
ന്യൂഡൽഹി: ചീഫ് ജസ്റ്റിസിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് കേരളഘടകത്തിന്റെ (കെ.പി.സി.സി) ഔദ്യോഗിക എക്സ് (ട്വിറ്റർ) പേജിൽ പോസ്റ്റ് വന്ന സംഭവത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി. കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് അടക്കമുള്ള മുഴുവൻ ഭാരവാഹികളും വിശദീകരണം നൽകണമെന്ന് കോടതി ഉത്തരവിട്ടു. ഇതിനായി എല്ലാ ഭാരവാഹികൾക്കും കോടതിയലക്ഷ്യ നോട്ടീസ് അയക്കാൻ ബെഞ്ച് നിർദ്ദേശം നൽകി.
കോടതിയുടെ അധികാരത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന ഒരു നീക്കവും വെച്ചുപൊറുപ്പിക്കില്ലെന്ന് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, വിപുൽ എം. പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കോടതിയുടെ സംയമനത്തെ ബലഹീനതയായി തെറ്റിദ്ധരിക്കരുതെന്നും കോടതി മുന്നറിയിപ്പ് നൽകി.
മാപ്പപേക്ഷ അംഗീകരിക്കാതെ കോടതി
കെ.പി.സി.സിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എം.ആർ. രമേഷ് ബാബു കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞെങ്കിലും ബെഞ്ച് അത് അംഗീകരിച്ചില്ല. മാപ്പ് ഹൃദയത്തിൽ നിന്നാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പോസ്റ്റിട്ടയാളെ ഡിജിറ്റൽ മീഡിയ സെല്ലിൽ നിന്ന് പുറത്താക്കിയെന്നും, ഇത് കെ.പി.സി.സിയുടെ അറിവോടെയല്ലെന്നും അഭിഭാഷകൻ വാദിച്ചു. സംഘടനയിൽ 70-ലേറെ ഭാരവാഹികളുണ്ടെന്ന വാദത്തിന്, "അതൊന്നും പുത്തരിയല്ല, എല്ലാവരും മറുപടി നൽകണം" എന്നായിരുന്നു കോടതിയുടെ കർശന മറുപടി.
നിയമവാഴ്ചയാണ് പരമോന്നതം
വ്യക്തിയോ സ്ഥാപനമോ രാഷ്ട്രീയ സംഘടനയോ ഭരണഘടനയ്ക്ക് മുകളിലല്ലെന്ന് സുപ്രീംകോടതി ഓർമ്മിപ്പിച്ചു.
സുപ്രീംകോടതിക്ക് രാഷ്ട്രീയ പിന്തുണയോ മറ്റ് അംഗീകാരങ്ങളോ ആവശ്യമില്ല. ഭരണഘടനയിലും നിയമവാഴ്ചയിലുമാണ് കോടതിയുടെ അടിത്തറ.
കോടതി വിധികളെ വിമർശനങ്ങൾക്ക് വിധേയമാക്കാം. എന്നാൽ ഭീഷണിപ്പെടുത്തുന്നതിനോ നീതിനിർവഹണ പ്രക്രിയയിൽ ഇടപെടുന്നതിനോ ഉള്ള മറയായി അഭിപ്രായസ്വാതന്ത്ര്യത്തെ ഉപയോഗിക്കാൻ അനുവദിക്കില്ല.
ഉന്നത പദവിയിലിരിക്കുന്നവരായാലും ശരി, നീതിയുടെ ഒഴുക്കിനെ തടസ്സപ്പെടുത്താൻ ശ്രമിച്ചാൽ നിയമം അതിന്റെ വഴിക്ക് നീങ്ങും.
വിഷയത്തിൽ കോടതിയെ സഹായിക്കാൻ അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിയെ ചുമതലപ്പെടുത്തി. കൂടാതെ, അഭിഭാഷകരായ അരവിന്ദ് ദത്താർ, ഗൗരവ് അഗർവാൾ എന്നിവരെ അമിക്കസ് ക്യൂറിയായും നിയമിച്ചു. വിനീത് ജിൻഡൽ, ശ്രീജേഷ് എസ്.ആർ എന്നിവർ നൽകിയ ഹർജികളിലാണ് നടപടി. കേസ് ഡിസംബർ 15-ലേക്ക് വീണ്ടും പരിഗണിക്കാൻ മാറ്റി. കഴിഞ്ഞ ഒക്ടോബർ 12 നായിരുന്നു വിവാദമായ പോസ്റ്റ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.










