01:01am 07 November 2026
NEWS
പൂരം കലക്കൽ: എല്ലാം ഒത്തുതീർപ്പിലായി; ബലിയാടായത് വി.എസ്. സുനിൽകുമാർ
28/02/2026  02:26 PM IST
ചെറുകര സണ്ണീലൂക്കോസ്
പൂരം കലക്കൽ: എല്ലാം  ഒത്തുതീർപ്പിലായി; ബലിയാടായത് വി.എസ്. സുനിൽകുമാർ

പ്രമാദമായ വിവാദവിഷയങ്ങളിലൊന്നൊയിരുന്നു 2024 ലെ തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവം. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ ബി.ജെ.പിയുടെ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ വിജയം ഉറപ്പാക്കാൻ ആസൂത്രണം ചെയ്യപ്പെട്ട വലിയ ഒരു ഗൂഢാലോചനയുടെ സൃഷ്ടിയാണ് പൂരം അലങ്കോലപ്പെടാനിടയാക്കിയ സംഭവവികാസങ്ങൾ എന്നായിരുന്നു പരക്കേ ഉയർന്ന വിമർശനം. ഈ ഗൂഢാലോചനയിൽ ലോ ആൻഡ് ഓർഡർ ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത്കുമാർ, തൃശൂർ ജില്ലാകളക്ടറായിരുന്ന വി.ആർ. കൃഷ്ണതേജ, തൃശൂർ സിറ്റി പോലീസ് കമ്മിഷണറായിരുന്ന അങ്കിത് അശോക് എന്നിവർക്ക് പങ്കുണ്ടെന്നായിരുന്നു തൃശൂരിൽ മത്സരിച്ച എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും സ്ഥാനാർത്ഥികളുടെയും അവരുടെ പാർട്ടികളുടെയും ഉറച്ചവിശ്വാസവും വിമർശനവും.

കൂടാതെ തൃശൂരിൽ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച വരാഹി അനലിറ്റിക്‌സ് എന്ന ഏജൻസിക്കും, തിരുവമ്പാടി ദേവസ്വം ഭാരവാഹികളിലെ ചിലർക്കും ഗൂഢാലോചനയുടെ അടിസ്ഥാനത്തിൽ നടന്ന പൂരം കലക്കൽ നാടകത്തിൽ പങ്കുണ്ടായിരുന്നതായും സംഭവവികാസങ്ങളെ അടുത്തുനിന്ന് വീക്ഷിച്ചവരെല്ലാം ഒരേ സ്വരത്തിൽ വിലയിരുത്തിയിരുന്നു.
എന്നാൽ ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പൂരം അലങ്കോലപ്പെട്ടതിൽ പോലീസിന്റെയോ സർക്കാരിന്റെയോ ഭാഗത്തുനിന്നും ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായതായി പൂരം നടന്ന 2024 ഏപ്രിൽ 19 മുതൽ നാളിതുവരെ അംഗീകരിച്ചിട്ടില്ല.

സുരേഷ്‌ഗോപിക്കനുകൂലമായ ഒരു സാഹചര്യം സൃഷ്ടിക്കുന്നതിനുവേണ്ടി സംഘപരിവാർ കേന്ദ്രങ്ങളുമായുണ്ടാക്കിയ ധാരണയിലും, തന്റെ വകുപ്പിന്റെ ഭരണ നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയും പൂരം ദിനത്തിൽ നടന്ന സംഭവവികാസങ്ങളുടെ മാസ്റ്റർ ബ്രെയിനായി പ്രവർത്തിച്ചത് എ.ഡി.ജി.പി എം.ആർ. അജിത്കുമാറാണെന്നാണ് ഇടതുമുന്നണി സ്ഥാനാർത്ഥി മുതൽ ബി.ജെ.പി അനുഭാവമില്ലാത്ത എല്ലാവരും തന്നെ ഉറച്ച നിഗമനത്തിലെത്തിയിരുന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ രാഷ്ട്രീയ ദൗത്യങ്ങൾ നിറവേറ്റിയിരുന്ന ലോ ആൻഡ് ഓർഡർ ചുമതലയുള്ള ഉദ്യോഗസ്ഥനുമായിരുന്ന ഇതേ എ.ഡി.ജി.പി, എം.ആർ. അജിത്കുമാറിനെ തന്നെയായിരുന്നു ആദ്യം സർക്കാർ പൂരം കലങ്ങിയതെങ്ങനെയെന്ന് അന്വേഷിക്കാൻ ഏൽപ്പിച്ചത്.

അജിത്കുമാർ സമർപ്പിച്ച 1200 പേജുള്ള റിപ്പോർട്ട് അടിമുടി അവാസ്തവമാണെന്ന് ബി.ജെ.പി ഒഴിച്ചുള്ള മുഴുവൻ രാഷ്ട്രീയ പാർട്ടികളും വിമർശിച്ചതോടെ സർക്കാർ ത്രിതല അന്വേഷണം പ്രഖ്യാപിച്ചു. തൃശൂർപൂരം കലക്കാൻ എ.ഡി.ജി.പി അജിത്കുമാർ സംഘപരിവാർ നേതൃത്വങ്ങളുമായി ഗൂഢാലോചന നടത്തിയെന്ന ആരോപണം അന്നത്തെ ഡി.ജി.പി ഷെയ്ഖ് ദർവേഷ് സാഹിബ് നേരിട്ട് അന്വേഷിച്ചു. ഉദ്യോഗസ്ഥതലത്തിലെ വീഴ്ചയുണ്ടായത് സംബന്ധിച്ച് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയത് ഇന്റലിജൻസ് എ.ഡി.ജി.പി മനോജ് എബ്രഹാമിനെയായിരുന്നു.

പൂരവുമായി ബന്ധപ്പെട്ട് ഗൂഢാലോചനയടക്കം വിശദമായ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത് ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് സംഘത്തെയായിരുന്നു. രണ്ടാം പിണറായി സർക്കാരിന്റെ ഭരണകാലം അവസാനിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനും, സംസ്ഥാന പോലീസിനും ക്ലീൻ ചിറ്റ് നൽകുന്ന അന്വേഷണ റിപ്പോർട്ട് ഡി.ഐ.ജി തോംസൺ ജോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ക്രൈംബ്രാഞ്ച് എ.ഡി.ജി.പി, എച്ച്. വെങ്കിടോഷിന് കൈമാറിയത് ചോർന്ന് ലഭിച്ചത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ഒരാഴ്ച മുമ്പാണ്.

തിരുവമ്പാടി ദേവസ്വത്തിന്റെ ഭാഗത്തുനിന്നുള്ള നടപടികളാണ് പൂരം കലക്കുന്നതിന് കാരണമായിട്ടുള്ളത്. അതിൽ അന്വേഷണം വേണം എന്നും, ഡി.ഐ.ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശുപാർശ ചെയ്തിട്ടുണ്ട്. തിരുവമ്പാടി ദേവസ്വത്തിന്റെ പല നടപടികളും ഏകപക്ഷീയമായിരുന്നുവെന്നും കളക്ടറുടെയും എസ്.പിയുടെയും യോഗത്തിലെടുത്ത തീരുമാനങ്ങൾ പ്രായോഗികമായി അംഗീകരിക്കാൻ തിരുവമ്പാടി ദേവസ്വം തയ്യാറായില്ലെന്നുമാണ് റിപ്പോർട്ടിൽ ആരോപിക്കുന്നത്. പലപ്പോഴും പോലീസിന്റെ നിർദ്ദേശങ്ങൾ അനുസരിക്കാതെ ദേവസ്വം ഏകപക്ഷീയമായി മുന്നോട്ടുപോയെന്നും റിപ്പോർട്ടിലുണ്ട്. പകൽ മുഴുവൻ പോലീസ് സംയമനം പാലിച്ചുവെന്നും, എന്നാൽ രാത്രിയും വെടിക്കെട്ടിന് മുന്നോടിയായുള്ള ദേവസ്വത്തിന്റെ ചില നടപടിക്രമങ്ങൾ നിയമപരമല്ലെന്നു കണ്ടതോടെയാണ് പോലീസ് ഇടപെടുന്നതെന്നും റിപ്പോർട്ടിൽ ന്യായീകരിക്കുന്നുണ്ട്.

2024 ലെ പൂരദിവസം സ്വരാജ് റൗണ്ടിലും മഠത്തിൽ വരവ് നടക്കുന്ന വഴികളിലും പോലീസ് അനാവശ്യമായ ബാരിക്കേഡുകൾ സ്ഥാപിച്ച് ഭക്തരെയും സംഘാടകരെയും തടഞ്ഞതും ആനകൾക്ക് പട്ടയുമായി വന്നവരെ ഒരു കാര്യവുമില്ലാതെ തടഞ്ഞ് പോലീസ് പ്രകോപനം സൃഷ്ടിച്ചതും ലോകം മുഴുവനുമുള്ള ലക്ഷക്കണക്കിന് പൂരപ്രേമികൾ തത്സമയം കണ്ടതാണ്. തുടർന്ന് പോലീസിന്റെ ഈ അസാധാരണ പെരുമാറ്റത്തിൽ പ്രതിഷേധിച്ചാണ് തിരുവമ്പാടി ദേവസ്വം പൂരം നിർത്തിവെച്ചത്. അങ്ങനെ പൂരം കലക്കിയതിന് പോലീസിന്റെ പങ്ക് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമായിരിക്കെ പൂരം അലങ്കോലപ്പെടുത്താൻ പോലീസ് ഉൾപ്പെടെ സർക്കാർ സംവിധാനത്തിന്റെ ഭാഗത്തുനിന്നും ശ്രമം ഒന്നും ഉണ്ടായിട്ടില്ലെന്നും, തിരുവമ്പാടി ദേവസ്വത്തിന്റെ ഏകപക്ഷീയമായ നടപടികളാണ് എല്ലാ കുഴപ്പത്തിനും കാരണം എന്നും സ്ഥാപിച്ച് എല്ലാ വിവാദത്തിൽ നിന്നും ഉത്തരവാദിത്തത്തിൽ നിന്നും കൈകഴുകാൻ ആഭ്യന്തരവകുപ്പിന്റെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും ലക്ഷ്യം സാക്ഷാൽക്കരിക്കുകയാണ് ഡി.ഐ.ജി തോംസൺ ജോസിന്റെ നേതൃത്വത്തിലുള്ള സംഘം സമർപ്പിച്ച അന്വേഷണറിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഈ റിപ്പോർട്ടിനെ സംബന്ധിച്ച് ഏറ്റവും ശ്രദ്ധേയമായ കാര്യം ഗൂഢാലോചന സംബന്ധിച്ച് ഉയർന്ന ആരോപണങ്ങളെക്കുറിച്ച് ഒന്നും അതിൽ പരാമർശിക്കുന്നതേയില്ലെന്നുള്ളതാണ്. പൂരം ദിവസം അർദ്ധരാത്രിയിൽ സംഘർഷം ഉണ്ടായ സ്ഥലത്തേക്ക് സ്ഥിതി ശാന്തമാക്കാൻ പൂരത്തിന്റെ ചുമതലയുണ്ടായിരുന്ന റവന്യു മന്ത്രി കെ.രാജനും ഇടതുമുന്നണി സ്ഥാനാർത്ഥിയായിരുന്ന മുൻമന്ത്രി വി.എസ്. സുനിൽകുമാറും കിലോമീറ്ററുകൾ നടന്നാണ് എത്തിയത്. ഇവിടേക്ക് വാഹനങ്ങൾക്ക് കർശനനിയന്ത്രണമേർപ്പെടുത്തിയിരുന്നതിനാലായിരുന്ന അവർക്ക് നടക്കേണ്ടി വന്നത്. എന്നാൽ ഇതേ വേദിയിലേക്ക് ബി.ജെ.പിയുടെ ലോക്‌സഭാ സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി ബി.ജെ.പിയുടെ തെരഞ്ഞെടുപ്പുപ്രചാരണങ്ങൾ ആസൂത്രണം ചെയ്തിരുന്ന ഏജൻസിയായ 'വരാഹി അനലറ്റിക്‌സ്'ന്റെ കേരളത്തിൽ ചുമതലയുള്ള വ്യക്തിക്കൊപ്പമായിരുന്നു അർദ്ധരാത്രിയിൽ പ്രത്യേക ആംബുലൻസിൽ എത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സഹിതം അഡ്വ. കെ.ബി. സുമേഷ് എന്നയാൾ മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തൃശൂർ ഈസ്റ്റ് പോലീസിൽ 2024 നവംബറിൽ പരാതി നൽകിയിരുന്നെങ്കിലും അതേക്കുറിച്ച് പോലീസ് അന്വേഷണവും നടത്തിയില്ല.

ആരോപണനിഴലിലുള്ള ബി.ജെ.പി സംഘപരിവാർ കേന്ദ്രങ്ങളിലേക്ക് അന്വേഷണം എത്താതെ പ്രത്യേക ശ്രദ്ധയോടെയുള്ള കരുതൽ ഒരുക്കിയാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടന്നത് എന്നതും ശ്രദ്ധേയമാണ്. പൂരം കലക്കിയതോ, അതോ കലങ്ങിയതോ എന്ന വിവാദം 2024 ൽ കത്തിനിന്ന സമയത്ത് പൂരം കലങ്ങിയിട്ടില്ലെന്നും കലക്കിയിട്ടില്ലെന്നും വെടിക്കെട്ട് അൽപ്പം വൈകുക മാത്രമാണുണ്ടായതെന്നും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി കോഴിക്കോട്ട് പി. ജയരാജിന്റെ പുസ്തകപ്രകാശന ചടങ്ങിൽ പറഞ്ഞപ്പോഴും പൂരം കലക്കിയെന്നും ഗൂഢാലോചനയുണ്ടെന്നുമാണ് പൂരം നടത്തിപ്പുകാരായ പാറമേക്കാവ്, തിരുവമ്പാടി, ദേവസ്വങ്ങളും സർക്കാരിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐയും വിട്ടുവീഴ്ചയില്ലാതെ ചൂണ്ടിക്കാണിച്ചത്.

പൂരം കലങ്ങിയെന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് ബിശ്വം ആവർത്തിച്ചു വ്യക്തമാക്കിക്കൊണ്ടിരിക്കെ പൂരം അലങ്കോലപ്പെട്ടെന്നു തൃശൂർ ഈസ്റ്റ് പോലീസ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തുകയും ചെയ്തതിനുപിന്നാലെ മുഖ്യമന്ത്രിയുടേതായി ഓഫീസ് ഇറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞത് തൃശൂർ പൂരം കലങ്ങിയെന്നു സ്ഥാപിക്കേണ്ടത് സംഘപരിവാറിന്റെ ലക്ഷ്യമാണെന്നും പൂരം കലങ്ങിയെന്നു പറയുന്നവർ സംഘപരിവാറിന്റെ ബി ടീമാണെന്നുമാണ്. ഈ വിഷയത്തിലുള്ള അന്വേഷണങ്ങൾ നടക്കുന്നതിനിടെ പൂരം കലക്കിയില്ലെന്നും കലങ്ങിയില്ലെന്നും മുഖ്യമന്ത്രി നിലപാട് പ്രഖ്യാപിച്ചപ്പോൾ തന്നെ അന്വേഷണങ്ങളുടെ പൊള്ളത്തരവും അത് എങ്ങനെയാകുമെന്നതും വ്യക്തമായിരുന്നു.

ഏറ്റവും ആദ്യം അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്റെ റിപ്പോർട്ടിനെ പരിഹസിച്ച് സി.പി.ഐ മുഖപത്രം 'ജനയുഗം' പ്രസിദ്ധീകരിച്ച കുറിപ്പിൽ ഇങ്ങനെ പറഞ്ഞിരുന്നു: 'കലക്കാതെ കലങ്ങുന്ന നീർച്ചുഴി പോലെയാണത്രേ പൂരമാണെന്നാണ് അജിത് തമ്പുരാന്റെ കണ്ടുപിടുത്തം. പൂരം കലക്കൽ വേളയിലെ ഒരു ചിത്രം പുറത്തുവന്നിട്ടുണ്ട്. കലക്കലിൽ പ്രതിഷേധിക്കുന്ന ഭക്തജനങ്ങളെ അജിത്കുമാർ അഭിസംബോധന ചെയ്യുന്ന ചിത്രം. പൂരം പരിപാടികൾ നിയന്ത്രിക്കുന്നത് ഇയാളാണെന്ന് ചിത്രത്തിൽ വ്യക്തം.
എ.ഡി.ജി.പി രംഗത്തുള്ളപ്പോൾ കാര്യങ്ങൾ നിയന്ത്രിക്കുന്നത് വെറുമൊരു എസ്.പിയാകുന്നത് എങ്ങനെ? പൂരം എങ്ങനെ ഭംഗിയാക്കാമെന്നതിനുപകരം എങ്ങനെ കുളമാക്കാം, പൂരം കലക്കി എങ്ങനെ സുരേഷ്‌ഗോപിയെ ജയിപ്പിക്കാം എന്ന ഗൂഢാലോചനയിലെ ഓരോ നീക്കവും അജിത് നടത്തുന്നത് വീഡിയോയിൽ കാണാം. പൂരം കലക്കിയതിന് ചുക്കാൻ പിടിച്ച അജിത്കുമാർ തന്നെ അന്വേഷണം നടത്തിയാൽ താൻ കലക്കിയില്ല എന്ന റിപ്പോർട്ടല്ലാതെ നൽകാനാവുമോ? നാണം കെട്ട റിപ്പോർട്ട് തയ്യാറാക്കി സ്വയം കുറ്റവിമുക്തനാക്കിയിട്ട് അജിത്കുമാർ നെഞ്ചുവിരിച്ച് ചോദിക്കുന്നു. എങ്ങനെയുണ്ട് എന്റെ പൂരം കലക്കൽ റിപ്പോർട്ട്?' എന്ന ചോദ്യത്തോടെയാണ് അന്നത്തെ ജനയുഗം കുറിപ്പ് അവസാനിക്കുന്നത്. പൂരം അലങ്കോലമായതിന്റെ ഉത്തരവാദിത്തം അന്നത്തെ പോലീസ് കമ്മീഷണറുടെ മാത്രം തലയിൽ കെട്ടിവയ്ക്കുന്ന റിപ്പോർട്ടായിരുന്നു അന്ന് എം.ആർ. അജിത്കുമാർ നൽകിയത്.

2024 സെപ്റ്റംബർ 24 ചൊവ്വാഴ്ച അന്നത്തെ ഡി.ജി.പി ഷെയ്ക്ക് ദർവേഷ് സാഹേബ് എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്റെ റിപ്പോർട്ട് തള്ളി സംഭവത്തിന്റെ എല്ലാവശങ്ങളും ഈ റിപ്പോർട്ടിലില്ലെന്നും വിശദമായ അന്വേഷണം വേണമെന്നും ശുപാർശ ചെയ്ത് കുറിപ്പ് മുഖ്യമന്ത്രിക്ക് നൽകി. പൂരത്തിന് മൂന്നുദിവസം മുമ്പേ തൃശൂരിലെത്തിയ എ.ഡി.ജി.പി അവലോകന യോഗം വിളിച്ചു. യോഗത്തിൽ സിറ്റി പോലീസ് കമ്മീഷണർ അവതരിപ്പിച്ച സുരക്ഷാ പദ്ധതി തള്ളിയ എം.ആർ. അജിത്കുമാർ പുതിയ ക്രമീകരണങ്ങൾ നിർദ്ദേശിക്കുകയായിരുന്നു. പക്ഷേ ഇക്കാര്യങ്ങളൊന്നും എ.ഡി.ജി.പിയുടെ അന്വേഷണറിപ്പോർട്ടിൽ ഇല്ല. ആഭ്യന്തര സെക്രട്ടറി വിശ്വനാഥ് സിൻഹയും എ.ഡി.ജി.പിയുടെ റിപ്പോർട്ട് തള്ളി വിശദ അന്വേഷണം നിർദ്ദേശിച്ച് മുഖ്യമന്ത്രിക്ക് അന്ന് കുറിപ്പ് നൽകിയിരുന്നു. തുടർന്നാണ് ത്രിതല അന്വേഷണം പ്രഖ്യാപിക്കുന്നത്. ആ അന്വേഷണമാണ് ഇപ്പോൾ വേണ്ടപ്പെട്ടവർക്കാർക്കും പരിക്കില്ലാതെ പൂട്ടിക്കെട്ടുന്നത്.

2024 ലെ ഈ വിവാദങ്ങൾക്കിടയിൽ തന്നെയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ 2024 സെപ്റ്റംബർ 24 ന് നടത്തിയ ഒരു വാർത്താസമ്മേളനത്തിൽ, എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ മുഖ്യമന്ത്രി ആർ.എസ്.എസ് നേതാക്കളെ കാണാൻ പറഞ്ഞയച്ചെന്ന ആരോപണബോംബ് പൊട്ടിക്കുന്നത്. 2023 മേയ് 20 മുതൽ 22 വരെ തൃശൂർ പാറമേക്കാവ് വിദ്യാമന്ദിർ സ്‌ക്കൂളിൽ നടന്ന ആർ.എസ്.എസ് ക്യാമ്പിൽ പങ്കെടുത്ത ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബളെയെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ എ.ഡി.ജി.പിയെ പറഞ്ഞയച്ചെന്നായിരുന്നു വി.ഡിയുടെ ആരോപണം.  കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളിൽ നിന്ന് ഒഴിവാക്കാനും 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനും തൃശൂരിൽ ബി.ജെ.പിയെ വിജയിപ്പിക്കുന്നതിനുള്ള രാഷ്ട്രീയധാരണയുണ്ടാക്കാനുമായിരുന്നു കൂടിക്കാഴ്ചയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

2023 മെയ് 22 ന് തൃശൂരിൽ ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ താമസിച്ച പഞ്ചനക്ഷത്ര ഹോട്ടലിൽ ഔദ്യോഗിക വാഹനത്തിലെത്തിയ എം.ആർ. അജിത്കുമാറിനെ ആർ.എസ്.എസിന്റെ ശാസ്ത്ര സാങ്കേതിക വിഭാഗമായ വിജ്ഞാൻ ഭാരതിയുടെ ജനറൽ സെക്രട്ടറിയും ആർ.എസ്.എസ് സമ്പർക്ക് പ്രമുഖുമായ ജയകുമാറിനൊപ്പം ജയകുമാറിന്റെ കാറിലാണ് ആർ.എസ്.എസ് ജനറൽസെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ക്യാമ്പിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. രണ്ടാഴ്ച കഴിഞ്ഞ് 2024 ജൂൺ 2 ന് പ്രമുഖ ആർ.എസ്.എസ് നേതാവായ രാം മാധവുമായി കോവളത്ത് ലീലറാവസിൽ ലീല ഗ്രൂപ്പ് വൈസ് പ്രസിഡന്റ് കൂടിയായ ആഷിഷ് നായരുമായി എ.ഡി.ജി.പി 20 മിനിട്ട് കൂടിക്കാഴ്ച നടത്തിയതും വാർത്തയായി. ഇതുകൂടാതെ ഒരിക്കൽ കൂടി കോവളത്തെ മറ്റൊരു ഹോട്ടലിൽ വെച്ച് എ.ഡി.ജി.പിയും രാംമാധവുമായി കൂടിക്കണ്ട വാർത്തയും പുറത്തുവന്നു. ഈ കൂടിക്കാഴ്ചകളെ പറ്റിയുള്ള സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടുകൾ ഇന്റലിജൻസ് മേധാവി വഴി 48 മണിക്കൂറിനുള്ളിൽ മുഖ്യമന്ത്രിയറിഞ്ഞതായി ഔദ്യോഗികരേഖകൾ ഉണ്ട്. അത്ഭുതകരമെന്നു പറയട്ടെ. യാതൊരുവിധ പ്രതികരണവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

പിന്നീട് ഈ കൂടിക്കാഴ്ചകൾ വലിയ വിവാദമായി. ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിക്ക് വിജ്ഞാനഭാരതിയുടെ നേതാവുമൊത്ത്, ആർ.എസ്.എസിന്റെ മേധാവിയുമായി എന്ത് വിജ്ഞാനമാണ് പങ്കിടാനുള്ളതെന്ന് അറിയില്ലെന്ന് പറഞ്ഞത് സി.പി.ഐ ജനറൽ സെക്രട്ടറി ബിനോയ് വിശ്വമാണ്. തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥൻ, അതിനുപിറകിൽ കൈയുള്ള ആർ.എസ്.എസിന്റെ മേധാവിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ അർത്ഥമെന്തെന്നറിയാൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കൂടിക്കാഴ്ച നടന്നെങ്കിലെന്താ എ.ഡി.ജി.പി എവിടെയെങ്കിലും പോയി ആരെയെങ്കിലും കണ്ടാൽ ഞങ്ങൾ എന്ത് വേണമെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം. 

സി.പി.ഐയുടെ കടുത്ത നിലപാടിനെ തുടർന്ന് ഈ കൂടിക്കാഴ്ചകളെ പറ്റിയന്വേഷിക്കാൻ സംസ്ഥാന പോലീസ് മേധാവി ഷേയ്ക്ക് ദർവേഷ് സാഹേബിനെ ചുമതലപ്പെടുത്തി. സൗഹൃദ കൂടിക്കാഴ്ച മാത്രമാണെന്ന് വിശദീകരണമാണ് എ.ഡി.ജി.പി, പോലീസ് മേധാവിക്ക് നൽകിയത്. പോലീസ് മേധാവിയുടെ റിപ്പോർട്ട് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് നൽകിയെങ്കിലും അത് പുറത്തുവിട്ടില്ല. മാധ്യമങ്ങളും മുൻമന്ത്രികൂടിയായ തൃശൂരിലെ ഇടതുമുന്നണി സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാറും വിവരാവകാശ പ്രകാരം ചോദിച്ചിട്ടും സർക്കാർ റിപ്പോർട്ട് പുറത്തുവിടാൻ തയ്യാറായില്ല. അത് നിയമസഭയിലടക്കം വിമർശനം ആയതിനെ തുടർന്ന് നിയമസഭയുടെ ഒരു സമ്മേളനം തീരുന്ന ദിവസം സഭയുടെ മേശപ്പുറത്തുവയ്ക്കുകയായിരുന്നു.

ആർ.എസ്.എസ് നേതാക്കളുമായി എ.ഡി.ജി.പി എം.ആർ. അജിത്കുമാറുമായി അടച്ചിട്ട മുറിയിൽ നടത്തിയ കൂടിക്കാഴ്ച സൗഹൃദ സന്ദർശനമായി കണക്കാക്കാനാവില്ലെന്നായിരുന്നു സംസ്ഥാന പോലീസ് മേധാവിയുടെ അന്വേഷണ റിപ്പോർട്ടിന്റെ കാതൽ. രാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡൽ ഉറപ്പിക്കാനും ഡി.ജി.പി പട്ടികയിൽ ഇടം പിടിക്കാനുമാണ് കൂടിക്കാഴ്ചയെന്ന് ചില സർക്കാർ അനുകൂല മാധ്യമങ്ങൾ വാർത്ത നൽകുകയുണ്ടായിരുന്നു. അങ്ങനെയെന്തെങ്കിലും വ്യക്തിപരമായ ആവശ്യത്തിനാണ് കണ്ടതെന്നുള്ളതിന് തെളിവില്ലെന്നും അത്തരമൊരു ശുപാർശയ്ക്കുവേണ്ടിയാണ് ആർ.എസ്.എസ് നേതാക്കളെ കണ്ടതെങ്കിൽ അത്  അഖിലേന്ത്യാ സർവ്വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ടിലുണ്ടായിരുന്നു.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കൂടുതൽകാലം സംസ്ഥാന പോലീസ് മേധാവിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയുടെയും രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പോലീസിലെ ഉന്നതപദവിയിൽ ഏറെക്കാലം സർവ്വാധികാരങ്ങളോടെയും വാണ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്റെയും കാര്യത്തിലുള്ള സമാനത ഇരുവരും ബി.ജെ.പിക്കും ആർ.എസ്.എസിനും ഏറ്റവും പ്രിയപ്പെട്ടവരായിരുന്നു എന്നതാണ്. അതുകൊണ്ട് ഇരുവർക്കും സംസ്ഥാന ആഭ്യന്തരവകുപ്പിനും കേന്ദ്ര ആഭ്യന്തരവകുപ്പിനും ഇടയിലുള്ള പാലമായി പ്രവർത്തിക്കാൻ സാധിച്ചു. ഇരുവർക്കും എതിരെ ഭരണപക്ഷത്തുനിന്നും പ്രതിപക്ഷത്തുനിന്നും അതീവ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നെങ്കിലും ഇരുവരെയും ഒരു പോറൽ പോലും ഏൽക്കാതെ സംരക്ഷിക്കുന്നതിൽ മുഖ്യമന്ത്രി കാട്ടിയ കരുതൽ സമാനതകളില്ലാത്തതാണ്.

തൃശൂർ പൂരം കലക്കലിലും എ.ഡി.ജി.പി പി. വിജയൻ നൽകിയ പരാതിയിലും എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ നടപടിക്ക് ശുപാർശ ചെയ്ത് മുൻ ഡി.ജി.പി ദർവേഷ് സാഹേബ് നൽകിയ റിപ്പോർട്ടുകൾ ഏറെക്കാലം കയ്യിൽ വെച്ചശേഷം നിലവിലെ ഡി.ജി.പി റാവാഡ ചന്ദ്രശേഖറിന്റെ അഭിപ്രായം തേടി മടക്കിയയച്ചു. തികച്ചും അസാധാരണ നടപടിയായിരുന്നു അത്. അജിത്കുമാറിനെ സംരക്ഷിക്കുകയെന്ന സർക്കാരിന്റെ ആഗ്രഹം പോലെയുള്ള അഭിപ്രായം രേഖപ്പെടുത്തി പുതിയ ഡി.ജി.പി ഫയൽ മടക്കിയതോടെ അജിത്കുമാറിന്റെ കാര്യം ശുഭമായി.
അജിത്കുമാറിനെതിരെ പി.വി. അൻവർ ഉൾപ്പെടെ ഉന്നയിച്ച, കവടിയാറിലെ വീടുനിർമ്മാണം, ഫ്‌ളാറ്റ് വാങ്ങൽ, സ്വർണ്ണക്കടത്ത് തുടങ്ങിയുള്ള അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന ആരോപണങ്ങളെക്കുറിച്ച് സംസ്ഥാന വിജിലൻസ് അന്വേഷണം നടത്തിയ ആരോപങ്ങളൊന്നും ശരിയല്ലെന്നും അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നും ക്ലീൻചിറ്റ് നൽകുന്ന റിപ്പോർട്ടാണ് ആഭ്യന്തരവകുപ്പിന് വിജിലൻസ് പോലീസ് നൽകിയത്. മുഖ്യമന്ത്രി അതിവേഗം ആ റിപ്പോർട്ട് അംഗീകരിക്കുകയും ചെയ്തു. എന്നാൽ തിരുവനന്തപുരം വിജിലൻസ് കോടതി ഇത് റദ്ദാക്കിയിരുന്നു. വിജിലൻസ് കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ എ.ഡി.ജി.പി സർക്കാർ ഉദ്യോഗസ്ഥനായതുകൊണ്ട് പ്രോസിക്യൂഷൻ അനുമതി തേടിയ ശേഷമേ വിജിലൻസ് കോടതിക്ക് തുടർനടപടി നിർദ്ദേശിക്കാൻ കഴിയൂ എന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്.

തുടർന്ന് കേസിലെ പരാതിക്കാരനായ അഡ്വ. നെയ്യാറ്റിൻകര പി. നാഗരാജ് ആദ്യം വിജിലൻസ് കോടതിയെ സമീപിച്ചപ്പോൾ സർക്കാരാണ് പ്രോസിക്യൂഷൻ അനുമതി നൽകേണ്ടത് എന്ന് പറഞ്ഞ് മടക്കി. തുടർന്ന് പരാതിക്കാരൻ പ്രോസിക്യൂഷൻ അനുമതി തേടി ചീഫ് സെക്രട്ടറിക്ക് കത്തുനൽകിയിരിക്കുകയാണ്. എന്നാൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഈ സർക്കാർ അനുമതി നൽകും എന്ന ഒരത്ഭുതം ആരും പ്രതീക്ഷിക്കുന്നുണ്ടാവില്ല.

വിവാദമായ തൃശൂർ പൂരം കലക്കലിൽ തിരുവമ്പാടി ദേവസ്വത്തെ പ്രതിസ്ഥാനത്ത് നിർത്തിയും പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ മറച്ചുമുള്ള അന്വേഷണ റിപ്പോർട്ട് ഡി.ഐ.ജി തോംസൺ ജോസിന്റെ നേതൃത്വത്തിലുള്ള സംഘം ക്രൈംബ്രാഞ്ച് മേധാവിക്ക് നൽകിയ സന്ദർഭത്തിനും സമയത്തിനും പ്രത്യേക പ്രാധാന്യമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേ തൃശൂർ ജില്ലയിലടക്കം നിയമസഭയിലേക്ക് മത്സരിക്കേണ്ടുന്ന സി.പി.ഐ സ്ഥാനാർത്ഥികൾക്കും വിജയിച്ച് എം.എൽ.എ ആകണം എന്നുള്ളതിനാൽ ഈ ഒരു റിപ്പോർട്ടിനെ എതിർത്ത് വിവാദം സൃഷ്ടിക്കാൻ സി.പി.ഐ നേതൃത്വം തയ്യാറാകില്ല എന്ന ഉറച്ചവിശ്വാസം മുഖ്യമന്ത്രിയുടെ ഓഫീസിനുണ്ടായിരുന്നു.

ആ കണക്കുകൂട്ടൽ അസ്ഥാനത്തായില്ല. പൂരം കലക്കൽ രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നെന്നും സംഭവം നടന്നപ്പോൾ എ.ഡി.ജി.പിയെ ഫോണിൽ വിളിച്ചിട്ട് എടുത്തിട്ടില്ലെന്നും പൂരസമയത്ത് പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ ഡി.ജി.പിയോട് പറഞ്ഞിട്ടും അദ്ദേഹം ഇടപെടാതിരുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ഡി.ഐ.ജിയുടെ അന്വേഷണസംഘത്തിനുമൊഴി നൽകിയ റവന്യുമന്ത്രി കെ. രാജന്റെ മൊഴിപോലും തള്ളിക്കളഞ്ഞ് എ.ഡി.ജി.പിയെ വെള്ളപൂശിയതിൽ മന്ത്രി കെ. രാജനോ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനോ യാതൊരു പരാതിയുമില്ല, പരിഭവവുമില്ല. റിപ്പോർട്ടിനെതിരെ പരസ്യമായി വിമർശനം ഉന്നയിച്ച വി.എസ്. സുനിൽകുമാറിനെ ഒറ്റപ്പെടുത്തി മൂലക്കിരുത്തുന്ന സമീപനമാണ് സി.പി.ഐ തൃശൂർ ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും ഇപ്പോൾ സ്വീകരിച്ചിട്ടുള്ളത്.

ലോക്‌സഭാ ഇലക്ഷനിൽ തൃശൂരിൽ ഇടതുമുന്നണിക്ക് മത്സരിപ്പിക്കാവുന്ന ഏറ്റവും ജനകീയനായ സ്ഥാനാർത്ഥിയായിരുന്നു വി.എസ്. സുനിൽകുമാർ. എന്നാൽ ചില ഉന്നത രാഷ്ട്രീയ ഗൂഢാലോചനകളുടെ ഭാഗമായി തന്നെ ബലിയാടാക്കി എന്ന വിശ്വാസമാണ് സുനിൽകുമാറിനുള്ളത്. ഈ നെറികേടിനെതിരായ പോരാട്ടത്തിൽ ആദ്യഘട്ടത്തിൽ പാർട്ടി സുനിൽകുമാറിനൊപ്പം നിന്നിരുന്നു. ആ പിന്തുണ തുടരും എന്ന് പ്രതീക്ഷിച്ചാണ് പൂരം കലക്കലിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്, അതാണ് പുറത്തുവരേണ്ടത് എന്നും ഉദ്യോഗസ്ഥരെ വെള്ളപൂശി തിരുവമ്പാടി ദേവസ്വം പ്രതിയാണെന്ന് വരുത്തിത്തീർക്കുന്നതിനോട് യോജിക്കാനാകില്ലെന്നും സുനിൽകുമാർ പരസ്യമായി പ്രതികരിച്ചത്. അന്നത്തെ കളക്ടർക്ക് തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്തെ ഉപമുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമനം ലഭിച്ചതും സുനിൽകുമാർ ചൂണ്ടിക്കാണിച്ചിരുന്നു.

എന്നാൽ കഴിഞ്ഞുപോയ ഒരു കാര്യത്തിന്റെ പേരിൽ തിരഞ്ഞെടുപ്പ് കാലത്ത് വിവാദം സൃഷ്ടിച്ച് രാഷ്ട്രീയ ശത്രുക്കൾക്ക് അവസരം നൽകേണ്ടതില്ലെന്ന പ്രായോഗിക നിലപാടിലേക്ക്  സി.പി.ഐ നേതൃത്വം മാറിയതോടെ പാർട്ടിയിലും മുന്നണിയിലും ഒരു കാലത്ത് സി.പി.ഐയുടെ തീപ്പൊരി നേതാവായിരുന്ന വി.എസ്. സുനിൽ കുമാർ ഒറ്റപ്പെട്ടിരിക്കുന്നു. സുരേഷ് ഗോപിക്ക് ആശ്വാസവും. എല്ലാ എതിർപ്പുകളെയും അതിജീവിച്ച് വിജയശ്രീലാളിതനായി എ.ഡി.ജി.പി എം.ആർ. അജിത്കുമാറും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img