04:02am 30 April 2026
NEWS
പ്രജ്വൽരേവണ്ണയ്‌ക്ക് ജയിലിൽ ലൈബ്രേറിയന്റെ ചുമതല; 524 രൂപ ദിവസക്കൂലി
09/09/2025  11:34 AM IST
വിഷ്ണുമംഗലം കുമാർ
പ്രജ്വൽരേവണ്ണയ്‌ക്ക് ജയിലിൽ ലൈബ്രേറിയന്റെ ചുമതല; 524 രൂപ ദിവസക്കൂലി

ബംഗളുരു: ലൈംഗിക പീഡനക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന പ്രജ്വൽരേവണ്ണയ്‌ക്ക് ലൈബ്രേറിയന്റെ ജോലി. തടവുകാർക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുന്ന ചുമതലയാണ് ഹാസനിൽ നിന്നുള്ള ഈ മുൻ ലോകസഭ അംഗത്തിന് നൽകിയിട്ടുള്ളത്. കഴിഞ്ഞ മാസം രണ്ടിനാണ് ജെഡിഎസ്സിന്റെ ഈ യുവനേതാവിനെ ലൈംഗിക പീഡനക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടത്. മുൻ പ്രധാനമന്ത്രിയും ജെഡിഎസ്സ് ദേശീയ അധ്യക്ഷനുമായ ദേവഗൗഡയുടെ കൊച്ചുമകനും മുൻമന്ത്രി രേവണ്ണയുടെ മകനുമായ പ്രജ്വൽ ജെഡിഎസ്സിന്റെ കർണാടകത്തിലെ യുവ നേതാവായിരുന്നു. ദേവഗൗഡ ഒഴിഞ്ഞുകൊടുത്ത ഹാസനിൽ നിന്ന് വിജയിച്ചാണ് 2019 ൽ പ്രജ്വൽ ആദ്യമായി ലോകസഭയിലെത്തിയത്.എഞ്ചിനീയറിങ് ബിരുദധാരിയായ അയാൾക്ക് അന്ന് വയസ്സ് ഇരുപത്തിയൊമ്പത്. പിതാവ് ഹാസൻ ജില്ലയിലെ ഹൊളെ നരസിപ്പൂരിനെ പ്രതിനിധീകരിക്കുന്ന എംഎൽഎ. സഹോദരൻ എം എൽ സി. ഹാസൻ ജില്ലതന്നെ ദേവഗൗഡ കുടുംബത്തിന്റെ വരുതിയിലായിരുന്നു.അധികാരത്തിന്റെയും പണത്തിന്റെയും ഹുങ്ക് തലക്ക് പിടിച്ച ഈ യുവനേതാവ് അപഥസഞ്ചാരത്തിലേക്കാണ് വഴുതിവീണത്. 2024 ലും ഹാസൻ ലോകസഭാമണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയായിരുന്നു. എന്നാൽ 2023 ൽ ഹാസൻ ജില്ല ഉൾപ്പെടെയുള്ള ജെഡിഎസ്സ് കോട്ട തകർത്ത് രാഷ്ട്രീയ രംഗത്തെ ബദ്ധശത്രുക്കളായ സിദ്ധരാമയ്യയും ഡി കെ ശിവകുമാറും സംസ്ഥാന അധികാരം പിടിച്ചത് ദേവഗൗഡ കുടുംബത്തിന് കനത്ത ആഘാതമായി. 2024ലെ ലോകസഭാതെരഞ്ഞെടുപ്പ് പ്രചാരണവേളയിലാണ് പ്രജ്വലിന്റെ ലൈംഗികാതിക്രമ വീഡിയോകൾ ലീക്കായത്. നിരവധി സ്ത്രീകളെ പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. തെരഞ്ഞെടുപ്പിൽ പ്രജ്വൽ ദയനീയമായി തോറ്റു. അയാൾക്കെതിരായ പീഡന പരാതികൾ അന്വേഷിക്കാൻ ഗവണ്മെന്റ് എസ് ഐ ടി രൂപീകരിച്ചു. ഞെട്ടിപ്പിക്കുന്ന തെളിവുകളാണ് എസ് ഐ ടി ശേഖരിച്ചത്. 2024 ആഗസ്റ്റിൽ അറസ്റ്റിലായ പ്രജ്വലിന് ജാമ്യം കിട്ടിയില്ല. ഒരു കേസിലാണ് കഴിഞ്ഞ മാസം വിധി വന്നത്. മറ്റു മൂന്നുകേസുകൾ വിവിധ ഘട്ടത്തിലാണ്. 524 രൂപയാണ് ആദ്യകേസിൽ തന്നെ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രജ്വലിന് ലൈബ്രേറിയന്റെ പണിയ്ക്കുള്ള ദിവസക്കൂലി. മുപ്പത്തിയഞ്ചുകാരനായ ഈ യുവനേതാവ് ജീവിതകാലം മുഴുവൻ ജയിലിൽ കഴിയേണ്ട സാഹചര്യമാണുള്ളത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img