
കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഒരു ചിരിയും മുഖഭാവവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. “പൂക്കി മുഖ്യമന്ത്രി” എന്ന പേരിൽ ഇൻസ്റ്റഗ്രാമിലും റീലുകളിലും ട്രോളുകളിലും സതീശനെ ആഘോഷിക്കുകയാണ് യുവാക്കൾ. വാഹന മോഡിഫിക്കേഷനെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം നൽകിയ രസകരമായ പ്രതികരണമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
വാർത്താസമ്മേളനത്തിനിടെ ഒരു യുവാവ് വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച് ചോദ്യം ഉന്നയിച്ചപ്പോഴായിരുന്നു സതീശന്റെ വ്യത്യസ്ത എക്‌സ്പ്രഷനും മറുപടിയും ശ്രദ്ധ നേടിയത്. പിന്നാലെ സമൂഹമാധ്യമങ്ങളിൽ വീഡിയോ വ്യാപകമായി പ്രചരിച്ചു.
വൈറലായ സംഭവത്തെക്കുറിച്ച് പിന്നീട് പ്രതികരിച്ച വി.ഡി. സതീശൻ, ചോദ്യം ചോദിച്ചത് ഒരു ചെറുപ്പക്കാരനായതിനാലാണ് അത്തരത്തിൽ സ്നേഹത്തോടെ മറുപടി നൽകിയതെന്ന് പറഞ്ഞു. യുവാക്കളുടെ ആഗ്രഹം മനസിലാക്കിയുള്ള പ്രതികരണമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
“ഒരു പയ്യനാണ് ചോദിച്ചത്. വാത്സല്യത്തോടെ പറഞ്ഞതാണ്. പേടിക്കണ്ടേടാ, ശരിയാക്കാമെന്ന രീതിയിലായിരുന്നു അത്. ചെറുപ്പക്കാരുടെ ആഗ്രഹമല്ലേ. എന്റെ മോളോട് പറയുന്നതുപോലെ തന്നെയാണ് പറഞ്ഞത്,” എന്നായിരുന്നു സതീശന്റെ വിശദീകരണം.
സംഭവത്തിന്റെ വീഡിയോ മകളാണ് രാത്രി തന്നെ കാണിച്ചുതന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച പരാമർശം വെറും വോട്ട് ലക്ഷ്യമിട്ടതല്ലെന്നും ജനങ്ങളുടെ ആവശ്യങ്ങളും യുവാക്കളുടെ ആഗ്രഹങ്ങളും പരിഗണിച്ചാണ് പ്രതികരിച്ചതെന്നും സതീശൻ കൂട്ടിച്ചേർത്തു.










