12:21pm 06 November 2026
NEWS
ചാലക്കുടി ബാങ്ക് കവർച്ച നടത്തിയ റിജോ ആൻ്റണി നയിച്ചത് ആഡംബര ജീവിതം
17/02/2025  09:12 AM IST
nila
ചാലക്കുടി ബാങ്ക് കവർച്ച നടത്തിയ റിജോ ആൻ്റണി നയിച്ചത് ആഡംബര ജീവിതം

ചാലക്കുടി: പോട്ട ഫെഡറൽ ബാങ്കിൽ പട്ടാപ്പകൽ കത്തി കാട്ടി 15 ലക്ഷം രൂപ കവർന്ന റിജോ ആന്റണി നയിച്ചിരുന്നത് ആഡംബര ജീവിതമെന്ന് പൊലീസ്. ഇയാൾ മുമ്പ് ​ഗൾഫിലായിരുന്നു. ഭാര്യ വിദേശത്ത് നഴ്സാണ്. ഇയാൾ വിദേശത്ത് നിന്നും തിരിച്ചെത്തിയതിന് ശേഷം കോടികൾ ചിലവഴിച്ച് വീട് നിർമ്മിച്ചിരുന്നു. ഇതിന് പുറമേ മുന്തിയ ബാറുകളിലെ മദ്യപാനം കൂടിയായതോടെ സാമ്പത്തിക പ്രതിസന്ധിയായി. പലരിൽ നിന്നും പണം കടംവാങ്ങിയിരുന്നു. ഭാര്യ വിദേശത്ത് നിന്നെത്തുന്നതിന് മുമ്പ് കടം തീർക്കാനായി കണ്ടെത്തിയ മാർ​ഗമായിരുന്നു ബാങ്ക് കൊള്ള.

ഇന്നലെ രാത്രിയിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. പൊലീസ് പിടികൂടിയതോടെ ഇയാൾ കുറ്റം സമ്മതിച്ചു. അതേസമയം പല മൊഴികളിലും വൈരുദ്ധ്യമുണ്ട്. അതുകൊണ്ട് തന്നെ വിശദമായ ചോദ്യം ചെയ്യലിനൊരുങ്ങുകയാണ് പൊലീസ്. ഒരിക്കലും പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു റിജോ ആന്റണി. 

ബാങ്ക് കൊള്ളയടിക്കാൻ പ്രതി റിജോ ആൻ്റണി നടത്തിയത് വൻ ആസൂത്രണമെന്നാണ് പൊലീസ് പറയുന്നത്. ആഴ്ചകൾക്കുമുൻപേ ഇതിൻ്റെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ശരീരം മുഴുവൻ മൂടുന്നരീതിയിലുള്ള വസ്ത്രം ധരിക്കാനും വാഹനം തിരിച്ചറിയാതിരിക്കാനും മുൻകരുതലെടുത്തതിനും പുറമേ മറ്റു നിരവധി കാര്യങ്ങളും ഇയാൾ ശ്രദ്ധിച്ചിരുന്നു.

മോഷണം നടത്തുന്നതിന് നാലുദിവസം മുൻപ് ഇയാൾ ബാങ്കിലെത്തി. കാലാവധി കഴിഞ്ഞ എ.ടി.എം. കാർഡുമായിട്ടാണ് വന്നത്. ഈ കാർഡുപയോഗിച്ച് പണം പിൻവലിക്കാനാകുന്നില്ലെന്ന് പരാതി പറയാനെന്ന മട്ടിലെത്തി ചുറ്റുപാടുകൾ നിരീക്ഷിച്ചു. ആളുകൾ ഏറ്റവും കുറച്ചുണ്ടാകുന്ന സമയവും നിരീക്ഷിച്ചു. ബാങ്കിന് തൊട്ടടുത്ത പോട്ട പള്ളിയിൽ രണ്ടാംവെള്ളിയാഴ്ചയും മൂന്നാം വെള്ളിയാഴ്ചയും കുർബാനയില്ലെന്നതും കണക്കിലെടുത്തു.

ബാങ്കിലെത്തി മൂന്നു മിനിറ്റുകൊണ്ടാണ് ഇയാൾ മോഷണം പൂർത്തിയാക്കിയത്. 47 ലക്ഷം രൂപയിൽ 15 ലക്ഷം രൂപമാത്രമെ ഇയാൾ എടുത്തിരുന്നുള്ളു. ഇയാൾ മുറിയിൽ പൂട്ടിയിട്ട ബാങ്ക് ജീവനക്കാർ ഫോൺ ചെയ്യുന്നതും മറ്റും കേട്ടതോടെയാണ് പണം മുഴുവൻ മോഷ്ടിക്കാഞ്ഞത് എന്നാണ് പോലീസ് പറയുന്നത്. മോഷണത്തിനായി വീട്ടിൽനിന്നിറങ്ങി തിരിച്ച് വീട്ടിലെത്തുന്നതുവരെ മൂന്നിടത്തുനിന്ന് വസ്ത്രം മാറുമ്പോഴും സി.സി.ടി.വി. ക്യാമറ ഇല്ലെന്ന് ഉറപ്പാക്കി. ഗ്ലൗസ് വരെ മാറ്റുകയും ചെയ്തു.

മോഷണത്തിനുശേഷം ഇട റോഡുകളിലൂടെയും റോഡുമാറിയുമെല്ലാം സഞ്ചരിച്ച് പോലീസിനെ ആശയക്കുഴപ്പത്തിലാക്കാൻ ശ്രമിച്ചു. മോഷണസമയത്ത് ഹിന്ദിയാണ് ഇയാൾ സംസാരിച്ചിരുന്നതും. പിടിയിലാകില്ലെന്ന ആത്മ വിശ്വാസത്തിലായിരുന്നു പ്രതി. മോഷണം സംബന്ധിച്ച വാർത്തകളെല്ലാം ഫോണിലൂടെ ഇയാൾ അറിയുന്നുണ്ടായിരുന്നു. വീടുവിട്ട് പോയില്ല. പൊലീസ് തേടിയെത്തിയപ്പോൾ പ്രതിക്ക് അതുവലിയ ആഘാതമായി. പ്രതിബന്ധങ്ങളെല്ലാം തട്ടിമാറ്റി പ്രതിയിലേക്ക് എത്താനായത് പൊലിസിന് വൻ നേട്ടവുമായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img