
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിലും പിതാവിന്റെ ശരീരത്തിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണമിശ്രിതമാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) പിടിച്ചെടുത്തത്. മലപ്പുറം പൊന്നാനി സ്വദേശിയായ യാത്രക്കാരന്റെ കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച നിലയിലാണ് ആദ്യം സ്വർണം കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് നിന്നെത്തിയ ഡിആർഐ സംഘമാണ് പരിശോധന നടത്തിയത്.
റാസൽഖൈമയിൽ നിന്ന് ചൊവ്വാഴ്ച രാത്രി കരിപ്പൂരിലെത്തിയ സംഘത്തിൽ പിതാവും മൂന്ന് മക്കളുമുണ്ടായിരുന്നു. പരിശോധനയ്ക്കിടെ കുഞ്ഞിന്റെ ഡയപ്പറിൽ നിന്ന് അരക്കിലോയോളം സ്വർണം കണ്ടെത്തി. ഇതിന് ഏകദേശം അരക്കോടി രൂപ വില വരുമെന്നാണ് വിവരം. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് യാത്രക്കാരന്റെ ശരീരത്തിൽ ഒളിപ്പിച്ചിരുന്ന ബാക്കി സ്വർണമിശ്രിതവും കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വർണത്തിന് ആകെ ഒരു കോടി രൂപയോളം വിലവരുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ.
സംഭവത്തിൽ ഡിആർഐ അന്വേഷണം തുടരുകയാണ്. സ്വർണം കടത്താൻ പിന്നിൽ പ്രവർത്തിച്ചവരെയും യാത്രക്കാരന് ലഭിച്ച നിർദേശങ്ങളെയും കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.











