
കണ്ണൂർ എഡിഎം നവീൻ ബാബുവിൻറെ മരണവുമായി ബന്ധപ്പെട്ട കേസിൽ താൻ നിരപരാധിയെന്ന് സൂചിപ്പിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യ. എഡിഎമ്മിൻറെ മരണത്തിൽ താനാണ് വേട്ടയാടപ്പെട്ടതെന്നും സത്യം പുറത്തുവരുമെന്നും ഈസ്റ്റർ ദിനത്തിൽ സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ട വീഡിയോയിൽ ദിവ്യ പറയുന്നു. ഈസ്റ്റർ ആശംസകൾ അറിയിച്ച് പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ താനും യേശുവിനെ പോലെ ക്രൂശിക്കപ്പെടുകയാണെന്ന സൂചനയാണ് ദിവ്യ നൽകുന്നത്. തന്നെയും കല്ലെറിഞ്ഞത് ഒപ്പമുണ്ടായിരുന്നവരാണെന്നും വീഡിയോയിൽ ദിവ്യ പറയുന്നുണ്ട്.
പാപം ചെയ്യാത്തവർ കല്ലെറിയട്ടെയെന്ന തലക്കെട്ടോടെയാണ് പിപി ദിവ്യ ഈസ്റ്റർ സന്ദേശമായി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എല്ലാവർക്കും ഈസ്റ്റർ ആശംസകൾ നേർന്നുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ക്രിസ്തുവിനെ കുരിശിലേറ്റിയത് നീതിമാനായതിനാലാണെന്ന് വീഡിയോയിൽ ദിവ്യ പറയുന്നു. സമൂഹത്തിൻറെ മനസ് എന്നും വേട്ടക്കാരൻറേതാണെന്നും പിപി ദിവ്യ വീഡിയോയിൽ പറയുന്നു.
പെസഹ വ്യാഴം, ദുഖവെള്ളി, ഈസ്റ്റർ എന്നിവ നമുക്ക് ചില സന്ദേശങ്ങളാണ് നൽകുന്നത്. തിന്മയുടെ മുകളിൽ നന്മയ്ക്കായിരിക്കുമെന്നാണ് ഈസ്റ്റർ ഓർമിപ്പിക്കുന്ന സന്ദേശം. നിസ്വാർത്ഥമായ മനുഷ്യർക്കായി ചോദ്യങ്ങൾ ഉന്നയിച്ചതിനാണ് യേശുവിന് കുരിശുമരണം വിധിച്ചത്. വാക്കിലോ പ്രവൃത്തിയിലോ മനോഭാവത്തിലോ തെറ്റ് ചെയ്യാത്തവനായിരുന്നു ഈശോ. എല്ലാവരുടെയും നന്മ മാത്രമാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്. പാപം ചെയ്യാത്തവർ കല്ലെറിയട്ടെയെന്ന് പറഞ്ഞ മനുഷ്യ സ്നേഹിയായിരുന്നു യേശു.