടിക്കൊടുക്കാൻ ഉതകുന്ന തരത്തിലാണ് ‘ഡീയസ് ഈറേ’ ഒരുക്കുന്നത് എന്നാണ് സൂചന.











