
പ്രാദേശിക ചെറുകിട രാഷ്ട്രീയ പാർട്ടികളുടെ പ്രസക്തി നഷ്ടപ്പെടുകയും സീറ്റു വിഭജനസമയത്ത് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെ സമ്മർദ്ദത്തിലാക്കുകയും ചെയ്ത കാഴ്ചയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലും തുടർന്നുള്ള ഫലത്തിലും കാണാൻ കഴിഞ്ഞത്. 2021 ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ 11 ഘടകകക്ഷികൾക്ക് നിയമസഭയിൽ പ്രാതിനിത്യമുണ്ടായിരുന്നു. എന്നാൽ ഇത്തവണ എട്ട് ഘടക കക്ഷികളാണ് സമ്പൂർണ തോൽവി നേരിട്ട് സംപൂജ്യരാകേണ്ടി വന്നത്. സി പി എം സാമാജികരുടെ എണ്ണം 67 ൽ നിന്നും 26 ആയി കുറഞ്ഞു. മത്സരിച്ച 19 മന്ത്രിമാരിൽ 13 പേരും തോറ്റു തൊപ്പിയിട്ടു. എൽ ഡി എഫ് കൺവീനറും പരാജയപ്പെട്ടു. 50 സിറ്റിംഗ് എം എൽ എ മാർ തോറ്റു. കഴിഞ്ഞ തവണ ഘടക കക്ഷികളുടെ ആധിക്യം മൂലം ടേം അടിസ്ഥാനത്തിൽ മന്ത്രിസ്ഥാനം തന്നെ വീതം വയ്‌ക്കേണ്ടി വന്ന എൽഡിഎഫിൽ ഇത്തവണ വിജയിച്ചത് സി പി എമ്മും സിപിഐയും ആർജെഡിയും മാത്രം!
എൽഡിഎഫിലെ മൂന്നാമത്തെ കക്ഷിയായ കേരള കോൺഗ്രസ് (എം) ന് മത്സരിച്ച 12 സീറ്റിൽ ഒന്നിൽ പോലും വിജയിക്കാനായില്ല. മറ്റ് ഘടക കക്ഷികളായ ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാ ദൾ (ഐ എസ് ജെ ഡി), എൻ സി പി (ശരത് പവാർ), കോൺഗ്രസ് (എസ്), കേരള കോൺഗ്രസ് (ബി), ആർ എസ് പി (എൽ), ഐ എൻ എൽ (ദേവർ കോവിൽ) എന്നിവർക്കും, ഘടകകക്ഷിയല്ലെങ്കിലും ഇടതുമുന്നണിക്കൊപ്പമുള്ള നാഷണൽ സെക്കുലർ കോൺഫറൻസിനും 2026 ൽ നിയമസഭയിൽ പ്രാതിനിധ്യമുണ്ടാക്കാൻ കഴിഞ്ഞില്ല.
യുഡിഎഫിലെ ഘടകകക്ഷികളായ തൃണമൂൽ കോൺഗ്രസിനും, എൻ ഡി എ യിലെ ഘടകകക്ഷികളായ ബി ഡി ജെ എസിനും ട്വന്റി 20 യ്ക്കും ഒരൊറ്റ സീറ്റിൽ പോലും വിജയിക്കാനായില്ല. ബി ഡി ജെ എസ് 22 സീറ്റിലും, ട്വന്റി 20 പത്തൊമ്പത് സീറ്റിലും മത്സരിച്ചിരുന്നു. 99 സീറ്റിൽ മത്സരിച്ച ബി ജെ പിക്ക് മൂന്നു സീറ്റ് നേടാൻ കഴിഞ്ഞത് കേരള നിയമസഭയിൽ ചരിത്രമാകുന്നു.
കേരള രാഷ്ട്രീയത്തിൽ മുന്നണി സംവിധാനങ്ങളുടെ ആവിർഭാവത്തിന് ഏകദേശം ഏഴരപ്പതിറ്റാണ്ടുകാലത്തെ പഴക്കമുണ്ട്. 1948 ൽ നടന്ന തെരഞ്ഞെടുപ്പിലായിരുന്നു ആദ്യത്തെ രാഷ്ട്രീയ കൂട്ടുകെട്ട് ആരംഭിച്ചത്. അന്ന് കേരള സംസ്ഥാനം രൂപം കൊണ്ടിരുന്നില്ല. തിരുവിതാംകൂറിലും മലബാറിലും കമ്യൂണിസ്റ്റ് പ്രസ്ഥാനം വളർന്നുകൊണ്ടിരുന്ന കാലം. കോൺഗ്രസിനെ ഒരുമിച്ചു നിന്ന് എതിരിടാൻ അന്നത്തെ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയും കേരള സോഷ്യലിസ്റ്റ് പാർട്ടിയും തീരുമാനിച്ചു. ആ ഐക്യമുന്നണിയാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ ആദ്യത്തെ രാഷ്ട്രീയ മുന്നണി. തിരുവനന്തപുരത്ത് പട്ടം താണുപിള്ളയെ എൻ.ശ്രീകണ്ഠൻ നായരും, കൊല്ലത്ത് ആർ.ശങ്കറെ ടി.കെ. ദിവാകരനും, പത്തനാപുരത്ത് ടി . എം. വർഗീസിനെ പി.ടി. പുന്നൂസും, ആലപ്പുഴയിൽ കുട്ടനാട് രാമകൃഷ്ണപിളളയെ ടി.വി.തോമസും, ചേർത്തലയിൽ സി.കൃഷ്ണനയ്യപ്പനെ കെ. ആർ. ഗൗരിയുമായിരുന്നു എതിർത്തത്. ഈ മുന്നണി ബന്ധം 1952 ലെയും 1954 ലെയും തെരഞ്ഞെടുപ്പുകളിൽ ആവർത്തിക്കപ്പെട്ടു. പിന്നീട് 1960 ലെ നിയമസഭാ തെരഞ്ഞെടുപ്പിലായിരുന്ന മറ്റൊരു മുന്നണിരൂപം പ്രാപിച്ചത്. ഇന്നു കാണുന്ന തരത്തിലുള്ള ഐക്യ ജനാധിപത്യ മുന്നണിയും (യു ഡി എഫ്) ഇടതു ജനാധിപത്യമുന്നണിയും (എൽ ഡി എഫ്) ഉടലെടുത്തത് 1979 ഒക്ടോബറിലായിരുന്നു.
ഇന്ത്യയിൽ 17 സംസ്ഥാനങ്ങളിൽ ബി ജെ പി ഒറ്റയ്ക്കും ഏഴിടങ്ങളിൽ ബി ജെ പി സഖ്യവും ഭരണം നടത്തുന്നുണ്ട്. കേരളം, കർണാടകം, തെലുങ്കാന, ഹിമാചൽപ്രദേശ് എന്നിവിടങ്ങിൽ മാത്രമാണ് കോൺഗ്രസ് ഭരണമുള്ളത്. തമിഴ്‌നാട്, മിസോറം, പഞ്ചാബ്, ജാർഖണ്ഡ്, ജമ്മു കാശ്മീർ എന്നിവിടങ്ങളിൽ പ്രദേശിക പാർട്ടികളുടെ ഭരണമാണ്.
മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികൾ ശക്തിപ്രാപിക്കേണ്ടത് ജനാധിപത്യത്തിന് അത്യന്താപേക്ഷിതമാണ്. ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും പ്രാദേശിക രാഷ്ട്രീയപ്പാർട്ടികളുടെ തള്ളിക്കയറ്റമാണ്. മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികളെ പലപ്പോഴും സമ്മർദ്ദത്തിലാക്കുവാനും വിലപേശൽ നടത്താനും ഇവർക്ക് കഴിയുന്നു. ഇന്ത്യൻ ജനാധിപത്യ പുരോഗതിക്ക് വിലങ്ങുതടിയായി നിലകൊള്ളുന്നതും ഈ പ്രാദേശിക ചെറുകിട പാർട്ടികൾ തന്നെയാണ്.
ഇന്ത്യയിൽ രാഷ്ട്രീയപ്പാർട്ടികൾക്ക് അംഗീകാരം നൽകുന്നത് തെരഞ്ഞെടുപ്പ് കമ്മിഷനാണ്. ദേശീയ പാർട്ടി, സംസ്ഥാന പാർട്ടി എന്നിവയാണ് പ്രധാന അംഗീകാരങ്ങൾ. എന്നാൽ ഓരോ സംസ്ഥാനത്തും റജിസ്‌ട്രേഡ് അൺ റെക്കഗ്‌നൈസ്ഡ് രാഷ്ട്രീയ പാർട്ടികൾ നിരവധിയാണ്. കേരളത്തിൽ മാത്രം 32 റജിസ്റ്റേർഡ് പാർട്ടികളുണ്ട്. വ്യക്തികളുടെയും സമുദായങ്ങളുടെയും പേരിൽ പ്രവർത്തിക്കുന്നവയും ഈ കൂട്ടത്തിലുണ്ട്. വളരുംതോറും പിളരുകയും പിളരുംതോറും തളരുകയും ചെയ്യുന്നവയാണിവയെല്ലാമെന്ന് എല്ലാവർക്കുമറിയാം.
നിലവിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ബി.ജെ.പി, ബി.എസ്.പി, സി.പി.എം, ആം ആദ്മി പാർട്ടി, നാഷണൽ പീപ്പിൾസ് പാർട്ടി എന്നീ ആറ് ദേശീയ പാർട്ടികളാണുള്ളത്. കേരളത്തിലാകെ ആറ് സംസ്ഥാന പാർട്ടികൾ മാത്രമാണുള്ളത്. സി.പി.ഐ, മുസ്ലീം ലീഗ്, ജനതാദൾ (സെക്കുലർ), കേരള കോൺഗ്രസ് (മാണി), കേരള കോൺഗ്രസ്, ആർ.എസ്.പി.
ഇന്ത്യയിൽ 50 ലേറെ സംസ്ഥാന പാർട്ടികളാണുള്ളത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദേശീയ പാർട്ടികളിൽ നിന്നും 1333 സ്ഥാനാർഥികളും സംസ്ഥാന പാർട്ടികളിൽ നിന്നും 532 സ്ഥാനാർഥികളും റജിസ്‌ട്രേഡ് പാർട്ടികളിൽ നിന്നും 2580 സ്ഥാനാർഥികളും സ്വതന്ത്രരായി 3915 പേരും ഉൾപ്പെടെ 8360 പേരായിരുന്നു മത്സരിച്ചത്.
ഇന്ത്യയുടെ പുരോഗതിക്ക് പ്രധാന തടസമായി നിൽക്കുന്നത് പ്രാദേശിക വാദവും ജാതി - മത ചിന്തകളുമാണ്. വിശാല രാഷ്ട്രീയം പറയുന്നവരും ജാതി - മത - വർഗീയ വിഭാഗങ്ങൾക്ക് സ്ഥാനാർഥി നിർണയത്തിലും മന്ത്രിസഭാ രൂപീകരണത്തിലുമെല്ലാം പരിഗണന നൽകുന്നവരാണ്. നേതാവിന്റെ പേരിൽ രാഷ്ട്രീയ കക്ഷികൾ രൂപീകരിക്കുന്നതും പിന്നീടതു പിളരുമ്പോൾ വീണ്ടും മറ്റൊരു നേതാവിന്റെ പേരിൽ ഒരു വിഭാഗം പ്രവർത്തിക്കുന്നതും തെരഞ്ഞെടുപ്പുകൾ വരുമ്പോൾ ഏതെങ്കിലുമൊരു മുന്നണിയിൽ കയറിക്കൂടുന്ന ഏർപ്പാടിനും വിരാമമിടണം. നാലും മൂന്നും ഏഴു പേരുള്ള പ്രാദേശിക പാർട്ടികൾ പിരിച്ചു വിട്ട് മുഖ്യധാരാരാഷ്ട്രീയ കക്ഷികളിൽ പ്രവർത്തിക്കണം. ഇന്ത്യയുടെ നിലനിൽപിനും അഭിവൃദ്ധിക്കും അതാണ് ഉത്തമം.










