05:20am 13 November 2026
NEWS
സി.വി. ആനന്ദബോസ് ​ഗവർണർ പദവി രാജിവെച്ചതിന് പിന്നാലെ പശ്ചിമബം​ഗാളിൽ രാഷ്ട്രീയ കരുനീക്കങ്ങൾ സജീവം
06/03/2026  07:36 AM IST
nila
 സി.വി. ആനന്ദബോസ് ​ഗവർണർ പദവി രാജിവെച്ചതിന് പിന്നാലെ പശ്ചിമബം​ഗാളിൽ രാഷ്ട്രീയ കരുനീക്കങ്ങൾ സജീവം

 

ന്യൂഡൽഹി: ഗവർണർ ഡോ. സി.വി. ആനന്ദബോസ് രാജിവെച്ചതിന് പിന്നാലെ പശ്ചിമബം​ഗാളിൽ രാഷ്ട്രീയ കരുനീക്കങ്ങൾ സജീവം. അദ്ദേഹത്തിന്റെ രാജിക്കുശേഷം തമിഴ്നാട് ഗവർണർ ആർ.എൻ. രവിക്ക് ബംഗാൾ ഗവർണറുടെ താത്കാലിക ചുമതല കേന്ദ്ര സർക്കാർ നൽകിയതിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി മമത ബാനർജി രം​ഗത്തെത്തി. രാജിയുടെ കാരണം ആനന്ദബോസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതേസമയം, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാന ഭരണം പിടിക്കാൻ സഹായിക്കുന്നയാളെ പശ്ചിമ ബം​ഗാളിൽ ​ഗവർണറാക്കാനുള്ള ബിജെപിയുടെ പദ്ധതിയുടെ ഭാ​ഗമാണ് സി.വി. ആനന്ദബോസിന്റെ രാജി എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്.  

2022 നവംബറിൽ ഗവർണറായി ചുമതലയേറ്റ ആനന്ദബോസിന് സ്വാഭാവിക കാലാവധി പൂർത്തിയാകാൻ ഏകദേശം 20 മാസം ബാക്കിയുള്ളപ്പോഴാണ് രാജി. കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുമ്പ് ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നെങ്കിലും പിന്നീട് അദ്ദേഹം വീണ്ടും സജീവമായി പ്രവർത്തിച്ചു വരികയായിരുന്നു. രാജ്ഭവന്റെ പേര് ‘ലോക് ഭവൻ’ എന്ന് മാറ്റുകയും ജനങ്ങളുമായി കൂടുതൽ ബന്ധപ്പെടുന്ന പരിപാടികൾ ആരംഭിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ ഗവർണറുടെ ചുമതല ആർ.എൻ. രവിക്ക് നൽകിയത് രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനെ മുൻനിർത്തി പശ്ചിമബംഗാളിൽ രാഷ്ട്രീയ സ്വാധീനം ശക്തിപ്പെടുത്താനുള്ള ബിജെപി നീക്കത്തിന്റെ ഭാഗമായാണ് ഗവർണർ സ്ഥാനത്തിലെ മാറ്റമെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.

സംസ്ഥാന ഭരണ സംവിധാനങ്ങളിലും പൊലീസിലും തൃണമൂൽ കോൺഗ്രസിന്റെ സ്വാധീനം ശക്തമാണെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. അതിനാൽ പുതിയ ഗവർണർ നിയമനത്തിലൂടെ ഭരണപരമായ കാര്യങ്ങളിൽ കൂടുതൽ ഇടപെടൽ ഉറപ്പാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. അതേസമയം, ഗവർണറുടെ ചുമതല മാറ്റുന്നതിന് മുൻപ് സംസ്ഥാന സർക്കാരുമായി ആലോചിക്കാത്തത് ഫെഡറൽ മര്യാദകളുടെ ലംഘനമാണെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആരോപിച്ചു.

ഗവർണർ ആനന്ദബോസ് രാജിവെച്ചതും ആർ.എൻ. രവിക്ക് താത്കാലിക ചുമതല നൽകിയതുമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ അറിയിച്ചതെന്ന് മമത വ്യക്തമാക്കി. എന്നാൽ ഇക്കാര്യം മുൻകൂട്ടി ചർച്ച ചെയ്തില്ലെന്ന കാര്യത്തിൽ താൻ അസന്തോഷം അറിയിച്ചതായും, എന്നാൽ നടപടിക്രമം അതിന് ആവശ്യപ്പെടുന്നില്ലെന്നായിരുന്നു ഷായുടെ മറുപടിയെന്നും മമത പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img