01:24pm 06 August 2026
NEWS
പ്രസവാനന്തര പരിചരണം ഇനി വീടുകളിലെത്തും: പുതിയ പദ്ധതിയുമായി സിദ്ര മെഡിസിൻ
06/08/2026  11:14 AM IST
nila
പ്രസവാനന്തര പരിചരണം ഇനി വീടുകളിലെത്തും: പുതിയ പദ്ധതിയുമായി സിദ്ര മെഡിസിൻ

​ദോഹ: പ്രസവ ശേഷം അമ്മമാർക്കും നവജാതശിശുക്കൾക്കും ആവശ്യമായ പരിചരണവും പിന്തുണയും വീടുകളിൽ നേരിട്ടെത്തിക്കുന്നതിനായി പുതിയ സേവനത്തിന് തുടക്കമിട്ട് സിദ്ര മെഡിസിൻ. 'വിമൻസ് പ്രൈവറ്റ് ഹോം വിസിറ്റ്സ്: മിഡ്‌വൈഫറി കെയർ' (Women’s Private Home Visits: Midwifery Care) എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ, ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷമുള്ള ആഴ്ചകളിൽ പരിചയസമ്പന്നരായ മിഡ്‌വൈഫുമാരുടെ സേവനം വീടുകളിൽ ലഭ്യമാക്കും.
​പ്രസവാനന്തരം അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ ഉണ്ടാകാൻ സാധ്യതയേറിയ ആദ്യ ആഴ്ചകളിൽ അവർക്ക് പൂർണ്ണ പിന്തുണ ഉറപ്പാക്കുകയാണ് ഖത്തർ ഫൗണ്ടേഷൻ അംഗമായ സിദ്ര മെഡിസിൻ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.അമ്മയുടെ ശാരീരിക വീണ്ടെടുപ്പ്, മുലയൂട്ടൽ സഹായം, നവജാതശിശു പരിപാലനം, വൈകാരിക പിന്തുണ എന്നിവ മിഡ്‌വൈഫുമാർ നേരിട്ടെത്തി ഉറപ്പുവരുത്തും.പ്രസവാനന്തര ആരോഗ്യപ്രശ്നങ്ങളോ സങ്കീർണ്ണതകളോ ഉണ്ടാകാനുള്ള സാധ്യത മുൻകൂട്ടി തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സ ഉറപ്പാക്കും.പ്രസവ ശേഷം ഇടയ്ക്കിടെ ആശുപത്രി സന്ദർശിക്കുന്നതിന്റെ അസൗകര്യങ്ങളും പ്രയാസങ്ങളും ഒഴിവാക്കാൻ ഈ ഗൃഹസന്ദർശനം സഹായിക്കും.
​പ്രസവത്തിന് ശേഷമുള്ള ആദ്യ ആഴ്ചകൾ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിൽ നിർണ്ണായക പങ്കാണ് വഹിക്കുന്നതെന്നും, ആശുപത്രിയിൽ നൽകുന്ന അതേ ഗുണനിലവാരമുള്ള ചികിത്സയും കരുതലും വീടുകളിലും ഉറപ്പാക്കാനാണ് ഈ പദ്ധതിയെന്ന് സിദ്ര മെഡിസിൻ അധികൃതർ വ്യക്തമാക്കി.
​സിദ്ര മെഡിസിനിൽ പ്രസവം പൂർത്തിയാക്കുന്നവർക്ക് മെഡിക്കൽ പരിശോധനകൾക്കും വിലയിരുത്തലുകൾക്കും ശേഷം ഈ സ്വകാര്യ സേവനം പ്രയോജനപ്പെടുത്താം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img