
ഇസ്രയേൽ–പലസ്തീൻ പ്രശ്നത്തിന് ദീർഘകാലിക പരിഹാരം കണ്ടെത്തണമെങ്കിൽ സ്വതന്ത്ര പലസ്തീൻ രാഷ്ട്രത്തിന്റെ രൂപീകരണം അനിവാര്യമെന്ന നിലപാട് ആവർത്തിച്ച് മാർപാപ്പ ലിയോ പതിനാലാമൻ. തുർക്കിയിൽ നിന്ന് ലെബനനിലേക്കുള്ള യാത്രയിൽ വിമാനത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മാർപാപ്പയായതിനു ശേഷം നടത്തിയ ആദ്യ വിദേശയാത്രയുടെ സമാപന ഘട്ടത്തിലാണ് എട്ട് മിനിറ്റോളം നീണ്ട വാർത്താസമ്മേളനം നടത്തിയത്.
“പലസ്തീൻ രാഷ്ട്രത്തിനെതിരെ ഇസ്രയേൽ നിലകൊള്ളുമെന്നു ഞങ്ങൾക്കറിയാം. എന്നിരുന്നാലും, രണ്ടു രാജ്യ പരിഹാരമാണ് ഏറ്റവും ന്യായസംഗതിയായ വഴി,” മാർപാപ്പ പറഞ്ഞു. ഇസ്രയേലുമായുള്ള നല്ല ബന്ധം നിലനിർത്തിക്കൊണ്ടുതന്നെ, സമാധാനം ഉറപ്പാക്കാൻ ഇരുപക്ഷത്തിനുമിടയിൽ വത്തിക്കാൻ ഒരു മധ്യസ്ഥ ശബ്ദമാകാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. റഷ്യ–യുക്രെയ്‌ൻ യുദ്ധത്തെയും ഇസ്രയേൽ–പലസ്തീൻ സംഘർഷത്തെയും കുറിച്ച് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദോഗനുമായി നടത്തിയ ചർച്ചകൾക്കിടയിലും സമാധാനം ഉറപ്പാക്കുന്നതിൽ തുർക്കിക്ക് നിർണായക പങ്കുണ്ടാകാമെന്ന് അദ്ദേഹം വിലയിരുത്തി.
ലെബനനിലെത്തിയ മാർപാപ്പ പ്രസിഡന്റ് ജോസഫ് ഔനുമായി കൂടിക്കാഴ്ച നടത്തും. ഇസ്രയേൽ ആക്രമണം തുടരുന്ന തെക്കൻ ലെബനൻ ഒഴിവാക്കി അഞ്ച് സ്ഥലങ്ങളിലാണ് അദ്ദേഹത്തിന്റെ സന്ദർശനം ക്രമീകരിച്ചിരിക്കുന്നത്. ഹിസ്ബുല്ലയുടെ ശക്തികേന്ദ്രമായ ബെയ്റൂട്ടിന്റെ തെക്കൻ മേഖലയും പരിപാടികളിൽ ഉൾപ്പെടുത്തിയിട്ടില്ല. ബെയ്റൂട്ട് തീരത്ത് നടക്കുന്ന പൊതുകുർബാനയാണ് ഏറ്റവും വലിയ ചടങ്ങ്. മധ്യപൂർവദേശത്ത് ക്രിസ്തീയ വിശ്വാസികളുടെ ഏറ്റവും കൂടുതൽ സാന്നിധ്യമുള്ള രാജ്യമാണ് ലെബനൻ. ഡിസംബർ 2നാണ് മാർപാപ്പ റോമിലേക്ക് മടങ്ങുന്നത്.










