
ലൈംഗിക പീഡനവിവാദത്തിൽപെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ച യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ അധ്യക്ഷനെതിരെ പോസ്റ്റർ. ശ്രീകണ്ഠപുരം നഗരസഭ കൗൺസിലർ കൂടിയായ വിജിൽ മോഹനനെതിരെയാണ് ശ്രീകണ്ഠപുരം പൊടിക്കളത്ത് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. പീഡന വീരനെ താങ്ങുന്നവനെ സൂക്ഷിക്കുക എന്നതുൾപ്പെടെയുള്ള വാചകങ്ങളാണ് പോസ്റ്ററിലുള്ളത്.
വിജിൽ പ്രതിനിധാനം ചെയ്യുന്ന വാർഡിലെ എല്ലാ ഇലക്ട്രിക് പോസ്റ്റിലും പോസ്റ്റർ പതിച്ചിട്ടുണ്ട്. അതേസമയം, പോസ്റ്ററിന് പിന്നിൽ ഡിവൈഎഫ്ഐയാണെന്ന് വിജിൽ ആരോപിക്കുന്നു. സിപിഎമ്മിൻ്റെ കുത്തക വാർഡിൽ ജയിച്ചത് മുതൽ തുടങ്ങിയ അക്രമമാണെന്നും വിജിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നിയമസഭയിലേക്ക് അനുഗമിച്ചതിൽ കടുത്ത വിമർശനം നേരിടുന്ന യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ നേമം ഷജീറിനെ പിന്തുണച്ച് വിജിൽ മോഹനൻ രംഗത്തെത്തിയിരുന്നു. 'ഹൂ കെയേർസ്' എന്ന അടിക്കുറിപ്പോടെ നേമം ഷജീറിനൊപ്പമുള്ള ചിത്രം വിജിൽ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഷജീറിനെതിരെ വിമർശനം ശക്തമാകുന്നതിനിടെയായിരുന്നു പിന്തുണ നൽകിക്കൊണ്ടുള്ള പോസ്റ്റ്.











