
അസാധാരണമാം വിധം ലോകസമൂഹത്തെ സ്വാധീനിച്ച ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയാകാനുള്ള ഭാഗ്യം ലഭിച്ചത് യു.എസിൽ നിന്നുള്ള കർദ്ദിനാൾ ഫ്രാൻസിസ് പ്രെവോസ്റ്റ്‌നാണ്. കർദ്ദിനാൾമാരുടെ കോൺക്ലേവിന്റെ രണ്ടാം ദിനത്തിലെ മൂന്നാം ഘട്ട വോട്ടെടുപ്പിലാണ് ലോകമെമ്പാടുമുള്ള 140 കോടി കത്തോലിക്കാ വിശ്വാസികളുടെ 267-ാം മാർപാപ്പയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. സഭയിൽ വലിയ മാറ്റങ്ങൾക്കും, ആതുരോന്മുഖമായ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുത്ത ലിയോ പതിമൂന്നാമന്റെ പേര് സ്വീകരിച്ച മാർപാപ്പ അങ്ങനെ പത്രോസിന്റെ പിൻഗാമിയും, ലിയോ പതിനാലാമൻ മാർപാപ്പയുമായി.
തെരഞ്ഞെടുക്കപ്പെട്ടശേഷം പരമ്പരാഗത ആചാരപ്രകാരം സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ മട്ടുപ്പാവിൽ മാർപാപ്പ എന്ന നിലയിൽ ആദ്യമായി വിശ്വാസികളെ അഭിസംബോധന ചെയ്യാനെത്തിയ ലിയോ പതിനാലാമൻ മാർപാപ്പ സഭാവിശ്വാസികളോടായി പറഞ്ഞു: 'നമ്മൾ മിഷനറി സഭയാകാൻ പരിശ്രമിക്കണം. പാലങ്ങൾ പണിയുന്ന, സംഭാഷണങ്ങൾ ആഗ്രഹിക്കുന്ന, എല്ലാവരേയും തുറന്ന കരങ്ങളോടെ സ്വാഗതം ചെയ്യുന്ന സഭ. നമ്മുടെ സാന്നിദ്ധ്യം സഹാനുഭൂതിയുടെയും ഒത്തുചേരലിന്റേതുമാവട്ടെ. സ്‌നേഹത്തിൽ വേരുറപ്പിച്ചതും.' തുടർന്ന് ദുർബലരോട് സഹാനുഭൂതി കാട്ടാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
ലോകം മുഴുവൻ ഉറ്റുനോക്കുന്നത് മാനവികത ഉയർത്തിപ്പിടിച്ച് വിപ്ലവാത്മകമായ മാറ്റങ്ങൾക്ക് അടിസ്ഥാനമിട്ട് കടന്നുപോയ ഫ്രാൻസിസ് പാപ്പയുടെ നയവും സമീപനവും കത്തോലിക്കാസഭ പുതിയ മാർപാപ്പയുടെ കീഴിൽ തുടരുമോ എന്നറിയാനാണ്.
ലിയോ പതിനാലാമൻ മാർപാപ്പ ജനിച്ചത് 1955 സെപ്റ്റംബർ 14 ന് അമേരിക്കയിലെ ഷിക്കാഗോയിലാണ്. 1982 ൽ 27-ാം വയസ്സിൽ വൈദികനായി അഭിഷിക്തനായി. 2001 ൽ അദ്ദേഹത്തെ പെറുവിലെ ട്രുജിയോ രൂപതയിലെ മെത്രാനായി നിയമിച്ചു. ദാരിദ്ര്യത്തിനും അനീതിക്കുമെതിരെ പെറുവിൽ അദ്ദേഹം ശക്തമായ നിലപാട് സ്വീകരിച്ചു. പൗരത്വം സ്വീകരിച്ച് സെന്റ് അഗസ്റ്റിൻസ് സഭാംഗമായ അദ്ദേഹം ഫ്രാൻസിസ് മാർപാപ്പയെപ്പോലെ ലളിതജീവിതത്തിലും പാവങ്ങളുടെ സേവനത്തിലും ഊന്നൽ നൽകി. 'ദരിദ്രർക്കുള്ള സഭ' എന്ന ദർശനത്തിന്റെ വക്താവ് കൂടിയാണ് പുതിയ പാപ്പ.
2019 ൽ ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ വത്തിക്കാന്റെ ബിഷപ്പുമാർക്കുള്ള സിനഡിന്റെ തലവനായി നിയമിച്ചു. 2023 ലാണ് കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ടത്. സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലും സോഷ്യൽ മീഡിയയിലും സജീവമായ അദ്ദേഹം പുതിയ കാലത്തിന്റെ മാറ്റങ്ങളെ ഉൾക്കൊള്ളുന്നുവെന്നുവേണം പ്രതീക്ഷിക്കാൻ.
ഓരോ മാർപാപ്പമാരുടെയും പ്രവർത്തനശൈലി വ്യത്യസ്തമായിരിക്കും എന്നത് സ്വാഭാവികമാണ്. എങ്കിലും സംഘർഷം നിറഞ്ഞ ഇന്നത്തെ ലോകസാഹചര്യത്തിൽ യുദ്ധം, അഭയാർത്ഥി പ്രശ്‌നം, മതസംഘർഷം തുടങ്ങിയ ആഭ്യന്തര വിഷയങ്ങളിൽ ഫ്രാൻസിസ് മാർപാപ്പയെപ്പോലെ പുരോഗമന നിലപാട് സ്വീകരിക്കുമോ എന്നറിയാനാണ് ലോകം കാത്തിരിക്കുന്നത്.
ലോകരാഷ്ട്രീയത്തിലെ വലതുപക്ഷ വ്യതിയാനങ്ങളോട് യോജിക്കാത്ത നിലപാടായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടേത്. അതിനോയ് യോജിപ്പില്ലാത്തവർ വത്തിക്കാനിലുണ്ട്. ലോകസമൂഹവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിൽ ധാർമ്മികതയുടെയും നീതിയുടെയും ഉറച്ചശബ്ദമായി നിലകൊള്ളാൻ ലിയോ പതിനാലാമൻ മാർപാപ്പയ്ക്കും സാധിച്ചാൽ അത് ലോക നന്മയ്ക്ക് ഉപകരിക്കും.











