12:11am 19 April 2026
NEWS
മാർപാപ്പക്ക് പ്രാർത്ഥനകളോടെ ലോകത്തിന്റെ വിട
26/04/2025  03:02 PM IST
nila
മാർപാപ്പക്ക് പ്രാർത്ഥനകളോടെ ലോകത്തിന്റെ വിട

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പക്ക് പ്രാർത്ഥനകളോടെ ലോകത്തിന്റെ വിട. തനിക്കേറ്റവും പ്രിയപ്പെട്ട സെൻറ് മേരി മേജർ ബസിലിക്കയിലാണ് ഫ്രാൻസിസ് മാർപാപ്പക്ക് അന്ത്യനിദ്രക്ക് ഇടമൊരുക്കുന്നത്. സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കുന്ന സംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കാൻ ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികളാണ് എത്തിയത്. 

ഫ്രാൻസിസ് അന്തിമോപചാരമർപ്പിക്കാൻ ട്രംപും സെലൻസ്കിയും ഇന്ത്യൻ രാഷ്ട്രപതിയും അടക്കം 130 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘം വത്തിക്കാനിലെത്തിയിട്ടുണ്ട്. സംസ്കാര ശുശ്രൂഷ ചടങ്ങുകൾ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് സെൻറ് പീറ്റേഴ്സ് ചത്വരത്തിൽ ആരംഭിച്ചത്. സെൻറ് പീറ്റേഴ്സ് ചത്വരത്തിലെ ചടങ്ങുകൾക്കുശേഷമാണ് ഭൗതികശരീരം സെൻറ് മേരി മേജർ ബസിലിക്കയിലെത്തിച്ച് സംസ്കരിച്ചത്. ലക്ഷക്കണക്കിനാളുകളെത്തിയ പൊതുദർശനത്തിനൊടുവിൽ മാർപാപ്പയുടെ മൃതദേഹ പേടകം ഇന്നലെ അർധ രാത്രിയിൽ പൂട്ടി മുദ്രവെച്ചിരുന്നു. 

മാർപ്പാപ്പാമാരുടെ മരണാനന്തര നടപടികളുടെ ക്രമം കഴിഞ്ഞ നവംബറിൽ ഫ്രാൻസിസ് മാർപ്പാപ്പ തന്നെ പരിഷ്കരിച്ച് കൂടുതൽ ലളിതമാക്കിയിരുന്നു. അതിനാൽ സാധാരണ പാപ്പമാരുടെ സംസ്കാര ചടങ്ങിനേക്കാൾ ദൈർഘ്യം കുറഞ്ഞതായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ശ്രുശ്രൂഷകൾ. സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ ഒന്നര മണിക്കൂർ നീളുന്ന ദിവ്യബലിക്കുശേഷമാണ് ഭൗതിക ശരീരം സെൻറ് മേരി മേജർ ബസിലിക്കയിലേക്ക് സംസ്കാരത്തിനായി കൊണ്ടുപോയത്. സെൻറ് പീറ്റേഴ്സ് ചത്വരത്തിൽ നിന്നും നാലു കിലോമീറ്റർ അകലെയാണ് മാർപാപ്പക്ക് അന്ത്യവിശ്രമത്തിന് സ്ഥലമൊരുക്കിയ സെൻറ് മേരി മേജർ ബസിലിക്ക.  

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img