
ലിസ്ബൺ: പ്രീ സീസൺ സൗഹൃദ മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ പോർച്ചുഗീസ് ഫുട്ബോൾ താരം കെവിൻ കാസ്‌ട്രോയ്ക്ക് ദാരുണാന്ത്യം. 25കാരനായ കെവിൻ കാസ്‌ട്രോ ശനിയാഴ്ച നടന്ന മത്സരത്തിനിടെയാണ് കുഴഞ്ഞുവീണത്. മൂന്നാം ഡിവിഷൻ ക്ലബ്ബായ റയൽ സ്‌പോർടിനുവേണ്ടിയായിരുന്നു താരം കളിച്ചിരുന്നത്. ടോപ് ഡിവിഷൻ ടീമായ എസ്‌ട്രെല ദ അമദോറയും റയൽ സ്‌പോർടും തമ്മിലായിരുന്നു മത്സരം. കളി തുടങ്ങി അധികം വൈകാതെ കെവിൻ ഗ്രൗണ്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ മെഡിക്കൽ സംഘം ഗ്രൗണ്ടിലെത്തി അടിയന്തര ചികിത്സ നൽകി. ഡിഫിബ്രിലേറ്റർ ഉപയോഗിച്ച് ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണകാരണം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.
കെവിൻ കാസ്‌ട്രോയുടെ മരണവാർത്ത ലിസ്ബൺ ഫുട്ബോൾ അസോസിയേഷൻ സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയയിലൂടെ അനുശോചനവും രേഖപ്പെടുത്തി. താരത്തിന്റെ അപ്രതീക്ഷിത മരണം ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. പോർച്ചുഗലിൽ ജനിച്ച കെവിൻ വളർന്നത് ഇംഗ്ലണ്ടിലെ നോർഫോക്കിലായിരുന്നു. സ്‌പോർടിങ് അക്കാദമിയിലൂടെയാണ് ഫുട്ബോൾ കരിയറിന് തുടക്കമിട്ടത്. 2021ൽ ഇംഗ്ലീഷ് ക്ലബ്ബായ വെസ്റ്റ് ബ്രോംവിച്ച് ആൽബിയനിലെത്തിയ താരം ആഴ്സണലിനെതിരായ കാരബാവോ കപ്പ് മത്സരത്തിലൂടെയാണ് സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ബെൽട്ടൺ ആൽബിയോൺ, ഗേറ്റ്‌സ്‌ഹെഡ്, നോട്ട്‌സ് കൗണ്ടി തുടങ്ങിയ ക്ലബ്ബുകളിൽ വായ്പാടിസ്ഥാനത്തിൽ കളിച്ചു. 2023ൽ വെസ്റ്റ് ബ്രോം വിട്ടശേഷം യോർക്ക് സിറ്റി, ചിപ്പൻഹാം ടൗൺ, ഈസ്റ്റ്‌ബേൺ ബറോ എന്നീ ഇംഗ്ലീഷ് ക്ലബ്ബുകൾക്കായും കെവിൻ കളിച്ചു. അടുത്തിടെയാണ് പോർച്ചുഗലിലേക്ക് മടങ്ങിയെത്തി റയൽ സ്‌പോർടിൽ ചേർന്നത്.
കെവിന്റെ മരണത്തിൽ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി വെസ്റ്റ് ബ്രോം. താരത്തിന്റെ അപ്രതീക്ഷിത വേർപാട് തങ്ങളെ സ്തബ്ധരാക്കിയെന്ന് ക്ലബ് അറിയിച്ചു. ഞായറാഴ്ച ബേൺലിക്കെതിരായ മത്സരത്തിൽ 25-ാം മിനിറ്റിൽ താരങ്ങൾ കറുത്ത ആംബാൻഡ് ധരിച്ച് കെവിന് ആദരമർപ്പിക്കും.










