
കോഴിക്കോട്: ആരെങ്കിലും പുകഴ്ത്തിയെന്നു പറഞ്ഞ് മുഖ്യമന്ത്രിയാകില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പുകഴ്ത്തി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരും അടക്കമുള്ളവർ രംഗത്തെത്തിയതിന് പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് കോൺഗ്രസിന് ചില രീതികളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമസഭാകക്ഷിയുടെ ഭൂരിപക്ഷം നോക്കേണ്ടതുണ്ട്. ഡൽഹിയുടെ അഭിപ്രായം അറിയണം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ഉള്ളപ്പോൾ ഈ വിഷയം ഇവിടെ ചർച്ചചെയ്യേണ്ട ഒരാവശ്യവുമില്ലെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.
എല്ലാവരും എല്ലാവരെയും പുകഴ്ത്താറുണ്ട്. ആരും ഇകഴ്ത്താറില്ല. ഇത് ഇവിടെ വെറുതെ ചർച്ചചെയ്യേണ്ട ഒരാവശ്യവുമില്ല. എല്ലാ സമുദായങ്ങളും കോൺഗ്രസുകാരെ സ്വീകരിക്കുന്നത് നല്ലകാര്യമല്ലേ. ഗ്രൂപ്പിന്റെയൊക്കെ കാലഘട്ടം അസ്തമിച്ചു. അതിനൊന്നും ഇനി പ്രസക്തിയില്ല. അതിനൊന്നും പ്രവർത്തകരെയും കിട്ടില്ല. ഇതൊക്കെ നേതാക്കന്മാർക്ക് ഓരോ സ്ഥാനം കിട്ടാനുള്ള സംവിധാനമാണ് ഗ്രൂപ്പിസമെന്ന് എല്ലാവർക്കും മനസിലായി - കെ. മുരളീധരൻ പറഞ്ഞു.











