08:17am 26 August 2026
NEWS
യുവേഫ നേഷൻസ് ലീഗിൽ സ്പെയിനെ തകർത്ത് പോർചുഗൽ
09/06/2025  07:35 AM IST
nila
യുവേഫ നേഷൻസ് ലീഗിൽ സ്പെയിനെ തകർത്ത് പോർചുഗൽ

യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ സ്പെയിനെ തകർത്ത് പോർചുഗൽ ജേതാക്കളായി. വീറുംവാശിയും നിറഞ്ഞ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് പോർച്ചു​ഗലിന് സ്പെയിനെ മെരുക്കാനായത്. നിശ്ചിത സമയപരിധിയും കടന്ന് എക്സ്ട്രാ ടൈമിലും ഇരുടീമുകളും സമനില തുടർന്നതോടെ മത്സരം പെനാലിറ്റി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ 3 നെതിരെ 5 ഗോളുകൾക്കാണ് പോർചുഗൽ വിജയം നേടിയത്. 

മത്സരത്തിലെ ആദ്യ പകുതിയിൽ ആധിപത്യം പുലർത്തിയത് സ്‌പെയിനായിരുന്നു. 21-ാം മിനിറ്റിൽ മാർട്ടിൻ സുബിമെൻഡിയാണ് സ്‌പെയിനിന് വേണ്ടി ആദ്യ ഗോൾ നേടിയത്. പിന്നാലെ, 25-ാം മിനിറ്റിൽ പോർചുഗലിനായി നുനോ മെൻഡിസ് ഗോൾ നേടി. മെൻഡിസിന്റെ ആദ്യ അന്താരാഷ്ട്ര ഗോൾ ആണിത്. ഇതോടെ മത്സരം സമനിലയിലായി. പിന്നീട് 45-ാം മിനിറ്റ് വരെ മത്സരം സമനിലയിൽ തുടർന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പായി സ്‌പെയിന് വേണ്ടി മൈക്കൽ ഒയാർസബാൽ ഗോൾ നേടിയതോടെ 2-1 എന്ന നിലയിൽ സ്പെയിൻ മുന്നിലെത്തി.

ആദ്യ മത്സരത്തിലെ ആവേശം ഒട്ടും കുറയാതെ ആയിരുന്നു രണ്ടാ പകുതിയും ലീഡ് നിലനിർത്തി മുന്നേറിയ സ്‌പെയിനിന് 61-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രഹരമേറ്റു. മത്സരം 2-2 എന്ന നിലയിലായി. 90 മിനിറ്റിന് ശേഷവും സമനില തുടർന്നതോടെ മത്സരം അധികസമയത്തേക്ക് നീണ്ടു. എന്നാൽ, 120 മിനിറ്റിന് ശേഷവും വിജയഗോൾ നേടാൻ ടീമുകൾക്ക് സാധിച്ചില്ല. 

പെനാൽറ്റി ഷൂട്ടൗട്ടിലും ഇരു ടീമുകളും ഒന്നിന് പിറകെ ഒന്നായി വല കുലുക്കി. എന്നാൽ നാലാമതായി വന്ന അൽവെരോ മൊറാട്ടയുടെ കിക്ക് പൊർച്ചൂഗീസ് ഗോളി ഡിയോഗ കോസ്റ്റ തടഞ്ഞു. പിന്നാലെ വന്ന റൂബെൻ നെവെസ് അഞ്ചാം ഗോൾ നേടിയതോടെ 5-3 നിലയിൽ പോർചുഗൽ വിജയം ഉറപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img