09:56pm 07 November 2026
NEWS
തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം പാർട്ടിക്കോ ജനങ്ങൾക്കോ എന്ന് ഇനിയും വ്യക്തതയില്ല; വിശാല സംസ്ഥാന സമിതിയിൽ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ റിപ്പോർട്ടിൽ വിവാദ പരാമർശങ്ങളില്ല
05/09/2026  08:05 AM IST
nila
തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം പാർട്ടിക്കോ ജനങ്ങൾക്കോ എന്ന് ഇനിയും വ്യക്തതയില്ല; വിശാല സംസ്ഥാന സമിതിയിൽ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ റിപ്പോർട്ടിൽ വിവാദ പരാമർശങ്ങളില്ല

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം പാർട്ടിക്കാണോ ജനങ്ങൾക്കാണോ എന്നതിൽ വ്യക്തമായ നിലപാട് സ്വീകരിക്കാതെ സിപിഎം. അതേസമയം, വിശാല സംസ്ഥാന സമിതിയിൽ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ റിപ്പോർട്ടിന് സംസ്ഥാന സെക്രട്ടേറിയറ്റ് രൂപം നൽകി. സ്ഥാനാർഥി നിർണയത്തിലെ വീഴ്ചകൾ മാത്രമാണ് റിപ്പോർട്ടിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്. പയ്യന്നൂർ, തളിപ്പറമ്പ് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ സ്ഥാനാർഥി നിർണയത്തിൽ നേതൃത്വത്തിന് വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ പാർട്ടി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ ഇടത് സ്ഥാനാർഥികൾക്ക് വോട്ട് ചെയ്തില്ലെന്ന വിലയിരുത്തൽ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം.

നേരത്തെ ഈ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് പിണറായി വിജയൻ നടത്തിയ പ്രസംഗങ്ങളിൽ ജനങ്ങൾക്കാണ് വീഴ്ച സംഭവിച്ചതെന്ന വിമർശനം ഉയർന്നിരുന്നു. ഈ പരാമർശങ്ങൾ കേന്ദ്രകമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിശദീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്തരം പരാമർശങ്ങൾ വിശാല സംസ്ഥാന സമിതിക്കുള്ള രാഷ്ട്രീയ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് സൂചന.

സംസ്ഥാന കമ്മിറ്റി നേരത്തെ തയ്യാറാക്കിയ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലെ പല കണ്ടെത്തലുകളിലും തിരുത്തൽ വരുത്തിയാണ് കേന്ദ്രകമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ചത്. പ്രത്യേകിച്ച് തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയത്തിലടക്കം നേതൃത്വത്തിന് വീഴ്ച സംഭവിച്ചതായി കേന്ദ്രകമ്മിറ്റി ചൂണ്ടിക്കാട്ടി.

ജനങ്ങൾ പാർട്ടിയിൽനിന്ന് അകന്നതിന്റെ കാരണങ്ങൾ കണ്ടെത്തി ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്നാണ് കേന്ദ്രകമ്മിറ്റി റിപ്പോർട്ടിന്റെ പ്രധാന നിർദേശം. സർക്കാർ പ്രവർത്തനങ്ങളിൽ രാഷ്ട്രീയ നിയന്ത്രണവും നിരീക്ഷണവും ഉറപ്പാക്കുന്നതിൽ സംസ്ഥാന കമ്മിറ്റിക്ക് വീഴ്ച സംഭവിച്ചെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ജനങ്ങളിൽ ചുമത്തി ഒഴിഞ്ഞുമാറുന്നതിനോട് സെക്രട്ടേറിയറ്റിലെ ഭൂരിപക്ഷം അംഗങ്ങൾക്കും വിയോജിപ്പുണ്ടെന്നാണ് വിവരം. പരാജയത്തിന്റെ കാരണങ്ങൾ വിശദമായി ചർച്ച ചെയ്ത് സംഘടനാതലത്തിലും രാഷ്ട്രീയതലത്തിലും തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്നാണ് ഇവരുടെ നിലപാട്.

ഈ നിലപാട് പിണറായി വിജയനും എം.വി. ഗോവിന്ദനും എതിരായ നീക്കമായി വിലയിരുത്തുന്നവരുമുണ്ട്. പാർട്ടിക്കുള്ളിൽ വ്യത്യസ്ത നിലപാടുകൾ ശക്തമാകുന്നതിനിടെയാണ് കേന്ദ്രകമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങൾ കൂടുതൽ വിശദീകരിക്കാതെ വിശാല സംസ്ഥാന സമിതിക്കുള്ള രാഷ്ട്രീയ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.


കോഴിക്കോട്ട് സെപ്റ്റംബർ 13 മുതൽ 15 വരെ നടക്കുന്ന വിശാല സംസ്ഥാന സമിതി യോഗത്തിലെ ചർച്ചകൾ മാധ്യമങ്ങൾക്ക് ചോരുന്നത് തടയാൻ സിപിഎം നേതൃത്വവും ജാഗ്രത ശക്തമാക്കി. യോഗത്തിൽ പങ്കെടുക്കുന്ന നേതാക്കളുടെ ഫോൺ വിവരങ്ങൾ ശേഖരിക്കുമെന്ന നിർദേശം വിവിധ ജില്ലകളിലെ നേതാക്കൾ അനൗദ്യോഗികമായി അറിയിച്ചതായാണ് വിവരം. യോഗത്തിലെ ചർച്ചകളും തീരുമാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തേക്ക് പോകാതിരിക്കാൻ പ്രത്യേക നിർദേശവും സംസ്ഥാന നേതൃത്വം നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img