01:19am 12 November 2026
NEWS
​വോട്ട് 'ബഹിഷ്കരണഫ്ലെക്സ്' ഉയർത്തി പൂവണ്ണത്തറ; ഭരണകൂടത്തിന്റെ കണ്ണുതുറപ്പിക്കാൻ ഒരു ജനതയുടെ പോരാട്ടം
28/11/2025  08:01 AM IST
nila
​വോട്ട് ബഹിഷ്കരണഫ്ലെക്സ് ഉയർത്തി പൂവണ്ണത്തറ; ഭരണകൂടത്തിന്റെ കണ്ണുതുറപ്പിക്കാൻ ഒരു ജനതയുടെ പോരാട്ടം

 

​ചെങ്ങന്നൂർ: ചെറിയനാട് പഞ്ചായത്തിലെ നാലാം വാർഡായ പൂവണ്ണത്തറയിലെ ജനങ്ങൾ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ഒരുങ്ങുന്നു. ഏഴ് തലമുറകളായി വഴിയെന്ന അടിസ്ഥാന സൗകര്യമില്ലാതെ ദുരിതത്തിൽ കഴിയുന്ന പ്രദേശവാസികൾ, വർഷങ്ങളായുള്ള അധികൃതരുടെ അവഗണനയിൽ പ്രതിഷേധിച്ചാണ് കടുത്ത നിലപാട് എടുത്തിരിക്കുന്നത്. വഴി ശരിയാക്കി നൽകാൻ നടപടിയെടുക്കാത്തതിനാൽ, രാഷ്ട്രീയ പ്രവർത്തകർ വോട്ടു ചോദിച്ച് വരേണ്ടതില്ലെന്ന് അറിയിച്ചുകൊണ്ടുള്ള ഫ്ലെക്സ് ബോർഡ് പ്രദേശത്ത് സ്ഥാപിച്ചു കഴിഞ്ഞു. ഇവർക്ക് പിന്തുണ നല്കി ഇരുനൂറിലധികം വരുന്ന വോട്ടർമാർ വോട്ടവകാശം വിനിയോഗിക്കാതെ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് കെപിഎംഎസ് സംസ്ഥാന കമ്മറ്റി അംഗവും പ്രദേശവാസിയുമായ രാജീവ് പറഞ്ഞു
ദുരിതവഴികൾ: നടക്കാൻ പോലുമാകാതെ :
​പൂവണ്ണത്തറ നിവാസികൾ ആശ്രയിക്കുന്ന വഴി, കൃഷിയില്ലാത്ത മാബ്ര പാടത്തിലൂടെ കടന്നുപോകുന്ന ദുർഘടമായ ഒറ്റയടി
 പാതയാണ്. ഒരാൾക്ക് കഷ്ടിച്ച് നടന്നുപോകാൻ പോലും പറ്റാത്ത ഈ വഴിയിലൂടെയാണ് 3 വയസുള്ള പാർഥീവ് മുതൽ 80 വയസ്സുള്ള അമ്മി
ണിയമ്മ വരെ ഉൾപ്പെടെയുള്ള നാട്ടുകാർ യാത്ര ചെയ്യുന്നത്.

​സ്കൂളുകളിൽ പഠിക്കുന്ന 11 വിദ്യാർത്ഥികളുടെ സ്ഥിതി അതിദയനീയമാണ്. മഴ പെയ്തു കഴിഞ്ഞാൽ, ഏകദേശം 400 മീറ്റർ ദൂരം തോർത്ത് ഉടുത്തുകൊണ്ട് ചെളിയിലൂടെ നടന്ന് പ്രധാന റോഡിൽ എത്തി വേണം യൂണിഫോം ധരിക്കാൻ. സ്കൂൾ കുട്ടികൾ, പ്രത്യേകിച്ച് വിദ്യാർത്ഥിനികൾ, നേരിടുന്ന ഈ ബുദ്ധിമുട്ട് അവരുടെ മാനസിക ആരോഗ്യത്തെയും വിദ്യാഭ്യാസത്തേയും ബാധിക്കുന്നുണ്ടന്ന് രക്ഷകർത്താക്കൾ പറയുന്നു.
​ശരിയായ വഴിയില്ലാത്തതിനാൽ തെരുവുവിളക്കുകളുമില്ല: സന്ധ്യ കഴിഞ്ഞാൽ പാമ്പുകളുടെ ശല്യം രൂക്ഷമായതിനാൽ പ്രദേശവാസികൾക്ക് സന്ധ്യകഴിഞ്ഞ് ഇതുവഴിയുള്ള യാത്ര വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
​ഈ റോഡിന്റെ ദുരവസ്ഥ വർഷങ്ങൾക്കു മുൻപ് തന്നെ പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ വന്നിരുന്നു. ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാനും മുൻ ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. വാസുദേവനും ഇവിടെ വീണ് പരിക്കേറ്റത് തന്നെ വഴിയുടെ അപകടകരമായ അവസ്ഥയ്ക്ക് തെളിവാണന്ന് ഇവിടുത്തുകാർ പറയുന്നു.
​വർഷങ്ങളായി എൽഡിഎഫ് സ്ഥാനാർത്ഥിയാണ് ഈ വാർഡിൽ വിജയിച്ചുവരുന്നത്. എൽഡിഎഫ് മെമ്പർ ശശികുമാർ മരിച്ചതിനെ തുടർന്ന് 2024 ജൂലൈയിൽ നടന്ന ഉപതിരഞ്ഞെടുപ്പ് യോഗത്തിൽ, മന്ത്രി സജി ചെറിയാൻ ഈ റോഡിന് -കല്ലുപാലത്തും കുഴി - പൂവണത്തറ റോഡ് - എന്ന് നാമകരണം ചെയ്യുകയും ഉടൻ സഞ്ചാരയോഗ്യമാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
​ആറ് മീറ്റർ വീതിയിൽ റോഡും ഇരുവശവും കെട്ടി സഞ്ചാരയോഗ്യമാക്കുന്ന പാതയ്ക്ക് എസ്റ്റിമേറ്റ് എടുത്തതല്ലാതെ പദ്ധതി മാത്രം നടന്നില്ലെന്നാണ് പ്രദേശവാസികളുടെ പ്രധാന ആരോപണം.
​കല്ലുപാലത്തിൻ്റെ കുഴി - പൂവണത്തറ റോഡ് പുത്തിരി പാലവുമായി ബന്ധിപ്പിച്ചാൽ  ഇവിടുത്ത് പാടശേഖരത്തിൽ പൊന്നുവിളയിക്കാം,
​തോട്ടുമുഖത്തുനിന്ന് കല്ലുപാലത്തിൻ കുഴിയിലേക്ക് സമഗ്ര നെൽകൃഷി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ബണ്ട് റോഡ് പദ്ധതിയിട്ടിരുന്നതും നടന്നില്ലെന്നും നാട്ടുകാർ പറയുന്നു.
​വഴിയുടെ അഭാവം കാരണം മറ്റ് അടിസ്ഥാന സൗകര്യങ്ങൾ പോലും ഇവർക്ക് നിഷേധിക്കപ്പെടുന്ന അവസ്ഥയാണ്.
പകൽ സമയത്തുപോലും ദുർഘടമായ വഴിയിലൂടെ വരാൻ കെഎസ്ഇബി ഉദ്യോഗസ്ഥർ തയ്യാറാവാത്തതിനാൽ, മഴ സമയത്ത് വൈദ്യുതി തകരാറുണ്ടായാൽ തിരിഞ്ഞുനോക്കാറില്ല. വഴി വിളക്കിനായുള്ള അപേക്ഷപോലും വഴിയില്ലാത്തതിനാൽ നിരസിക്കപ്പെട്ടു.
 കിണറ്റിലെ വെള്ളം വേനൽ കാലത്ത് വറ്റുകയും മറ്റു സമയങ്ങളിൽ കലങ്ങി കിടക്കുകയും ചെയ്യുന്നതിനാൽ കുടിവെള്ളത്തിനായി പൈപ്പ് കണക്ഷന് അപേക്ഷിച്ചെങ്കിലും വഴിയില്ലാത്തതിനാൽ അതും നിഷേധിക്കപ്പെട്ടു.
ലൈഫ് മിഷനിൽ നിന്ന് വീട് അനുവദിച്ച ഒരു കുടുംബത്തിന്, അനുവദിച്ച 4 ലക്ഷം രൂപയിൽ വീട് പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ ബാങ്ക് ലോണിന് അപേക്ഷിച്ചു. എന്നാൽ, വഴിയില്ലാത്തതിനാൽ ലോൺ നിരസിക്കപ്പെട്ടു. ഇതോടെ വീടിന്റെ പണി പാതിവഴിയിൽ നിലച്ചിരിക്കുകയാണ്.
ലക്ഷങ്ങൾ മുടക്കി പത്ത് വർഷം മുൻപ് പുനർനിർമിച്ച കല്ലുപാലത്തിൻകുഴി കുളം ഇന്ന് വേസ്റ്റ് തള്ളുന്ന സ്ഥലമായി മാറിയതിലും നാട്ടുകാർക്ക് പ്രതിഷേധമുണ്ട്.
​മുഖ്യമന്ത്രിയുടെ നവകേരള സദസിലും ഈ റോഡിൻ്റെ ദുരവസ്ഥയെക്കുറിച്ച് പരാതി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ റോഡിന് ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് ചെറുവല്ലൂർ ഡിവിഷൻ മെംബർ സലിം പറഞ്ഞിരുന്നെങ്കിലും, ഇതുവരെയും അതിൻ്റെ നടപടികൾ ആരംഭിച്ചതായി തങ്ങൾക്ക് അറിയില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
​വർഷങ്ങളായി തങ്ങളെ അവഗണിച്ച അധികാരികൾക്ക് വോട്ട് ബഹിഷ്കരിച്ച് മറുപടി നൽകുമെന്ന ഉറച്ച നിലപാടിലാണ് പൂവണ്ണത്തറയിലെ ജനങ്ങൾ. തങ്ങളുടെ പ്രതിഷേധം അധികാരികളുടെ കണ്ണ് തുറപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ഈ ജനത.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.