
ദോഹ: പ്രസവ ശേഷം അമ്മമാർക്കും നവജാതശിശുക്കൾക്കും ആവശ്യമായ പരിചരണവും പിന്തുണയും വീടുകളിൽ നേരിട്ടെത്തിക്കുന്നതിനായി പുതിയ സേവനത്തിന് തുടക്കമിട്ട് സിദ്ര മെഡിസിൻ. 'വിമൻസ് പ്രൈവറ്റ് ഹോം വിസിറ്റ്സ്: മിഡ്‌വൈഫറി കെയർ' (Women’s Private Home Visits: Midwifery Care) എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ, ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷമുള്ള ആഴ്ചകളിൽ പരിചയസമ്പന്നരായ മിഡ്‌വൈഫുമാരുടെ സേവനം വീടുകളിൽ ലഭ്യമാക്കും.
പ്രസവാനന്തരം അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ ഉണ്ടാകാൻ സാധ്യതയേറിയ ആദ്യ ആഴ്ചകളിൽ അവർക്ക് പൂർണ്ണ പിന്തുണ ഉറപ്പാക്കുകയാണ് ഖത്തർ ഫൗണ്ടേഷൻ അംഗമായ സിദ്ര മെഡിസിൻ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.അമ്മയുടെ ശാരീരിക വീണ്ടെടുപ്പ്, മുലയൂട്ടൽ സഹായം, നവജാതശിശു പരിപാലനം, വൈകാരിക പിന്തുണ എന്നിവ മിഡ്‌വൈഫുമാർ നേരിട്ടെത്തി ഉറപ്പുവരുത്തും.പ്രസവാനന്തര ആരോഗ്യപ്രശ്നങ്ങളോ സങ്കീർണ്ണതകളോ ഉണ്ടാകാനുള്ള സാധ്യത മുൻകൂട്ടി തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സ ഉറപ്പാക്കും.പ്രസവ ശേഷം ഇടയ്ക്കിടെ ആശുപത്രി സന്ദർശിക്കുന്നതിന്റെ അസൗകര്യങ്ങളും പ്രയാസങ്ങളും ഒഴിവാക്കാൻ ഈ ഗൃഹസന്ദർശനം സഹായിക്കും.
പ്രസവത്തിന് ശേഷമുള്ള ആദ്യ ആഴ്ചകൾ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിൽ നിർണ്ണായക പങ്കാണ് വഹിക്കുന്നതെന്നും, ആശുപത്രിയിൽ നൽകുന്ന അതേ ഗുണനിലവാരമുള്ള ചികിത്സയും കരുതലും വീടുകളിലും ഉറപ്പാക്കാനാണ് ഈ പദ്ധതിയെന്ന് സിദ്ര മെഡിസിൻ അധികൃതർ വ്യക്തമാക്കി.
സിദ്ര മെഡിസിനിൽ പ്രസവം പൂർത്തിയാക്കുന്നവർക്ക് മെഡിക്കൽ പരിശോധനകൾക്കും വിലയിരുത്തലുകൾക്കും ശേഷം ഈ സ്വകാര്യ സേവനം പ്രയോജനപ്പെടുത്താം.










