
വത്തിക്കാൻ സിറ്റി: യുഎസും റഷ്യയും തമ്മിലുള്ള ആണവായുധ നിയന്ത്രണ കരാറായ ന്യൂ സ്റ്റാർട്ട് പുതുക്കണമെന്ന് ആഹ്വാനം ചെയ്ത് ലിയോ മാർപാപ്പ. പുതിയ ആയുധമത്സരത്തിലേക്ക് ലോകം വഴുതി വീഴാതിരിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ലോകസുരക്ഷയെ ഗുരുതരമായി ബാധിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2010-ൽ ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിൽ ഒപ്പുവച്ച ന്യൂ സ്റ്റാർട്ട് കരാറിന്റെ കാലാവധി ബുധനാഴ്ച അർധരാത്രിയോടെ അവസാനിച്ചു. ഈ കരാർ കാലഹരണപ്പെടുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ രണ്ട് ആണവശക്തികളായ യുഎസിനും റഷ്യയ്ക്കും ആണവായുധ സംഭരണത്തിലും വിന്യാസത്തിലും നിലവിൽ യാതൊരു ഔപചാരിക നിയന്ത്രണങ്ങളും ശേഷിക്കുന്നില്ല. ഇത് ആണവായുധ മത്സരം വീണ്ടും ശക്തമാകാൻ ഇടയാക്കുമെന്ന ആശങ്ക അന്താരാഷ്ട്ര തലത്തിൽ ഉയർന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മാർപാപ്പയുടെ ഇടപെടൽ.
സമാധാനവും മാനവിക സുരക്ഷയും അപകടത്തിലാകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും, ആയുധങ്ങളുടെ വ്യാപനത്തിനുപകരം സംഭാഷണവും സഹകരണവുമാണ് ലോകത്തിന് ആവശ്യമായതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കരാർ കുറഞ്ഞത് ഒരു വർഷത്തേക്ക് കൂടി അനൗപചാരികമായി നീട്ടാമെന്ന നിർദേശം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ കഴിഞ്ഞ സെപ്റ്റംബറിൽ മുന്നോട്ടുവച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതുവരെ വ്യക്തമായ പ്രതികരണം അറിയിച്ചിട്ടില്ല. ഇതോടെ കരാർ പുതുക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
ആണവായുധ നിയന്ത്രണ സംവിധാനങ്ങൾ ദുർബലമാകുന്നത് ആഗോള സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാകുമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നതിനിടെയാണ്, ലോകനേതാക്കൾ ഉത്തരവാദിത്വത്തോടെ ഇടപെടണമെന്ന് മാർപാപ്പ ആഹ്വാനം ചെയ്തത്.










