
ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) സംഘടിപ്പിച്ച ‘പൗഷാലി ഹാട്ട് – വെഡ്നസ്‌ഡേ ഫിയസ്റ്റ’ ഇന്ത്യൻ സംസ്കാരത്തിന്റെ നിറവാർന്ന ആഘോഷമായി. വിളവെടുപ്പ് കാലത്തിന്റെ ഉഷ്മളത ആഘോഷിക്കുന്നതിനൊപ്പം, ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം പ്രതി ഫലിപ്പിച്ച പരിപാടി ജനപങ്കാളിത്തം നേടി.
പരമ്പരാഗത ഇന്ത്യൻ വിഭവങ്ങളും മധുരപലഹാരങ്ങളും, പശ്ചിമ ബംഗാളിന്റെ നാടോടി നൃത്തങ്ങളും ഗാനങ്ങളും ഉൾപ്പെടുത്തിയ സാംസ്‌കാരിക അവതരണങ്ങൾ പരിപാടിക്ക് നിറപ്പകിട്ടേകി.ഐ സി സി അശോക ഹാളിൽ നടന്ന ചടങ്ങിൽ
ഐസിസി പ്രസിഡന്റ് എ. പി. മണികണ്ഠൻ അതിഥികളെയും വിശിഷ്ട വ്യക്തികളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്തു.
പരിപാടിയുടെ മുഖ്യാതിഥിയായ അപരാജിത സാരംഗി എം പി ഇന്ത്യൻ സമൂഹത്തിനിടയിൽ ഇന്ത്യയുടെ വൈവിധ്യമാർന്ന സാംസ്‌കാരിക പാരമ്പര്യങ്ങൾ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.
ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യൻ കൾച്ചറൽ സെന്റർ തുടർച്ചയായി നടത്തുന്ന സാംസ്‌കാരിക ഐക്യവും സമൂഹബന്ധവും ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
പരിപാടിയിൽ ഡോ. വൈഭവ് എ. തണ്ടാലെ (കൗൺസിലർ – HoC, ഇന്ത്യൻ എംബസി), ജ്ഞാൻവീർ സിംഗ് (കൗൺസിലർ), ബിന്ദു എൻ. നായർ (സെക്കൻഡ് സെക്രട്ടറി), ഷാനവാസ് ബാവ (പ്രസിഡന്റ് – ICBF), പി. എൻ. ബാബു രാജൻ (ചെയർമാൻ – ഐസിസി അഡ്വൈസറി കൗൺസിൽ), ശാന്തനു ദേശ്പാണ്ഡെ (വൈസ് പ്രസിഡന്റ് – ഐസിസി), അബ്രഹാം കെ. ജോസഫ് (ജനറൽ സെക്രട്ടറി – ഐസിസി), അനുബന്ധ സംഘടനകളുടെ പ്രസിഡന്റുമാർ, മുതിർന്ന കമ്മ്യൂണിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.











