06:57pm 23 November 2026
NEWS
വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവർ ജാഗ്രതൈ! സ്വകാര്യ സന്ദേശങ്ങൾ ചോർത്താൻ സാധ്യത; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
23/11/2026  06:29 PM IST
nila
വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവർ ജാഗ്രതൈ! സ്വകാര്യ സന്ദേശങ്ങൾ ചോർത്താൻ സാധ്യത; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ഡൽഹി: വാട്‌സ്ആപ്പ് വഴി ഔദ്യോഗികവും രഹസ്യവുമായ വിവരങ്ങൾ കൈമാറുന്നതിനെതിരെ മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വാട്‌സ്ആപ്പ് വെബ് സെഷനുകൾ ദുരുപയോഗം ചെയ്ത് ഉപയോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങൾ ചോർത്താനും അവരുടെ അറിവില്ലാതെ സന്ദേശങ്ങൾ അയയ്ക്കാനും സൈബർ കുറ്റവാളികൾക്ക് കഴിയുമെന്നാണ് മുന്നറിയിപ്പ്.

നാഷണൽ സൈബർ ക്രൈം ത്രെട്ട് അനലിറ്റിക്സ് യൂണിറ്റാണ് വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് സുരക്ഷാ നിർദേശങ്ങൾ നൽകിയിരിക്കുന്നത്. കംപ്യൂട്ടറുകളിൽ ആക്ടീവായി തുടരുന്ന വാട്‌സ്ആപ്പ് വെബ് സെഷനുകൾ സൈബർ തട്ടിപ്പുകാർ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് സുരക്ഷാ വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

ഉപയോക്താവ് അറിയാതെ സജീവമായ വാട്‌സ്ആപ്പ് വെബ് സെഷനിലൂടെ സ്വകാര്യ സന്ദേശങ്ങൾ അയയ്ക്കാനും അക്കൗണ്ട് ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ട്. അതിനാൽ ഔദ്യോഗിക വിവരങ്ങൾ, സാമ്പത്തിക വിവരങ്ങൾ, രഹസ്യസ്വഭാവമുള്ള രേഖകൾ എന്നിവ വാട്‌സ്ആപ്പിലൂടെ പങ്കുവയ്ക്കരുതെന്നാണ് നിർദേശം.

പൊതുവായതോ മറ്റുള്ളവർ ഉപയോഗിക്കുന്നതോ ആയ കംപ്യൂട്ടറുകളിൽ വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണം. ഉപയോഗം കഴിഞ്ഞാൽ അക്കൗണ്ടിൽ നിന്ന് നിർബന്ധമായും ലോഗ് ഔട്ട് ചെയ്യണം. സെഷൻ തുറന്ന നിലയിൽ ഉപേക്ഷിക്കുന്നത് സ്വകാര്യ വിവരങ്ങൾ ചോർന്നുപോകുന്നതിനും അക്കൗണ്ട് ദുരുപയോഗത്തിനും വഴിയൊരുക്കിയേക്കാമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

കൂടുതൽ സുരക്ഷയ്ക്കായി വാട്‌സ്ആപ്പ് വെബിൽ സജീവമായിരിക്കുന്ന സെഷനുകൾ ഇടയ്ക്കിടെ പരിശോധിക്കുകയും പരിചയമില്ലാത്ത ഉപകരണങ്ങളിൽ ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ അവ ഒഴിവാക്കുകയും ചെയ്യുന്നത് പ്രധാനമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img