12:00am 13 November 2026
NEWS
ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് ജാഥയുടെ പോസ്റ്റർ; വിവാദം കത്തുന്നു
13/02/2026  06:52 AM IST
nila
 ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് ജാഥയുടെ പോസ്റ്റർ; വിവാദം കത്തുന്നു

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് ജാഥയുടെ പോസ്റ്റർ പതിപ്പിച്ച സംഭവം വിവാദമാകുന്നു. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി നയിക്കുന്ന മധ്യമേഖലാ ജാഥയുടെ പോസ്റ്ററാണ് പുതുപ്പള്ളി പള്ളിയിലെ കല്ലറയിൽ പതിപ്പിക്കപ്പെട്ടത്. സംഭവം പുറത്തുവന്നതോടെ ശക്തമായി പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ രം​ഗത്തെത്തി. 

ഉമ്മൻ ചാണ്ടിയുടെ സ്മരണയെ അവമതിച്ചതാണെന്നാരോപിച്ച് ജോസ് കെ. മാണി ഖേദം പ്രകടിപ്പിക്കണമെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ആവശ്യപ്പെട്ടു. അതേസമയം, കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പുതുപ്പള്ളി ലോക്കൽ കമ്മിറ്റി പൊലീസിൽ പരാതി നൽകി.

അതേസമയം, സംഭവത്തിന് പിന്നിൽ മനോവൈകല്യമുള്ള വ്യക്തിയാണെന്ന് കേരള കോൺഗ്രസ് (എം) പ്രാദേശിക നേതൃത്വം വിശദീകരിച്ചു. പോസ്റ്റർ പതിപ്പിച്ചതിന് പിന്നാലെ പള്ളിയുമായി ബന്ധപ്പെട്ടവർ അത് ഉടൻ നീക്കം ചെയ്തതായും അവർ അറിയിച്ചു.

കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം നടന്നത്. കല്ലറയിൽ പോസ്റ്റർ പതിപ്പിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിഷയം രാഷ്ട്രീയ ചർച്ചയാകുന്നത്. നാട്ടകം സുരേഷ് ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾ ചിത്രം പങ്കുവച്ച് പ്രതിഷേധം രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img