09:20pm 09 November 2026
NEWS

യാത്ര പറഞ്ഞു, കണ്ണു തുറന്നുകിടന്നു; മാർപാപ്പയുടെ അന്ത്യനിമിഷങ്ങൾ ഇങ്ങനെ..

25/04/2025  08:09 AM IST
nila
 യാത്ര പറഞ്ഞു, കണ്ണു തുറന്നുകിടന്നു; മാർപാപ്പയുടെ അന്ത്യനിമിഷങ്ങൾ ഇങ്ങനെ..

തിങ്കളാഴ്ച്ച രാവിലെ ഫ്രാൻസിസ് മാർപാപ്പക്ക് പക്ഷാഘാതമുണ്ടായെന്ന്  അദ്ദേഹത്തിന്റെ ഡോക്ടർ സെർഗിയോ അൽഫിയറി. പക്ഷാഘാതമുണ്ടായി രണ്ടുമണിക്കൂറിനകം മാർപാപ്പ അന്ത്യനിദ്രയിലേക്ക് പോയെന്നും അദ്ദേഹം വ്യക്തമാക്കി. ഇറ്റാലിയൻ ദിനപത്രമായ കൊറിയെറെ ഡെല്ല സെറയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഡോക്ടർ സെർഗിയോ അൽഫിയറി മാർപാപ്പയുടെ അന്ത്യനിമിഷങ്ങളെ കുറിച്ച് വിവരിച്ചത്. അബോധാവസ്ഥയിലേക്ക് പോവുംമുൻപ് അടുത്തുണ്ടായിരുന്ന സഹായി  മസ്സി മിലിയാനോ സ്ട്രാപെറ്റിയോട് മാർപാപ്പ യാത്ര പറഞ്ഞിരുന്നെന്ന് വത്തിക്കാൻ ന്യൂസ് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. 

പാപ്പയുടെ ആരോഗ്യകാര്യങ്ങൾ നോക്കുന്ന സഹായി പുലർച്ചെ അഞ്ചരയോടെയാണ് തന്നെ വിളിച്ചതെന്നും 20 മിനിറ്റ് വൈകി 5.50-ഓടെയാണ് അവിടെ എത്താനായതെന്നും ഡോക്ടർ പറഞ്ഞു “തിങ്കളാഴ്ച അതിരാവിലെ വത്തിക്കാനിലേക്ക് വിളിപ്പിച്ചു. അവിടെയെത്തിയപ്പോൾ, പാപ്പ കണ്ണുതുറന്നുകിടക്കുകയായിരുന്നു. സാധാരണനിലയിലാണ് ശ്വാസഗതി. ഞാൻ അദ്ദേഹത്തെ വിളിച്ചു. പക്ഷേ, പ്രതികരിക്കുന്നുണ്ടായിരുന്നില്ല.”-ഡോക്ടർ പറഞ്ഞു.  ‘‘മറ്റുമാർഗങ്ങളിലൂടെ അദ്ദേഹത്തെ ഉണർത്താൻശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇനി ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം അബോധാവസ്ഥയിലാണെന്നും അപ്പോൾ ബോധ്യപ്പെട്ടു. ആസമയം ജെമെല്ലി ആശുപത്രിയിലേക്ക് പാപ്പയെ മാറ്റുന്നതും അത്ര എളുപ്പമല്ലായിരുന്നു. വസതിയിൽവെച്ച് മരിക്കണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. ജെമെല്ലിയിലായിരുന്നപ്പോൾ അക്കാര്യം എപ്പോഴും പറയുമായിരുന്നു. പക്ഷാഘാതമുണ്ടായി രണ്ടുമണിക്കൂറിനകം അദ്ദേഹം അന്ത്യനിദ്രയിലാണ്ടു.” -ഡോക്ടർ പറഞ്ഞു.

ശ്വാസകോശത്തിന്റെ രണ്ടറകളിലും ന്യുമോണിയ ബാധിച്ച് സങ്കീർണമായ ആരോഗ്യസ്ഥിതിയിലൂടെ പാപ്പ കടന്നുപോയ അഞ്ചാഴ്ചക്കാലവും അദ്ദേഹത്തിന്റെ ചികിത്സയും മറ്റുകാര്യങ്ങളും റോമിലെ ജെമെല്ലി ആശുപത്രിയിൽ ഏകോപിപ്പിച്ചത് ഡോ. സെർഗിയോ ആണ്. മാർച്ച് 23-ന് ആശുപത്രിവാസം അവസാനിപ്പിച്ച് പാപ്പയുടെ റോമിലെ സാന്ത മാർത്ത വസതിയിലേക്ക് മടങ്ങിയപ്പോഴും പരിചരണകാര്യങ്ങളിലും ചികിത്സയിലും ശ്രദ്ധിച്ചത് ഡോക്ടർതന്നെയായിരുന്നു. പൂർണ ആരോഗ്യത്തിനായി രണ്ടുമാസത്തെ വിശ്രമം നിർദേശിച്ചിരുന്നു. അബോധാവസ്ഥയിലേക്ക് പോവുംമുൻപ് അടുത്തുണ്ടായിരുന്ന സ്ട്രാപെറ്റിയോട് പാപ്പ യാത്രപറഞ്ഞതായും ആ സമയം ക്ലേശമൊന്നും അനുഭവിക്കുന്നുണ്ടായിരുന്നില്ല എന്നുമായിരുന്നു വത്തിക്കാൻ ന്യൂസ് റിപ്പോർട്ട്ചെയ്തത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img