
വത്തിക്കാൻ സിറ്റി: ന്യുമോണിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കഴിഞ്ഞ അഞ്ചു ദിവസമായി റോമിലെ ജമേലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മാർപാപ്പയുടെ രണ്ടു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചെന്ന് വത്തിക്കാൻ അറിയിച്ചു. തനിക്കുവേണ്ടി പ്രാർഥിക്കണമെന്നു മാർപാപ്പയും അഭ്യർത്ഥിച്ചിട്ടുണ്ട്. മാർപാപ്പ ചികിത്സയിൽ കഴിയുന്ന ജമേലി ആശുപത്രിക്ക് മുന്നിൽ ആയിരങ്ങളാണ് പ്രാർത്ഥനകളോടെ തടിച്ചുകൂടിയിരിക്കുന്നത്.
എക്സ്-റേ പരിശോധനയിലാണ് മാർപാപ്പക്ക് ഗുരുതര ന്യുമോണിയ കണ്ടെത്തിയത്. നേരത്തേ കണ്ടെത്തിയ അണുബാധയ്ക്ക് ആന്റിബയോട്ടിക് കോർട്ടിസോൺ തെറപ്പിയിലായിരുന്നു. ഇത് തുടർചികിത്സ കൂടുതൽ സങ്കീർണമാക്കുമെന്നാണു സൂചന. ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ മാർപാപ്പയുടെ ഈയാഴ്ചത്തെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി.
അൽപം സങ്കീർണമായ അണുബാധയാണുള്ളതെന്നും കൂടുതൽ ദിവസം ആശുപത്രിവാസം വേണ്ടിവരുമെന്നും ഡോക്ടർമാർ പറഞ്ഞു. ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പൊതുപരിപാടിയും റദ്ദാക്കി. ഞായറാഴ്ച കുർബാനയ്ക്കു മാർപാപ്പയ്ക്കു പകരം മുതിർന്ന കർദിനാൾ കാർമികനാകും. കഴിഞ്ഞ വെള്ളിയാഴ്ചയാണു മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.











