09:42am 12 November 2026
NEWS
‘പോറ്റിയെ കേറ്റിയെ’ കേസായി; ആകെ നാലു പ്രതികൾ; ശബരിമല സ്വർണക്കൊള്ള വിവാദം പുതിയ തലത്തിലേക്ക്
18/12/2025  05:25 AM IST
nila
‘പോറ്റിയെ കേറ്റിയെ’ കേസായി; ആകെ നാലു പ്രതികൾ; ശബരിമല സ്വർണക്കൊള്ള വിവാദം പുതിയ തലത്തിലേക്ക്

തിരുവനന്തപുരം: പോറ്റിയെ കേറ്റിയെ എന്ന പാരഡി​ഗാനത്തിനെതിരെ കേസെടുത്തതോടെ ശബരിമല സ്വർണക്കൊള്ള വിവാദം പുതിയ തലത്തിലേക്ക്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എഴുതിയ പാട്ടാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഉപയോ​ഗിച്ചത്. എന്നാൽ, മതവികാരം വ്രണപ്പെടുത്തിയെന്നും സമൂഹത്തിൽ സമാധാന ലംഘനം ഉണ്ടാക്കാൻ ശ്രമിച്ചെന്നും ഉൾപ്പെടെയുള്ള ​ഗുരുതര ആരോപണങ്ങളാണ് പാട്ടിന്റെ അണിയറ പ്രവർത്തകർക്കുനേരേ ഉയരുന്നത്. 

ഗാനം ആലപിച്ചയാളെയും രചയിതാവിനെയും ഉൾപ്പെടെ പാരഡി പാട്ട് തയ്യാറാക്കാനും പ്രചരിപ്പിക്കാനും പങ്കെടുത്ത മുഴുവൻ ആളുകളെയും പ്രതി ചേർത്തതാണ് കേസിന്റെ പ്രധാന സവിശേഷത. എഫ്‌ഐആറിൽ നാല് പ്രതികളാണുള്ളത്. ഒന്നാം പ്രതിയായി കുഞ്ഞുപിള്ളയെയും, ഗാനം ആലപിച്ച ഡാനിഷ് മലപ്പുറത്തെയും, സിഎംഎസ് മീഡിയയെയും, സുബൈർ പന്തല്ലൂരിനെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗുരുതരമായ ആരോപണങ്ങളാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം സിറ്റി സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബിഎൻഎസ് 299, 353(1)(c) വകുപ്പുകൾ ചുമത്തി മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

തിരുവാഭരണ പാത സംരക്ഷണ സമിതി നേതാവും റാന്നി സ്വദേശിയുമായ പ്രസാദ് കുഴിക്കാല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഡിജിപിക്ക് നൽകിയ പരാതിയാണ് തുടർനടപടികൾക്ക് വഴിവെച്ചത്. ഡിജിപി പരാതി എഡിജിപിക്ക് കൈമാറുകയും, തുടർന്ന് എഡിജിപി സിറ്റി സൈബർ പോലീസിന് കൈമാറുകയും ചെയ്തു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം കേസെടുക്കാൻ നിർദേശം നൽകുകയായിരുന്നു.

എഫ്‌ഐആർ പ്രകാരം, പ്രതികൾ സാമൂഹികമാധ്യമങ്ങളിലൂടെയും പൊതുഇടങ്ങളിലൂടെയും വിശ്വാസിസമൂഹത്തിന്റെ മതവികാരം അപമാനിക്കുന്നതും, മതവൈരാഗ്യം വളർത്തുന്നതും ലക്ഷ്യമിട്ടാണ് പാട്ട് തയ്യാറാക്കി പ്രചരിപ്പിച്ചത്. അയ്യപ്പഭക്തിഗാനത്തെയും ശരണമന്ത്രത്തെയും അവഹേളിക്കുന്ന രീതിയിൽ വരികൾ എഴുതിയതിലൂടെ വിശ്വാസികൾക്കിടയിൽ വിദ്വേഷവും അസ്വസ്ഥതയും സൃഷ്ടിക്കണമെന്ന ഉദ്ദേശ്യം ഉണ്ടായിരുന്നുവെന്നുമാണ് പരാതിയിലെ ആരോപണം.

സമൂഹത്തിൽ സമാധാനലംഘനം ഉണ്ടാക്കാനുള്ള മനപ്പൂർവ ശ്രമമായാണ് ‘പോറ്റിയെ കേറ്റിയെ’ എന്ന പാട്ടിന്റെ നിർമ്മാണവും പ്രചാരണവും പോലീസ് വിലയിരുത്തുന്നത്. നവമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചതിന് ശേഷമാണ് ഹിന്ദുമത വിശ്വാസിയും അയ്യപ്പഭക്തനുമായ പരാതിക്കാരൻ പോലീസിനെ സമീപിച്ചതെന്നും എഫ്‌ഐആറിൽ വ്യക്തമാക്കുന്നു.

കേസിന്റെ ഭാഗമായി പ്രതികളെ അടുത്ത ദിവസങ്ങളിൽ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്താനാണ് തീരുമാനം. പാട്ട് എഴുതപ്പെട്ട സാഹചര്യം, നിർമ്മാണം, ചിത്രീകരണം, പ്രചാരണ മാർഗങ്ങൾ എന്നിവ വിശദമായി പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നാണ് പോലീസ് സൂചന.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img