11:31pm 10 July 2026
NEWS
സ്കൂളുകളിൽ രാഷ്ട്രീയത്തിന് വിലക്ക്; തമിഴ്നാട് സർക്കാരിന്റെ പുതിയ ഉത്തരവ്
10/07/2026  12:35 PM IST
nila
സ്കൂളുകളിൽ രാഷ്ട്രീയത്തിന് വിലക്ക്; തമിഴ്നാട് സർക്കാരിന്റെ പുതിയ ഉത്തരവ്

ചെന്നൈ: സർക്കാർ സ്‌കൂളുകളും ക്ലാസ് മുറികളും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് പൂർണമായും അകറ്റിനിർത്താൻ തമിഴ്നാട് സർക്കാർ പുതിയ മാർഗനിർദേശം പുറത്തിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്കും സ്വകാര്യ വ്യക്തികൾക്കും പ്രവേശനം അനുവദിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി.

സ്കൂൾ വിദ്യാഭ്യാസ മന്ത്രി രാജ് മോഹൻ പുറത്തിറക്കിയ സർക്കുലർ പ്രകാരം, ഔദ്യോഗിക സർക്കാർ പരിപാടികളിൽ പങ്കെടുക്കുന്ന ജനപ്രതിനിധികൾക്ക് മാത്രമേ ഇനി മുതൽ സർക്കാർ സ്‌കൂളുകളിൽ പ്രവേശനം അനുവദിക്കൂ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠനത്തിനുള്ള ഇടമാണെന്നും രാഷ്ട്രീയ പരിപാടികൾക്കോ പ്രചാരണ പ്രവർത്തനങ്ങൾക്കോ ഉപയോഗിക്കരുതെന്നുമാണ് സർക്കുലറിൽ വ്യക്തമാക്കുന്നത്.

ക്ലാസ് മുറികൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്കു മാത്രമായി ഉപയോഗിക്കണമെന്നും രാഷ്ട്രീയ നേതാക്കളെയോ മറ്റ് വ്യക്തികളെയോ പുകഴ്ത്തുന്ന പരിപാടികൾ അവിടെ സംഘടിപ്പിക്കരുതെന്നും ഉത്തരവിൽ നിർദേശിക്കുന്നു. രാഷ്ട്രീയ നേതാക്കളുടെ ജന്മദിനാഘോഷങ്ങൾ ഉൾപ്പെടെ സ്‌കൂൾ ക്യാംപസുകളിലും ക്ലാസ് മുറികളിലും നടത്തുന്ന എല്ലാ ആഘോഷങ്ങൾക്കും വിലക്കേർപ്പെടുത്തി.

സർക്കാർ സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടതും രാഷ്ട്രീയനിഷ്പക്ഷത പാലിക്കുന്നതുമായിരിക്കണമെന്ന് സർക്കാർ നിർദേശിച്ചു. സ്‌കൂളുകളിൽ പരിപാടികൾ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിശദമായ മാർഗനിർദേശങ്ങൾ ഉടൻ പുറത്തിറക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img