01:31pm 12 November 2026
NEWS
​മന്നം ജയന്തി വേദിയിൽ രാഷ്ട്രീയക്കാർക്ക് വിലക്ക്; സുകുമാരൻ നായരുടെ 'സമദൂര' പ്രഖ്യാപനം
03/01/2026  09:51 AM IST
സുരേഷ് വണ്ടന്നൂർ
​മന്നം ജയന്തി വേദിയിൽ രാഷ്ട്രീയക്കാർക്ക് വിലക്ക്; സുകുമാരൻ നായരുടെ സമദൂര പ്രഖ്യാപനം

ചങ്ങനാശ്ശേരി: പതിറ്റാണ്ടുകളായി എൻ.എസ്.എസ് പിന്തുടരുന്ന സമദൂര നിലപാട് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും തുടരുമെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. പെരുന്നയിൽ നടന്ന 148-ാമത് മന്നം ജയന്തി സമ്മേളനത്തിലാണ് അദ്ദേഹം സംഘടനയുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. ഇത്തവണ മന്നം ജയന്തി സമ്മേളന വേദിയിൽ രാഷ്ട്രീയ നേതാക്കളെ പൂർണ്ണമായും ഒഴിവാക്കിയത് ശ്രദ്ധേയമായി.

​'സമദൂരം' തന്നെ നയം

​എൻ.എസ്.എസ് രാഷ്ട്രീയം ഉപേക്ഷിച്ചതിനുശേഷം ഒരു പാർട്ടിയോടും പ്രത്യേക വെറുപ്പില്ലെന്ന് ജി. സുകുമാരൻ നായർ പറഞ്ഞു. "ശബരിമല വിഷയത്തിലാണ് സമദൂരത്തിലെ ശരിദൂരം എന്ന നിലപാട് എടുത്തത്. അത് രാഷ്ട്രീയമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ല. സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ എൻ.എസ്.എസ് നിലപാട് മുമ്പ് തന്നെ വ്യക്തമാക്കിയതാണ്," അദ്ദേഹം കൂട്ടിച്ചേർത്തു. അയ്യപ്പ സംഗമത്തിന് പിന്നാലെ എൻ.എസ്.എസ് ഇടത് മുന്നണിയോട് അടുക്കുന്നുവെന്ന പ്രചാരണങ്ങൾക്കിടയിലാണ് സുകുമാരൻ നായർ സമദൂര നിലപാട് ആവർത്തിച്ചത്.

​രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കിയതിന് പിന്നിൽ

​എല്ലാ വർഷവും രാഷ്ട്രീയ നേതാക്കളെ അതിഥികളായി വിളിക്കാറുണ്ടെങ്കിലും ഇത്തവണ ആ പതിവ് മാറ്റിയതിനെക്കുറിച്ച് സുകുമാരൻ നായർ സ്വാഗത പ്രസംഗത്തിൽ വിശദീകരിച്ചു:

​"ഇത് രാഷ്ട്രീയ യോഗമല്ല. മന്നത്ത് പത്മനാഭന്റെ പേര് പോലും ശരിയായി ഉച്ചരിക്കാൻ പേരും പെരുമയുമുള്ള പല രാഷ്ട്രീയ നേതാക്കൾക്കും അറിയില്ല. മന്നത്തെക്കുറിച്ച് നല്ല ഭാഷയിൽ സംസാരിക്കാൻ കഴിയുന്നവരെയാണ് ഇത്തരം വേദികളിൽ വേണ്ടത്. അതുകൊണ്ടാണ് ഇത്തവണ രാഷ്ട്രീയക്കാരെ വേദിയിലേക്ക് ക്ഷണിക്കാതിരുന്നത്."

​സമാധിയിൽ നേതാക്കളുടെ പ്രവാഹം

​സമ്മേളന വേദിയിൽ രാഷ്ട്രീയക്കാർക്ക് ഇടമില്ലായിരുന്നെങ്കിലും വിവിധ പാർട്ടികളിലെ പ്രമുഖ നേതാക്കൾ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ എത്തിയിരുന്നു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ, സംസ്ഥാന മന്ത്രിമാരായ കെ.ബി. ഗണേഷ് കുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, എം.കെ. രാഘവൻ, ആന്റോ ആന്റണി, എൻ.കെ. പ്രേമചന്ദ്രൻ, ജോസ് കെ. മാണി, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, വി. മുരളീധരൻ തുടങ്ങിയവർ സമാധി മണ്ഡപത്തിൽ ആദരവർപ്പിച്ചു.
​എം.ജി. സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസാണ് ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img