
ദോഹ: പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഇന്റർനാഷണൽ ഖത്തർ റീജിയൻ അതിന്റെ ഇരുപതാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഫോക്കസ് ദോഹ ഡിവിഷന്റെ നേതൃത്വത്തിൽ പവർ ബി ഐ ട്രൈനിംഗ് സെഷൻ സംഘടിപ്പിച്ചു. അബൂഹമൂറിലെ ഐ സി സി മുംബൈ ഹാളിൽ വെച്ച് നടന്ന സെഷന് മൈക്രോസോഫ്റ്റ് സർട്ടിഫൈഡ് ട്രൈനറും ഐ ടി വിദഗ്ധനുമായ മുഹമ്മദ് അഷ്റഫ് ടി പി നേതൃത്വം നൽകി.
ബിസിനസ്, ഫൈനാൻസ്, അക്കൗണ്ടിംഗ്, എഡ്യൂക്കേഷൻ, ഹെൽത്ത് കെയർ, മാർക്കറ്റിംഗ് തുടങ്ങി വിവിധ മേഖലകളിൽ തൊഴിൽ ചെയ്യുന്നവർ പവർ ബി ഐ പോലുള്ള ടൂളുകൾ അറിഞ്ഞിരിക്കണം എന്ന് അദ്ദേഹം പറഞ്ഞു.
തൊഴിൽ രംഗത്ത് വലിയ വിപ്ലവം സൃഷ്ടിച്ച മൈക്രോസോഫ്റ്റിന്റെ ഡാറ്റാ അനാലിസിസ് & പ്രസന്റേഷൻ ടൂൾ ആയ പവർ ബി ഐയെക്കുറിച്ച് മനസ്സിലാക്കാനും അതുവഴി കരിയറിൽ മുന്നേറാനും ആഗ്രഹിക്കുന്ന മുഴുവൻ ആളുകളും ഈ ടൂൾ പഠിക്കാൻ സമയം കണ്ടെത്തുന്നത് ഭാവിയിലേക്കുള്ള മുതൽക്കൂട്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ട്രൈനർ മുഹമ്മദ് അഷ്റഫ് ടി പി ക്കുള്ള ഉപഹാരം സി ഇ ഒ ഹാരിസ് പി ടി കൈമാറി.
ഫോക്കസ് ദോഹ ഡിവിഷൻ ഡയറക്ടർ ഹസീബ് ഹംസ അധ്യക്ഷത വഹിച്ച പരിപാടിക്ക് മിറാസ് പുളിക്കയത്ത്, ആസിഫ് വി മുഹമ്മദ്, മുഹമ്മദ് റാഫി, മിറാജുദ്ദീൻ, ഹമദ് ബിൻ സിദ്ധീഖ്, ഷംവിൽ ഏലംകുഴി എന്നിവർ നേതൃത്വം നൽകി.











