
വത്തിക്കാൻ സിറ്റി: ന്യുമോണിയ ബാധിതനായി റോമിലെ ജമേലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്. അണുബാധ ഉള്ളതിനാലും രക്തം നൽകിയതിനാലും ഉയർന്ന അളവിൽ ഓക്സിജൻ നൽകുകയാണെന്നും വത്തിക്കാൻ അറിയിച്ചു. മാർപാപ്പയുടെ ബോധത്തിന് തകരാറില്ലെന്നാണ് വത്തിക്കാൻ അധികൃതർ വ്യക്തമാക്കുന്നത്. ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശവും വത്തിക്കാൻ പുറത്തുവിട്ടു.
തനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ വിശ്വാസികളോട്അഭ്യർത്ഥിച്ചു. റോമിലെ ജമേലി ആശുപത്രിയിലെ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും സന്ദേശങ്ങൾ അയച്ചവർക്കും മാർപാപ്പ നന്ദി അറിയിച്ചു. മാർപാപ്പയുടെ നില അതീവ ഗുരുതരമായി തുടരുമ്പോഴാണ് മാർപാപ്പയുടെ സന്ദേശം ഇന്ന് വത്തിക്കാൻ പുറത്ത് വിട്ടത്.











