11:06am 09 November 2026
NEWS
യൂറോപ്യൻ രാജ്യങ്ങളിൽ വൈദ്യുതി വിതരണം നിലച്ചു; നേരിടുന്നത് വലിയ പ്രതിസന്ധി
29/04/2025  05:16 AM IST
nila
യൂറോപ്യൻ രാജ്യങ്ങളിൽ വൈദ്യുതി വിതരണം നിലച്ചു; നേരിടുന്നത് വലിയ പ്രതിസന്ധി

യൂറോപ്യൻ രാജ്യങ്ങളിൽ ​ഗുരുതര വൈദ്യുത പ്രതിസന്ധി. വൈദ്യുതി വിതരണം തടസ്സപ്പെട്ടതോടെ ജനങ്ങൾ ദുരിതത്തിലായി. സ്‌പെയിൻ, ഫ്രാൻസ്, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിലാണ് വൈദ്യുതിവിതരണം തടസ്സപ്പെട്ടത്. അതേസമയം, വൈ​ദ്യുതി വിതരണം നിലയ്ക്കാനുള്ള കാരണം എന്തെന്നത് സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. വൈദ്യതി തടസ്സപ്പെട്ടതിൻറെ കാരണം കണ്ടെത്താൻ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് അധികൃതർ പ്രതികരിച്ചു. 

വൈദ്യുതി തടസ്സം നേരിട്ടതോടെ സ്പെയിന്റെ തലസ്ഥാനമായ മാഡ്രിഡ് നഗരത്തിൽ വൻഗതാഗത കുരുക്കാണുണ്ടായത്. പോർച്ചുഗലിലും സ്ഥിതി സമാനമായിരുന്നു. പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിലും പോർട്ടോ നഗരത്തിലും മെട്രോ സർവീസ് നിശ്ചലമായി. ഇവിടെ ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടതായും റിപ്പോർട്ടുണ്ട്. സ്‌പെയിനിലും ട്രെയിൻ സർവീസുകൾ മുടങ്ങി. മാഡ്രിഡ് ഓപ്പൺ ടെന്നീസ് ടൂർണമെന്റും വൈദ്യുതി വിതരണ തടസ്സത്തെ തുടർന്ന് റദ്ദാക്കിയിട്ടുണ്ട്. സ്‌പെയിനിൽ ആറ് മുതൽ പത്തുമണിക്കൂർ വരെ സമയത്തിനുള്ളിൽ വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു.

വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്ന് സ്പാനിഷ് പവർ ഗ്രിഡ് ഓപ്പറേറ്റായ റെഡ് ഇലക്ട്രിക്ക അറിയിച്ചു. യൂറോപ്യൻ രാജ്യങ്ങളെയാണ് പ്രധാനമായും വൈദ്യുതി തടസ്സം ബാധിച്ചതെന്ന് ഇ-റീഡിസ് എന്ന സ്പാനിഷ് ഇലക്ട്രിസിറ്റി ഗ്രിഡ് മോണിറ്ററിങ് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. വൈ​ദ്യുതി വിതരണം നിലച്ച പശ്ചാത്തലത്തിൽ സ്പെയിൻ, പോർച്ചുഗൽ സർക്കാരുകൾ അടിയന്തര കാബിനറ്റ് യോഗങ്ങൾ വിളിച്ചുചേർത്ത് സ്ഥിതി​ഗതികൾ വിലയിരുത്തി.

സ്‌പെയിൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിൽ വൈദ്യുതി തടസ്സമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. അതേസമയം, തെക്കുകിഴക്കൻ ഫ്രാൻസിലെ അലാറിക് മലനിരകളിലുണ്ടായ തീപ്പിടിത്തം മൂലം ഉയർന്ന വോൾട്ടേജിലുള്ള പവർ കേബിൾ തകർന്നതാണ് ഫ്രാൻസിൽ വൈദ്യുതി വിതരണം തടസ്സപ്പെടാൻ കാരണമായതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img