11:08am 29 July 2026
NEWS
പ്രജ്വൽ രേവണ്ണയ്‌ക്ക് ജീവപര്യന്തം പത്തുലക്ഷം രൂപ പിഴയും ഇക്കിളി രാഷ്ട്രീയത്തിന്റെ പരിണാമം
02/08/2025  05:08 PM IST
വിഷ്ണുമംഗലം കുമാർ
പ്രജ്വൽ രേവണ്ണയ്‌ക്ക് ജീവപര്യന്തം പത്തുലക്ഷം രൂപ പിഴയും ഇക്കിളി രാഷ്ട്രീയത്തിന്റെ പരിണാമം

ബംഗളുരു: അഴിമതിയും കൂറുമാറ്റവും കുതികാൽ വെട്ടുമൊക്കെ രാഷ്ട്രീയത്തിൽ അലങ്കാരമാണ്. പുതിയ കാലത്ത് വിശേഷിച്ചും. എന്നാൽ പെണ്ണുകേസിൽ പെട്ടുപോയാൽ തന്നെ നാണക്കേടാണ്. ശിക്ഷിക്കപ്പെട്ടാലോ? പൊതുജീവിതം തീർന്നു എന്ന് പറയേണ്ടിവരും. കുടുംബത്തിന് നാട്ടിലിറങ്ങിനടക്കാൻ കഴിയാതെ വരും. രാഷ്ട്രീയ രംഗത്ത് സൽപ്പേരും ജനകീയാടിത്തറയുമുള്ള കുടുംബമാണെങ്കിലോ? വീഴ്ചയുടെയും അപമാനത്തിന്റെയും ആഘാതം കനത്തതായിരിക്കും. ഹാസനിലെ യുവരാജാവായിരുന്ന പ്രജ്വൽ രേവണ്ണയ്‌ക്ക് സംഭവിച്ചതതാണ്. പെണ്ണുകേസിൽ ശിക്ഷിക്കപ്പെട്ടതോടെ അയാളുടെ രാഷ്ട്രീയഭാവി തകർന്നു എന്നുമാത്രമല്ല, മുൻ പ്രധാനമന്ത്രിയും മുൻ സംസ്ഥാനമന്ത്രിയും കേന്ദ്രമന്ത്രിയുമൊക്കെ അടങ്ങുന്ന സ്വന്തം കുടുംബത്തെ അയാൾ അപമാനത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടുകയും ചെയ്തിരിക്കുന്നു. ()കണ്ണീർ വാർക്കുന്നത് വന്ദ്യവയോധികനായ മുത്തച്ഛനാണ്. അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു. തൊണ്ണൂറ്റിരണ്ടാം വയസ്സിലും ജെഡിഎസ്സ് എന്ന പാർട്ടിയുടെ ദേശീയ അധ്യക്ഷപദവി അലങ്കരിക്കുന്ന, രാജ്യസഭയിൽ അംഗമായ അഭിവന്ദ്യനേതാവാണ്. അദ്ദേഹത്തിന്റെ ദേഹത്താണ്, ഈ അവസാനനാളുകളിൽ കൊച്ചുമകൻ ചെളി വാരിയെറിഞ്ഞത്. കർണാടകത്തിലെ കർഷകസമൂഹത്തിന്റെ ആരാധ്യനായ അദ്ദേഹത്തിന്റെ പേര് എച്ച് ഡി ദേവഗൗഡ എന്നാണ്. ഹാസനാണ് ദേവഗൗഡയുടെ ജന്മഗ്രാമമായ ഹൊളെനരസിപുർ സ്ഥിതിചെയ്യുന്ന ജില്ല. ദശകങ്ങളായി ബംഗളുരുവിലാണ് സ്ഥിരതാമസമെങ്കിലും ഹാസനിലെ മഹാരാജാവായിരുന്നു അദ്ദേഹം. വീട്ടിൽ നിന്നുള്ള സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഒരു ദേശീയകക്ഷിയെ സ്വന്തം കുടുംബപാർട്ടിയായി അധംപതിപ്പിച്ചതിന്റെ തിക്തഫലമാണ് ദേവഗൗഡ അനുഭവിക്കുന്നത്. അദ്ദേഹത്തിന് ആൺമക്കൾ രണ്ടാണ്. കേന്ദ്രമന്ത്രി കുമാരസ്വാമിയും ഹൊളെ നരസിപുർ എംഎൽഎ  രേവണ്ണയും. കുമാരസ്വാമി രണ്ടുതവണ കർണാടക മുഖ്യമന്ത്രിയായിരുന്നു, രേവണ്ണ മന്ത്രിയും. കുമാരസ്വാമിയ്ക്കും കുടുംബത്തിനും പാർട്ടിയിൽ ലഭിക്കുന്ന പരിഗണനയും അധികാരങ്ങളും തങ്ങൾക്കും കൂടി ലഭിക്കണമെന്ന് വാശിപിടിച്ച് രേവണ്ണയും കുടുംബവും ദേവഗൗഡയെ സമ്മർദ്ദത്തിലാക്കിയതിന്റെ പരിണിതഫലമാണ് ഇപ്പോൾ വന്നുഭവിച്ചിരിക്കുന്ന കൊടിയ അപമാനം. രേവണ്ണ- ഭവാനി ദമ്പതികൾക്ക് രണ്ട് ആൺമക്കളാണ്, പ്രജ്വലും സൂരജും. പൊതുരംഗത്ത്‌ പ്രവർത്തിക്കാനുള്ള പക്വത ആർജ്ജിച്ചിരുന്നില്ലെങ്കിലും പ്രജ്വലിന് വലിയ പദവികൾ കിട്ടാനായി മാതാപിതാക്കൾ ദേവഗൗഡയിൽ സ്വാധീനം ചെലുത്തിക്കൊണ്ടിരുന്നു. താൻ മത്സരിച്ചിരുന്ന ഹാസൻ ലോകസഭാ സീറ്റ് 2019 ൽ പ്രജ്വലിന് നൽകി ദേവഗൗഡ തുമക്കൂരുവിലേക്ക് മാറി. പ്രജ്വൽ നല്ല ഭൂരിപക്ഷത്തോടെ വിജയിച്ചെങ്കിലും ദേവഗൗഡ പരാജയപ്പെടുകയാണുണ്ടായത്. എം പി പദവി പ്രജ്വലിന് കുട്ടിക്കളിയായിരുന്നു. പ്രശ്നങ്ങളും പരാതികളും പലതുണ്ടായെങ്കിലും ഒന്നും ദേവഗൗഡയ്‌ക്ക് അപ്പുറം പോയില്ല. ദേവഗൗഡയെപോലെ കോൺഗ്രസ്സ് നേതാക്കളായ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും പഴയ മൈസുരു മേഖലയിൽ നിന്നുള്ള നേതാക്കളാണ്. സിദ്ധരാമയ്യ ദേവഗൗഡയുടെ പഴയ ശിഷ്യനാണ്. ശിവകുമാർ ദേവഗൗഡയെ ബഹുമാനത്തോടെ കണ്ടിരുന്ന രാഷ്ട്രീയ എതിരാളിയും. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡി എസ്സിന്റെ പല മണ്ഡലങ്ങളും കോൺഗ്രസ്സ് പിടിച്ചടക്കിയിരുന്നു. 2024 ൽ ഹാസനിൽ പ്രജ്വൽ വീണ്ടും സ്ഥാനാർത്ഥിയായി. ആ കാലയളവിലാണ് അയാളുടെ ലൈംഗിക പീഡനദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് കോൺഗ്രസ്സിന് ചോർത്തിക്കിട്ടിയത്. പരിചയമണ്ഡലത്തിലെ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത് ആ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സൂക്ഷിക്കുന്നത് പ്രജ്വലിന് ഹരമായിരുന്നു. നിരവധി സ്ത്രീകളുമായി ബന്ധപ്പെട്ട നൂറുകണക്കിന് ദൃശ്യങ്ങൾ പെൻഡ്രൈവിൽ ഉണ്ടായിരുന്നു. ഹാസൻ പിടിക്കാൻ കാത്തിരുന്ന സിദ്ധരാമയ്യയും ശിവകുമാറും അതൊരു സുവർണ്ണാവസരമായി കരുതി. ആ ദൃശ്യങ്ങൾ പ്രചാരണവേളയിൽ ഹാസനിൽ രഹസ്യമായി പ്രചരിപ്പിക്കപ്പെട്ടു. വോട്ടെടുപ്പ് കഴിഞ്ഞ ഉടനെ മുഖ്യമന്ത്രി എസ്ഐ ടി രൂപീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. ഇരകൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ നാല് പീഡനക്കേസുകളാണ് പ്രജ്വലിന്റെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്. വോട്ടെടുപ്പ് കഴിഞ്ഞ് വിദേശത്തേക്ക് പോയ പ്രജ്വൽ തിരിച്ചെത്തിയ ദിവസം തന്നെ അറസ്റ്റ് ചെയ്യപ്പെട്ടു. വർഷം ഒന്ന് കടന്നുപോയിട്ടും ജാമ്യം കിട്ടിയിരുന്നില്ല. അയാൾക്കെതിരെ ശക്തമായ തെളിവുകൾ എസ് ഐ ടി ഹാജരാക്കിയിരുന്നു. ജനപ്രതിനിധികൾക്കായുള്ള ബംഗളുരുവിലെ പ്രത്യേക കോടതിയിലാണ് വിചാരണ നടന്നത്. ഇരുപതിലേറെ സാക്ഷികൾക്ക് പുറമെ വിഡിയോയിലെ ദൃശ്യങ്ങളും ശബ്ദവും പ്രജ്വലിന്റേതാണെന്ന് സ്ഥാപിക്കുന്ന ശക്തമായ ഡിജിറ്റൽ തെളിവുകളും എസ് ഐ ടി ഹാജരാക്കിയിരുന്നു. ദേവഗൗഡയുടെ കുടുംബത്തിന്റെ പേരിൽ ഹാസനിലുള്ള ഫാംഹൗസിൽ വെച്ച് നാൽപത്തേഴ് വയസ്സുള്ള വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസിലാണ് ഇന്ന് ശിക്ഷ വിധിച്ചത്. പ്രജ്വലിന്റെ ശുക്ലം പുരണ്ട ഇരയുടെ പാവാടയും മറ്റു ചില തെളിവുകളും ഫാം ഹൗസിലെ അലമാരയിൽനിന്ന് കണ്ടെടുത്തത് എസ് ഐ ടി കോടതിയിൽ ഹാജരാക്കിയിരുന്നു. അറിഞ്ഞുകൊണ്ട് ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും ഏറ്റവും കുറഞ്ഞ ശിക്ഷയേ നൽകാവൂ എന്നും പ്രജ്വൽ കോടതിയോട് താണുകേണപേക്ഷിച്ചിരുന്നു. അയാൾ കോടതിയിൽ പൊട്ടിക്കരയുകയും ചെയ്തു. എന്നാൽ നിസ്സഹായകയായ വീട്ടുജോലിക്കാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതിയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇന്ന് ഉച്ചവരെ പ്രോസിക്യൂഷന്റെയും പ്രതിയുടെയും അന്തിമവാദം കേട്ട പ്രത്യേക കോടതി ജഡ്ജി സന്തോഷ്‌ ഗജാനൻ വൈകീട്ടാണ് വിധി പ്രസ്താവിച്ചത്. വിവിധ വകുപ്പുകൾ പ്രകാരം പ്രതി കുറ്റം ചെയ്തിട്ടുണ്ടെന്ന് നിരീക്ഷിച്ച ജഡ്ജി ജീവപര്യന്തം തടവും പത്തുലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴത്തുകയിൽ ഏഴുലക്ഷം രൂപ ഇരയ്ക്ക് നഷ്ടപരിഹാരമായി നൽകണമെന്നും കോടതി ഉത്തരവിട്ടു. രാഷ്ട്രീയാധികാരം എന്ത്‌ തോന്ന്യാസവും ചെയ്യാനുള്ള ലൈസൻസായി കരുതുന്നവരെ ഇരുത്തി ച്ചിന്തിപ്പിക്കുന്ന വിധിപ്രസ്താവമാണ് ജനപ്രതിനിധികൾക്കായുള്ള പ്രത്യേകകോടതിയിൽ നിന്നുണ്ടായത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img