03:31pm 11 November 2026
NEWS
​ശബരിമല സ്വർണ്ണക്കൊള്ള: ഉന്നതർ അകത്താകും; സ്വർണ്ണം വീതിച്ച് നൽകിയെന്ന് പോറ്റി, 14 ദിവസം കസ്റ്റഡിയിൽ; 'എന്നെ കുടുക്കിയവർ നിയമത്തിന് മുന്നിൽ വരും': പോറ്റി
18/10/2025  07:45 AM IST
സുരേഷ് വണ്ടന്നൂർ
​ശബരിമല സ്വർണ്ണക്കൊള്ള: ഉന്നതർ അകത്താകും; സ്വർണ്ണം വീതിച്ച് നൽകിയെന്ന് പോറ്റി, 14 ദിവസം കസ്റ്റഡിയിൽ; എന്നെ കുടുക്കിയവർ നിയമത്തിന് മുന്നിൽ വരും: പോറ്റി

​തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപ്പങ്ങളിലെയും വാതിൽപ്പടിയിലെയും കിലോക്കണക്കിന് സ്വർണ്ണം കൊള്ളയടിച്ച കേസിൽ വൻ വഴിത്തിരിവ്. സ്വർണ്ണം ദേവസ്വം ഉദ്യോഗസ്ഥർക്ക് വീതിച്ചുനൽകിയെന്നടക്കം നിർണ്ണായക വിവരങ്ങൾ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ഇതോടെ ദേവസ്വം ഉന്നതർ അടക്കമുള്ളവരെ ക്രൈംബ്രാഞ്ച് ഉടൻ ചോദ്യം ചെയ്യും.
​അറസ്റ്റിലായ പോറ്റിയെ ഇന്നലെ റാന്നി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ട പോറ്റിയെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യുകയാണ്. കോടതിയിലേക്ക് കൊണ്ടുപോകുമ്പോൾ "എന്നെ കുടുക്കിയവർ നിയമത്തിന് മുന്നിൽ വരും" എന്നായിരുന്നു മാദ്ധ്യമങ്ങളോടുള്ള പോറ്റിയുടെ പ്രതികരണം.

​ഉന്നതരുടെ അറിവോടെ, വ്യാജരേഖകൾ; തെളിവുകൾ കിട്ടി

​ദേവസ്വത്തിലെ ഉന്നതരുടെ അറിവോടും സമ്മതത്തോടും കൂടിയാണ് സ്വർണ്ണം കവർന്നതെന്നാണ് പോറ്റിയുടെ മൊഴി. ഇതിനായുള്ള തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു. സ്വർണ്ണപ്പാളികൾ പോറ്റിക്ക് കൈമാറാൻ വ്യാജരേഖ ചമച്ചതടക്കം ഗുരുതര കുറ്റകൃത്യങ്ങളുടെ തെളിവുകളാണിത്. ചെമ്പാണെന്ന് രേഖ ചമച്ച അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെയും ഉടൻ അറസ്റ്റ് ചെയ്തേക്കും.
​സ്വർണ്ണപ്പാളികൾ ബംഗളൂരുവിലേക്കും പിന്നീട് ചെന്നൈയിലേക്കും കൊണ്ടുപോയതിൽ പങ്കുള്ള പോറ്റിയുടെ കൂട്ടാളി കൽപ്പേഷിന് ഹാജരാവാൻ നോട്ടീസ് നൽകിയിട്ടുണ്ട്. കേസിൽ 9 ഉദ്യോഗസ്ഥരെയാണ് പ്രതികളാക്കിയിരിക്കുന്നത്. പോറ്റിയുമായി ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തും.

​കട്ടിളപ്പാളിയിലെ കവർച്ചയിലും നടപടി പിന്നാലെ

​കട്ടിളപ്പാളിയിലെ സ്വർണ്ണം കവർന്നതിനുള്ള രണ്ടാമത്തെ കേസിലും നടപടി ഉടൻ വരും. ഈ കേസിൽ ബോർഡ് ഭരണസമിതി എട്ടാം പ്രതിസ്ഥാനത്താണ്. ഈ കേസിൽ പോറ്റിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

​ഗൂഢാലോചനയിൽ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസും

​ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണ്ണം വേർതിരിച്ചുനൽകിയ ചെന്നൈയിലെ 'സ്മാർട്ട് ക്രിയേഷൻസി'ന്റെ പങ്കും വിശദമായി അന്വേഷിക്കുന്നു. ഗൂഢാലോചനയിൽ ഇവർക്കും പങ്കുണ്ടെന്നാണ് നിഗമനം.​സ്ഥാപനത്തിലെ സി.ഇ.ഒ പങ്കജ് ഭണ്ഡാരിയും പോറ്റിയുടെ സ്പോൺസർമാരിലൊരാളായ നാഗേഷും തമ്മിലുള്ള ബന്ധം അന്വേഷണപരിധിയിലാണ്. നാഗേഷിനെയും ചോദ്യംചെയ്യും. ​അന്വേഷണം ആരംഭിച്ച ശേഷം പോറ്റി ചെന്നൈയിലെത്തി ഭണ്ഡാരിയെ കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പോറ്റി ദേവസ്വം വിജിലൻസിന് മൊഴി നൽകാനെത്തിയത്. സ്വർണ്ണം വേർതിരിക്കാൻ മഹാരാഷ്ട്രയിൽ നിന്ന് വിദഗ്ദ്ധനെ എത്തിച്ചതും വേർതിരിച്ച സ്വർണ്ണം പോറ്റിക്ക് കൈമാറിയതും അന്വേഷിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img