11:04pm 05 July 2026
NEWS
സിപിഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നുവെന്ന് പി.പി. സുനീർ
05/07/2026  12:23 PM IST
nila
സിപിഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നുവെന്ന് പി.പി. സുനീർ

കാസർകോട്: സിപിഎം നേതൃത്വത്തെയും പ്രതിപക്ഷനേതാവ് പിണറായി വിജയനെയും കടുത്ത ഭാഷയിൽ വിമർശിച്ച് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീർ. പ്രതിപക്ഷ ഉപനേതൃപദവി ആവശ്യപ്പെടുന്ന നിലപാടിൽ നിന്ന് സിപിഐ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും, ഇത് ഒരാളുടെ ഏകപക്ഷീയ തീരുമാനമായി കാണാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതൃപദവിയെ ചൊല്ലിയുള്ള തർക്കം ഇടതുമുന്നണിക്കുള്ളിൽ കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് വിഷയത്തിൽ പിന്നോട്ടില്ലെന്ന് സിപിഐ നേതൃത്വം വ്യക്തമാക്കുന്നത്. 

പ്രതിപക്ഷ ഉപനേതാവിനെ സംബന്ധിച്ച തീരുമാനം എൽഡിഎഫിൽ വിശദമായി ചർച്ച ചെയ്ത ശേഷമേ എടുക്കാവൂ. നിയമസഭാ സമ്മേളനവും ബജറ്റ് അവതരണവും കഴിഞ്ഞിട്ടും എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ഇതുവരെ ചേർന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ ഇടതുമുന്നണിയുടെ പ്രവർത്തനരീതിയിൽ മാറ്റം അനിവാര്യമാണെന്ന് സിപിഐ നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നുവെന്ന് സുനീർ പറഞ്ഞു. പി.എം.ശ്രീ പദ്ധതി ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ സിപിഐ മുന്നറിയിപ്പുകൾ നൽകിയിരുന്നെങ്കിലും അവയെ സിപിഎം ഗൗരവത്തിൽ എടുത്തില്ലെന്നും, അന്ന് പാർട്ടിയുടെ അഭിപ്രായങ്ങൾ അംഗീകരിച്ചിരുന്നെങ്കിൽ ഇടതുമുന്നണി ഇന്ന് നേരിടുന്ന സാഹചര്യം ഒഴിവാക്കാനാകുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുന്നണിക്കുള്ളിൽ സിപിഐ ഉയർത്തിയ അഭിപ്രായങ്ങൾ ചർച്ച ചെയ്യാനോ അവയ്ക്ക് വേണ്ട പ്രാധാന്യം നൽകാനോ സിപിഎം തയ്യാറാകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് സുനീർ ആരോപിച്ചു. അഭിപ്രായവ്യത്യാസങ്ങളെ ജനാധിപത്യപരമായി പരിഗണിക്കുന്നതിന് പകരം അവയെ തള്ളിക്കളയുന്ന സമീപനമാണ് സിപിഎം സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച വിഷയം "അടഞ്ഞ അധ്യായം" ആണെന്ന പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ നിലപാട് സിപിഐ അംഗീകരിക്കില്ലെന്നും സുനീർ വ്യക്തമാക്കി. അത് സിപിഎമ്മിന്റെ ഔദ്യോഗിക തീരുമാനമാണോ, അതോ പിണറായി വിജയന്റെ വ്യക്തിപരമായ നിലപാടാണോ എന്ന് പാർട്ടി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പഴയ കീഴ്വഴക്കങ്ങൾ ചൂണ്ടിക്കാട്ടി ഉപനേതൃപദവി നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും, കാലത്തിനനുസരിച്ച് രാഷ്ട്രീയ ധാരണകളും മുന്നണി സംവിധാനങ്ങളും മാറേണ്ടതുണ്ടെന്നും സുനീർ പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടന വരെ ഭേദഗതി ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പഴയ കീഴ്വഴക്കങ്ങളിൽ മാത്രം ഉറച്ചുനിൽക്കുന്നതിന് യാതൊരു ന്യായവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img