
അങ്ങനെ അവസാനം അതു സംഭവിച്ചു. നീണ്ട നിയമയുദ്ധത്തിനൊടുവിൽ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. നീണ്ട നിയമയുദ്ധം എന്നൊക്കെ കേൾക്കുമ്പോൾ തോന്നാം അതിപ്രമാദമായ ഏതോ കൊലക്കേസിനെക്കുറിച്ചോ ശതകോടികളുടെ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചോ ആണു പറയുന്നതെന്ന്. അതൊന്നുമല്ല. സാധാരണഗതിയിൽ പതിനഞ്ചുമിനിട്ടുകൊണ്ട് ഒരു സ്റ്റേഷൻ ഹൗസ് ഓഫീസർ ചെയ്തുതീർക്കേണ്ട കാര്യത്തിനാണ് നീണ്ട നാലുവർഷങ്ങളുടെ നിയമയുദ്ധം ആവശ്യമായി വന്നത്. അതിന്റെ വിശദാംശങ്ങളിലേക്കു കടക്കുമ്പോഴാണ് ഒരേസമയം അഭിമാനവും ലജ്ജയും തോന്നുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും മാനത്തിനും സംരക്ഷണം നൽകാൻ ചുമതലപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ എത്രമാത്രം തരം താഴുന്നു എന്നോർത്താണു ലജ്ജ തോന്നുന്നത്. എല്ലാ പോലീസുകാരുമല്ല ചില പോലീസ് ഉദ്യോഗസ്ഥർ. അതേസമയം എത്രമാത്രം ധനവും സ്വാധീനവും ഉപയോഗിച്ചാലും നീതിയുടെ തുലാസിനെ ഒരിഞ്ച് താഴ്ത്താനോ ഉയർത്താനോ കഴിയില്ല എന്നു ബോധ്യപ്പെടുത്തിയ കോടതിയെക്കുറിച്ച് ഓർക്കുമ്പോഴാണ് അഭിമാനം തോന്നുന്നത്.
ഒരു പരാതി കിട്ടിയാൽ അതും സ്ത്രീ നൽകുന്ന പീഡന പരാതി ആണെങ്കിൽ കേസെടുക്കേണ്ടത് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കർത്തവ്യമാണ്. ആരോപണവിധേയർ അഥവാ പ്രതിസ്ഥാനത്തുള്ളവർ കുറ്റം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നൊക്കെയുള്ളത് അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതാണ്. എഫ്‌ഐആർ (ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട്) ഇട്ടു കേസെടുക്കുക എന്ന പ്രാഥമിക കാര്യം ചെയ്യിക്കാൻ നാലുവർഷവും കേരള ഹൈക്കോടതിയുടെ ഇടപെടലും വേണ്ടി വന്നു എന്നുള്ളത് നമ്മുടെ ജനാധിപത്യ സംവിധാനത്തിന് അഭിമാനകരമാണോ? ചിന്തിക്കേണ്ടിയിരിക്കുന്നു.
മാത്രമല്ല, പരാതി കിട്ടിയിട്ടും കേസ് എടുക്കാതിരുന്നതിലൂടെ വലിയൊരു കുറ്റകൃത്യമാണ് വിനോദ് വലിയാറ്റൂർ ചെയ്തത്. അപ്രകാരം കേസ് രജിസ്റ്റർ ചെയ്തില്ലെങ്കിൽ ഐ.പി.സി വകുപ്പ് 166 എ (സി) അല്ലെങ്കിൽ ബി.എൻ.എസ് വകുപ്പ് 199(സി) പ്രകാരം രണ്ടുവർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യംകൂടിയാണ്.
'ജനങ്ങളാൽ ജനങ്ങൾക്കുവേണ്ടി ജനങ്ങൾ തന്നെ' എന്നതാണു ജനാധിപത്യത്തിന്റെ നിർവചനമായി നാം പറയാറുള്ളത്. എന്നാൽ ഈ ജനാധിപത്യരാജ്യത്തെ സാധാരണക്കാർക്കുള്ള നിയമങ്ങളൊന്നും നമ്മുടെ നിയമപാലകർക്കും പോലീസിനും ബാധകമല്ലേ? 'പോലീസുകാരാൽ പോലീസിനുവേണ്ടി പോലീസ് തന്നെ' എന്നൊരു നിർവചനം അഥവാ നടപടിക്രമം അവർ സൃഷ്ടിച്ചിട്ടുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കുറച്ചു കാലമായി നടന്നുകൊണ്ടിരിക്കുന്ന ഒരു കേസിന്റെ പിന്നാമ്പുറങ്ങളിലേക്കു കടന്നുചെല്ലുമ്പോൾ തോന്നുന്ന സാമാന്യ സംശയങ്ങളാണിത്.
എന്തൊക്കെയാണ് ഈ നാട്ടിൽ നടക്കുന്നത്? ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ചു പരാതിവന്നാൽ (ഔദ്യോഗികമല്ല) എഫ്‌ഐആർ പോലും ഇടാതിരിക്കുക വർഷങ്ങളോളം ആ കേസിനുമേൽ അടയിരുന്ന് അതു തേച്ചുമാച്ചു കളയുക കാലം കണക്കുചോദിക്കും മട്ടിൽ ആ കേസ് കോടതിയിലെത്തുക-കേസ് എടുക്കാതിരിക്കാൻ സുപ്രീം കോടതിവരെ പോകുക-തികച്ചും സ്വകാര്യമായ ഔദ്യോഗികമല്ലാത്ത കേസു നടത്തിപ്പിനായി പോലീസ് അസോസിയേഷൻ ഫണ്ടിൽ നിന്നും തെറ്റിദ്ധരിപ്പിച്ച് ലക്ഷക്കണക്കിനു രൂപ കൈപ്പറ്റുക-ഇതൊക്കെ നടന്നത് ഉത്തരേന്ത്യയിലെ ഏതെങ്കിലും ജമീന്ദാർ ഭരിക്കുന്ന ഗ്രാമത്തിലല്ല. നമ്മുടെ കേരളത്തിൽ-വിദ്യാഭ്യാസവും വിവരവും രാഷ്ട്രീയ നീതിബോധവും എല്ലാം ഉണ്ടെന്നഭിമാനിക്കുന്ന കേരളത്തിലാണ് ഇങ്ങനെയുള്ള സംഭവം അരങ്ങേറിയത്. ഏതാണ്ട് പതിനാലുലക്ഷത്തിലേറെ രൂപയാണ് അസോസിയേഷനെ തെറ്റിദ്ധരിപ്പിച്ച് ഒരു പോലീസ് സൂപ്രണ്ട് ഉൾപ്പെടെയുള്ള മൂന്നു പോലീസ് ഉദ്യോഗസ്ഥർ വാങ്ങിയത്.
കോടതിയുടെ മുമ്പിലുള്ള കേസ് ആയതുകൊണ്ട് അതിലെ ന്യായാന്യായങ്ങളെക്കുറിച്ച് ഇവിടെ ചർച്ച ചെയ്യുന്നില്ല. ആ കേസ് സത്യമാണോ കളവാണോ എന്നും പറയുന്നില്ല. അതൊക്കെ തീരുമാനിക്കേണ്ടതു കോടതിയാണ്. ഇവിടെ പ്രശ്‌നം കേസ് സത്യമാണോ എന്നതല്ല. കേസ് എടുക്കാത്തതാണ്. അതായത് പോലീസിന് ഒരു നീതിയും പൊതുജനങ്ങൾക്കു മറ്റൊന്നും. ഇതേ ആരോപണം ഒരു സാധാരണ വ്യക്തിയുടെ പേരിലാണുണ്ടായിരിക്കുന്നതെങ്കിലോ? ആ നിമിഷം എഫ്‌ഐആർ ഇട്ട് കേസെടുക്കില്ലായിരുന്നോ?
ഇനി ആ കേസിനെക്കുറിച്ചു പറയാം. എങ്കിൽ മാത്രമേ നിയമപാലകർ എന്നു നാം കരുതുന്ന പോലീസിന്റെ ഇരട്ടത്താപ്പ് ബോധ്യപ്പെടുകയുള്ളൂ. കേസിനാസ്പദമായ സംഭവത്തെക്കുറിച്ച് പരാതിക്കാരി പറയുന്നത് എന്തെന്നു വിശദീകരിക്കാം.
മലപ്പുറം ജില്ലയിലെ പൊന്നാനിയിലാണു സംഭവം. അവിടെയൊരു വീട്ടമ്മ ഒരു പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തുന്നു. പൊന്നാനി ഇൻസ്‌പെക്ടറായ വിനോദ് വലിയാറ്റൂരിന്റെ പക്കൽ ഒരു പരാതി സമർപ്പിക്കുന്നു. ഭൂമി സംബന്ധമായി ബന്ധുക്കൾ തമ്മിലുള്ള തർക്കം സംബന്ധിച്ചാണു പരാതി. ഇവിടെത്തന്നെ സംശയങ്ങൾ ആരംഭിക്കുന്നു. ഭൂമി സംബന്ധമായ കേസ് ആണെങ്കിൽ സിവിൽ കേസ് ആണ്. അതു പോലീസ് കൈകാര്യം ചെയ്യേണ്ടതല്ല. അതല്ല തർക്കം വഴക്കിലേക്കോ അക്രമത്തിലേക്കോ പോയിട്ടുണ്ടെങ്കിൽ അഥവാ പോകാൻ സാധ്യതയുണ്ടെങ്കിൽ പോലീസിന് അന്വേഷിക്കാം. സിഐ ഇക്കാര്യം പരാതിക്കാരിയോടു പറയുന്നില്ല. കേസിനെക്കുറിച്ചു കൂടുതൽ അന്വേഷിക്കാൻ പരാതിക്കാരിയുടെ വീട്ടിൽ എത്തുന്നു. അതിൽ തെറ്റില്ല. പക്ഷേ രാത്രി ഒൻപതുമണിക്ക് എത്തി എന്നാണു പരാതിക്കാരി പറയുന്നത്. ഇതു ശരിയാണെങ്കിൽ അന്വേഷണരീതിയിൽ ഒരു ശരികേടില്ലേ? അന്ന് പരാതിക്കാരിയുടെ മകൻ ടൂർ പോയ ദിവസമായിരുന്നത്ര. ഈ സമയത്ത് തന്റെ അയൽവാസിയും സുഹൃത്തുമായ നസീമയും വീട്ടിൽ ഉണ്ടായിരുന്നതായി പരാതിക്കാർ പറയുന്നു. കേസിന്റെ കാര്യങ്ങൾ വിശദമായി ഒറ്റയ്ക്കു സംസാരിക്കണമെന്ന് പറഞ്ഞ് പരാതിക്കാരിയെ മുറിക്കുള്ളിലേക്കു കൊണ്ടുപോയതായും അടച്ചിട്ട മുറിയിൽ വച്ച് തന്റെ സമ്മതമില്ലാതെ ശാരീരികമായി ബന്ധപ്പെട്ടു എന്നുമാണ് പരാതിയിൽ പറയുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥനായതുകൊണ്ട് ഭയന്നുപോയത്രെ. മാത്രമല്ല തിരിച്ചുപോകുന്ന സമയത്ത് പണയം വയ്ക്കാൻ എന്ന പേരിൽ കുറച്ചു സ്വർണ്ണവും വാങ്ങിക്കൊണ്ടു പോയതായും പരാതിക്കാരി ആരോപിക്കുന്നുണ്ട്. മാസങ്ങൾ കഴിഞ്ഞിട്ടും സ്വർണ്ണം തിരിച്ചുകൊടുക്കുകയോ പരാതിക്കു പരിഹാരം കാണുകയോ ഉണ്ടായില്ലത്രെ.
ക്ഷമ നശിച്ച പരാതിക്കാരി തിരൂർ ഡിവൈഎസ്പിക്കു ഇക്കാര്യം സംബന്ധിച്ച് പരാതി നൽകുന്നു. ഡിവൈഎസ്പി വി.വി. ബന്നിയും അന്വേഷണത്തിന്റെ ഭാഗമായി തന്റെ വീട്ടിലെത്തിയെന്നും തന്നോടു മോശമായി പെരുമാറി എന്നും പരാതിക്കാരി ആരോപിക്കുന്നു. പരാതിയിൽ നടപടി ഉണ്ടാകാതിരുന്നപ്പോഴാണ് മലപ്പുറം പോലീസ് സൂപ്രണ്ടിനു പരാതി നൽകാൻ ആരോ ഉപദേശിച്ചത്. മലപ്പുറം എസ്.പി അന്ന് എസ്. സുജിത് ദാസ് ഐപിഎസ് ആണ്. മലപ്പുറം എസ്.പിയ്ക്ക് താൻ വിശദമായ പരാതി നൽകിയെന്നും നേരത്തെ തന്നെ ഉപദ്രവിച്ച പോലീസ് ഉദ്യോഗസ്ഥരുടെ പേര് അതിൽ പരാമർശിച്ചിരുന്നതായും പരാതിക്കാരി പറയുന്നുണ്ട്. പിന്നീടുണ്ടായ സംഭവങ്ങളെക്കുറിച്ചു പരാതിയിൽ പറയുന്ന കാര്യങ്ങൾ സത്യമാണെങ്കിൽ അത് അതീവ ഗുരുതരമായ കുറ്റം തന്നെയാണ്. അതായത് മലപ്പുറം എസ്.പി തന്റെ പരാതിയിൽ നടപടി എടുക്കുന്നില്ല എന്നുമാത്രമല്ല വേണ്ട നടപടി സ്വീകരിക്കാം എന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് ശാരീരികമായി ചൂഷണം ചെയ്തുവത്രെ.
ആദ്യം പരാതിക്കാരിയുടെ വീട്ടിൽ വച്ചും പിന്നീട് വീണ്ടും പരാതിക്കാരിയെ മറ്റൊരു വീട്ടിലേക്കു വിളിച്ചുവരുത്തുകയും അവിടെ വച്ചും മുൻ സംഭവങ്ങൾ ആവർത്തിക്കുകയും ചെയ്തു എന്നാണു പരാതിക്കാരി പറയുന്നത്. മാത്രമല്ല അന്ന് ആ വീട്ടിൽ എസ്പിയുടെ ഒരു സുഹൃത്തും ഉണ്ടായിരുന്നു എന്നും അയാൾക്കും വഴങ്ങണമെന്ന് എസ്പി ആവശ്യപ്പെട്ടപ്പോൾ താൻ ഒരുതരത്തിൽ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിക്കാരിയായ വീട്ടമ്മ പറയുന്നു. ഇവിടെയാണ് ഈ സംഭവങ്ങളുടെ നിർണ്ണായകമായ ഭാഗം. തന്നെ ശാരീരികമായി ഉപദ്രവിച്ചു അഥവാ ബലാത്സംഗം ചെയ്തു എന്നൊരു വീട്ടമ്മ ആരോപിക്കുന്നു. കുറ്റാരോപിതർ അതു നിഷേധിക്കുന്നു. സാധാരണ ഗതിയിൽ ആ സാഹചര്യത്തിൽ എന്താണു ചെയ്യുന്നത്? പോലീസ് കൃത്യമായ അന്വേഷണം നടത്തി വാസ്തവം കണ്ടെത്തണം. അതാണു വേണ്ടത്. അതാണു നിയമം അനുശാസിക്കുന്നതും. എന്നാൽ ആ നിയമപരമായ നടപടി ക്രമങ്ങളെ വെല്ലുവിളിക്കുകയാണു പോലീസ് ചെയ്തത്. അതായത് പരാതിക്കാരി കൊടുത്ത ഒരു പരാതിയിലും നടപടി എടുത്തില്ല. ഭൂമി സംബന്ധമായ കേസിൽ കേസെടുക്കാൻ കഴിയില്ലെങ്കിൽ അക്കാര്യം അവരെ ബോധ്യപ്പെടുത്തുകയും കോടതിയിൽ സിവിൽ കേസ് നൽകാൻ ഉപദേശിക്കുകയുമാണ് വേണ്ടിയിരുന്നത്. അതു ചെയ്തില്ല. പിന്നീടു നടന്ന സംഭവങ്ങൾ ശരിക്കും ഒരു സിനിമാക്കഥയെ വെല്ലുന്നതാണ്.
2022 ജനുവരി മാസത്തിലാണ് പൊന്നാനി സ്വദേശിയായ വീട്ടമ്മ പോലീസ് സ്റ്റേഷനിൽ എത്തി സ്റ്റേഷൻ ഹൗസ് ഓഫീസർ വിനോദ് വലിയാറ്റൂരിനു ഭൂമിസംബന്ധമായ പരാതി നൽകുന്നത്.
പിന്നീടു മൂന്നുമാസങ്ങൾക്കുശേഷമാണ് സി.ഐയുടെ പേരിൽ പരാതിയുമായി ഡിവൈഎസ്പി വി.പി ബെന്നിയുടെ പക്കലെത്തുന്നത്. അവിടെയും പ്രശ്‌നപരിഹാരമുണ്ടാകാത്തതിനെത്തുടർന്ന് മലപ്പുറം എസ്.പി സുജിത് ദാസിനു മുന്നിലെത്തുന്നത് വീണ്ടും മാസങ്ങൾക്കുശേഷമാണ്. അവിടുത്തെ അനുഭവങ്ങൾ വീട്ടമ്മ പറഞ്ഞത് നേരത്തെ പരാമർശിച്ചുവല്ലോ. അപ്പോഴേക്കും ഏതാണ്ടു ഒമ്പതുമാസങ്ങൾ കഴിഞ്ഞിരുന്നു. നോക്കുക സാധാരണഗതിയിൽ ഒരു ലൈംഗിക പീഡനപരാതി വന്നാൽ മണിക്കൂറുകൾക്കകം കേസെടുക്കുകയാണു പതിവ്. അഥവാ പ്രാഥമിക അന്വേഷണം ആവശ്യമാണെങ്കിൽ പോലും ഏതാനും ദിവസങ്ങളേ എടുക്കുകയുള്ളൂ. ഇവിടെ നീണ്ട ഒമ്പതുമാസങ്ങൾ കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. അതോടെ വീട്ടമ്മയ്ക്കു മതിയായി. തനിക്കു നീതികിട്ടില്ല എന്നുതന്നെ അവർ ഉറപ്പിച്ചു. വീണ്ടും കേസുമായി മുന്നോട്ടുപോകാനുള്ള സാഹചര്യമില്ലാത്തതുകൊണ്ടാകാം എല്ലാ സങ്കടങ്ങളും മനസ്സിലൊതുക്കി അവർ നിശ്ശബ്ദയായി.
ഒരുവർഷം കൂടി കടന്നുപോയി. തനിക്കു നീതി കിട്ടില്ലെന്നുറപ്പായതോടെ വീട്ടമ്മ വീണ്ടും പരാതിയുമായി മുമ്പോട്ടു പോകാൻ തയ്യാറായതുമില്ല. ഇവിടെയാണ് വിധിയുടെ ഇടപെടൽ എന്നു പറയാവുന്ന ഒരു സംഭവമുണ്ടായത്.
2024-ൽ എസ്.പി. സുജിത്ദാസിന്റെ പേരിൽ ഗുരുതരമായ മറ്റൊരു ആരോപണം ഉണ്ടാകുന്നു. എസ്.പിയുടെ ക്യാമ്പ് ഓഫീസിനുമുന്നിലെ മരങ്ങൾ മുറിച്ചതുമായി ബന്ധപ്പെട്ടതായിരുന്നു അത്. തേക്ക,് മഹാഗണി തുടങ്ങിയ മരങ്ങൾ അനധികൃതമായി മുറിച്ചു ഫർണിച്ചർ ഉണ്ടാക്കിയെന്നോ മറ്റോ ആയിരുന്നു പരാതി. ഇതുസംബന്ധിച്ച് അന്നത്തെ നിലമ്പൂർ എംഎൽഎ പി,വി അൻവർ രംഗത്തുവരുകയും അദ്ദേഹം പരാതി നൽകുകയും ചെയ്തു. എംഎൽഎ ഇടപെട്ടതോടെ എസ്.പി. സുജിത്ദാസ് വിരണ്ടു. പരാതി പിൻവലിക്കണമെന്നഭ്യർത്ഥിച്ചു കൊണ്ട് എസ്.പി. എം.എൽ.എയെ വിളിക്കുകയും ആ ഫോൺകോൾ ചോർന്ന് വാർത്താചാനലുകളിലൂടെ പുറത്താകുകയും ചെയ്തു. ഈ വാർത്ത കേട്ട പൊന്നാനിയിലെ വീട്ടമ്മ എസ്.പി. സുജിത് ദാസിനെ തിരിച്ചറിഞ്ഞു. അവർ പി.വി. അൻവർ എംഎൽഎയെ സമീപിച്ചു. എംഎൽഎ മുഖ്യമന്ത്രിക്കു പരാതി നൽകാൻ ഉപദേശിക്കുകയും വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു. മുഖ്യമന്ത്രിക്കു നൽകുന്ന പരാതി മേൽ നടപടികൾക്കായി ഡിജിപിയെ ഏൽപ്പിക്കും. ഡിജിപി അത് താഴേക്കയക്കും. പോലീസിനെതിരെ കേസെടുക്കാൻ പോലീസ് തയ്യാറാകാത്ത കേസിനെക്കുറിച്ചുള്ള പരാതിയാണ്. നമ്മുടെ നാട്ടിലെ രീതിയനുസരിച്ച് ഈ പരാതിയും ഏതെങ്കിലും മൂലയിൽ പൊടിപിടിച്ചിരിക്കുകയോ ചവറ്റുകൊട്ടയിൽ എത്തുകയോ ചെയ്യുമായിരുന്നു. ദൈവത്തിന്റെ ഇടപെടൽ എന്നു പറയാവുന്ന രീതിയിൽ വീണ്ടും ഇതിന്നൊരു വഴിത്തിരിവുണ്ടാകുന്നു.
ഈ കേസ് സംബന്ധിച്ച വാർത്തകൾ മാധ്യമങ്ങളിൽ വന്നത് കേരള ഹൈക്കോടതി അഭിഭാഷകനായ അഡ്വ.മുഹമ്മദ് ഫിർദൗസ് ശ്രദ്ധിച്ചു. പോലീസിന്റെ രീതികൾ അറിയാവുന്ന അദ്ദേഹം ആ വീട്ടമ്മയ്ക്കു നീതി ലഭിക്കണണെന്നാഗ്രഹിച്ചു. അവരോടു കോടതിയിൽ കേസുകൊടുക്കാൻ നിർദ്ദേശിച്ചു. അങ്ങനെ വീട്ടമ്മ പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയിൽ കേസുകൊടുത്തു. പ്രതികൾക്കു നോട്ടീസ് അയയ്ക്കാൻ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ഇതൊരു അസാധാരണമായ നടപടിക്രമമാണ്. സാധാരണ ഗതിയിൽ ഒരു സ്ത്രീയെ പീഡിപ്പിച്ചു എന്നു പരാതിയുണ്ടായാൽ കേസെടുക്കാൻ നിർദ്ദേശിക്കുകയാണു പതിവ്. ഇതിനെതിരെ ഹൈക്കോടിയിൽ പരാതി നൽകിയപ്പോൾ ഹൈക്കോടതി കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ മജിസ്‌ട്രേറ്റിനു നൽകിക്കൊണ്ട് ഉത്തരവു പുറപ്പെടുവിച്ചു. ഇതിനെതിരെ ഹൈക്കോടതി ഡിവിഷൻ ബഞ്ചിൽ വീണ്ടും കേസുവന്നു. ഡിവിഷൻ ബഞ്ചിന്റെ ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ കേസെത്തി. ആറുദിവസമാണ് സുപ്രീംകോടതിയിൽ ഈ കേസുമായി ബന്ധപ്പെട്ട വാദം നടന്നത്. സുപ്രീംകോടതി കേസെടുക്കാൻ വേണ്ട നടപടി സ്വീകരിക്കാൻ വീണ്ടും പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയെത്തന്നെ ചുമതലപ്പെടുത്തി. ഓർമ്മിക്കുക ഈ ബലാത്സംഗ പരാതി വന്നാൽ ആദ്യം ചെയ്യേണ്ട കാര്യമാണ് എഫ്‌ഐആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്യുക എന്നത്. അന്വേഷണം പിന്നീടാണ്. പക്ഷേ ആ എഫ്‌ഐആർ ഇടാൻ വേണ്ടി കേസും അപ്പീലുമെല്ലാമായി സുപ്രീംകോടതിവരെ എത്തേണ്ടിവരുക എന്നു പറഞ്ഞാൽ നമ്മുടെ പോലീസ് സംവിധാനത്തിന്റെ അപചയത്തിന്റെ അങ്ങേ അറ്റമല്ലേ വെളിവാക്കുന്നത്. മജിസ്‌ട്രേറ്റ് കോടതി കേസെടുക്കാൻ നിർദ്ദേശിച്ചു. ഇതിനെതിരെ വീണ്ടും ഹൈക്കോടതിയിൽ പ്രതികൾ അപ്പീൽ നൽകി. ഹൈക്കോടതി അതു തള്ളി.
നീണ്ട നാലുവർഷങ്ങൾക്കുശേഷമാണെങ്കിലും പരാതിക്കാരിക്കു ഭാഗികമായി നീതി ലഭിച്ചു എന്നു പറയാം. ഇനി കേസെടുത്ത് അന്വേഷണം നടത്തും. അതിന്റെ ഫലം എന്തായാലും കേസെടുപ്പിക്കില്ല എന്ന രീതിയിലുള്ള പ്രതികളുടെ നീക്കത്തിനു കനത്ത തിരിച്ചടി തന്നെയാണു കേരള ഹൈക്കോടതി നൽകിയിരിക്കുന്നത്. കേസെടക്കാൻ കഴിഞ്ഞ ഓഗസ്റ്റ് ഒമ്പതാംതീയതി മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിട്ടും അതു നടപ്പിലാക്കാൻ പോലീസ് തയ്യാറായില്ല. സാങ്കേതിക തടസ്സങ്ങൾ വരുത്തി പ്രതികൾക്കു ഹൈക്കോടതിയിൽ പോകാൻ വഴിയൊരുക്കുകയായിരുന്നു. ഇതിനെതിരെയും കടുത്ത ഭാഷയിൽ ഹൈക്കോടതി വിമർശനം നടത്തിയിരുന്നു. പോലീസിന്റെ തലപ്പത്തുള്ളവർ തീരുമാനിച്ചാൽ എന്തും നടക്കും എന്ന അഹങ്കാരത്തിനേറ്റ കനത്ത തിരിച്ചടിയായി കൂടി ഈ കേസിനെ കാണേണ്ടതുണ്ട്. ഇതിൽ പരാതിക്കാരിക്കുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും കേസ് ഏറ്റെടുത്ത് ഇവിടം വരെ എത്തിക്കുകയും ചെയ്തതിന്റെ ക്രെഡിറ്റ് അഡ്വ.മുഹമ്മദ് ഫിർദൗസിനുമാത്രമുള്ളതാണ്.
കേസിന്റെ ഒന്നാംഘട്ടമേ ആയിട്ടുള്ളൂ. അന്വേഷണം തുടരട്ടെ. പക്ഷെ അധികമാരും ശ്രദ്ധിക്കാത്ത ഒരു വലിയ കുറ്റകൃത്യം കൂടി ഈ കേസുമായി ബന്ധപ്പെട്ടു സംഭവിച്ചിട്ടുണ്ട്.
ഈ കേസ് നടത്തിപ്പിനായി വലിയൊരു തുക പോലീസ് വെൽഫെയർ അസോസിയേഷനിൽ നിന്നും പ്രതികൾ കൈപ്പറ്റിയിട്ടുണ്ട് എന്നതാണത്. ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി ഒരു കേസ് വന്നാൽ അതു നടത്താനുള്ള സാമ്പത്തിക സഹായങ്ങൾ പോലീസ് വെൽഫെയർ അസോസിയേഷനാണ് ചെയ്യുന്നത്. എന്നാൽ ഇവിടെ തികച്ചും സ്വകാര്യ അന്യായമാണു ഫയൽ ചെയ്യപ്പെട്ടത്. ഒരു സ്ത്രീ, അവരെ പീഡിപ്പിച്ചു എന്നൊരു പരാതി നൽകുന്നത് കൃത്യനിർവഹണം തടസ്സപ്പെടുത്തലോ കൃത്യനിർവഹണത്തനിടയ്ക്കു സംഭവിക്കുന്ന മറ്റെന്തെങ്കിലും പ്രശ്‌നമോ ആകുന്നില്ല. ഇക്കാര്യം മറച്ചുവച്ചാണ് ഏതാണ്ടു പതിനാലു ലക്ഷത്തോളം രൂപ ആരോപണ വിധേയൻ കൈപ്പറ്റിയത്. ഈ പണത്തിന് അപേക്ഷിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങളും ചട്ടവുമുണ്ട്. കേരളത്തിലെ പോലീസ് സേനയിലെ ഓരോ അംഗത്തിൽ നിന്നും പ്രതിമാസം പിരിച്ചെടുക്കുന്നതാണ് ഈ ഫണ്ട്. അതുകൊണ്ടുതന്നെ വളരെ കൃത്യമായ വ്യവസ്ഥകളും അതു സംബന്ധിച്ച് ഉണ്ട്.
ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി ഒരു കേസ് അഥവ സ്യൂട്ട് വന്നാൽ ആറുമാസത്തിനകം ഈ സഹായധനത്തിന് അപേക്ഷിച്ചിരിക്കണം. എന്തു ഡ്യൂട്ടിയുടെ ഭാഗമായിട്ടാണു കേസ് വന്നിരിക്കുന്നതെന്ന് പ്രത്യേകം അറിയിക്കണം. യൂണിറ്റ് ഹെഡിനു കൊടുക്കുന്ന ഈ അപേക്ഷ യൂണിറ്റ് ഹെഡ്ഡിന്റെ റിമാർക്കോടുകൂടി പോലീസ് വെൽഫെയർ സെക്രട്ടറിക്കു കൊടുക്കണം. പോലീസ് വെൽഫെയർ ബ്യൂറോ ഇതു സൂക്ഷ്മപരിശോധന നടത്തിയശേഷമാണ് ഫണ്ട് അനുവദിക്കാൻ ശുപാർശ ചെയ്യുന്നത്. സംസ്ഥാന പോലീസ് ചീഫിന് അതായത് ഡിജിപിയ്ക്കാണ് ഇത് അയയ്ക്കുന്നത്. ഔദ്യോഗികമായി അനുവദിക്കേണ്ടതു ഡിജിപിയാണ്. ഇങ്ങനെ ഡിജിപി അനുവദിക്കുന്നതിന്റെ കോപ്പി ഹോംസെക്രട്ടറിക്ക് അയച്ചുകൊടുക്കണം. ഇത്രയും നടപടി ക്രമങ്ങൾ പാലിച്ചുവേണം ഈ ഫണ്ട് അനുവദിക്കാനും കൈപ്പറ്റാനും. ഇത്രയും കൃത്യവും സുതാര്യവുമായ നടപടിക്രമങ്ങൾക്കിടയിൽ ഈ കേസ് ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി ഉണ്ടായതല്ലെന്നും ഒരു സ്ത്രീയുടെ പീഡന പരാതി മാത്രമാണെന്നും തിരിച്ചറിയാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ആർക്കും കഴിഞ്ഞില്ലെന്നുണ്ടോ? അതോ പ്രതികളുടെ സ്വാധീനം മൂലം ശരിയായ അന്വേഷണങ്ങൾ നടന്നിട്ടില്ലെന്നാണോ കരുതേണ്ടത്. ഏതായാലും കേരള പോലീസ് സേനയുടെ ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം നടാടെയായിരിക്കും. അതു സേനയ്ക്കുമേൽ വരുത്തിയിരിക്കുന്നത് തീരാക്കളങ്കമാണുതാനും. അതുകൊണ്ട് അനധികൃത ഫണ്ട് കൈപ്പറ്റൽ സംബന്ധിച്ചും കൃത്യമായ അന്വേഷണം അനിവാര്യമാണ്. അർഹതയുള്ളവർക്കു ലഭിക്കേണ്ട ധനം അനർഹരുടെ കൈകളിൽ ചെന്നുപെടരുത്. അങ്ങനെ സംഭവിച്ചാൽ സംവിധാനത്തിന്റെ വിശ്വാസ്യതയെത്തന്നെ തകർക്കുകയാകും ഫലം. നിലവിൽ ഇതു സംബന്ധിച്ച് പരാതി നൽകിയിട്ടില്ലാത്തതിനാൽ ആരും ശ്രദ്ധിക്കാതെ പോകാനാണു സാധ്യത. അതു ശരിയല്ല. ഇക്കാര്യവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം അഥവാ മറ്റൊരു കേസായി രജിസ്റ്റർ ചെയ്യണം. കാരണം ലൈംഗികപീഡന പരാതി ഉണ്ടായത് ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി കാണാനാവില്ലെന്ന് അസന്നിഗ്ധമായി കേരള ഹൗക്കോടതി പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനാൽ അനധികൃതമായി വാങ്ങിയ പണം തിരിച്ചടപ്പിക്കുകയും സർക്കാരിനെയും (ഡിജിപി) പോലീസ് വെൽഫെയർ അസോസിയേഷനെയും തെറ്റിദ്ധരിപ്പിച്ചതിന് വഞ്ചനാ കുറ്റത്തിനു കേസെടുക്കുകയും ചെയ്യേണ്ടതാണ്.
എന്തായാലും അന്വേഷണം പോലും നടത്താതെ അവസാനിപ്പിക്കാൻ ശ്രമിച്ച പരാതിയിൽ കേസെടുത്തിരിക്കുകയാണ്. കോടതിയുടെ കൃത്യമായ നീക്കം മാത്രമാണ് അതിനു കാരണം. അതിലേക്കുനയിച്ചതാകട്ടെ അഡ്വ.മുഹമ്മദ് ഫിർദൗസിയുടെ സമയോചിതമായ ഇടപെടലും. നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ്. എന്ന് ആദ്യം ഓർമ്മിപ്പിക്കേണ്ടത് കേരള പോലീസിനെയാണ്.










