
കാസർകോട്: ജമാഅത്തെ ഇസ്ലാമിക്കെതിരായ വിമർശനങ്ങൾ ഉയർത്തി സമസ്തയുടെ സമ്മേളനത്തിൽ പ്രമേയം പാസാക്കി. രാഷ്ട്രീയ ഇസ്ലാം അപകടകരമായ ആശയമാണെന്ന് പ്രമേയത്തിൽ പറയുന്നു. മൗദൂദി ചിന്ത യുവാക്കളെ വഴിതെറ്റിക്കുന്നതാണെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നുണ്ട്. പാൻ–ഇസ്ലാമിക് തീവ്ര ആശയധാരകൾ സമൂഹത്തിൽ വിഭജനത്തിന് വഴിവയ്ക്കുന്നുവെന്നും, ഇത്തരത്തിലുള്ള ചിന്തകളോട് ശക്തമായ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും സമ്മേളനം വിലയിരുത്തി. സമൂഹ ഐക്യത്തിനും സമാധാനത്തിനും ഭീഷണിയായ ഇത്തരം വിഘടന ആശയങ്ങളെ പ്രതിരോധിക്കണമെന്നും പ്രമേയം ആഹ്വാനം ചെയ്തു.
'മതരാഷ്ട്രവാദവും തീവ്ര പ്രബോധന ശൈലിയും നമ്മുടെ വഴിയല്ല. ഇസ്ലാമിന്റെ സമാധാനപരമായ പ്രബോധന ശൈലിയെയും മഹത്തുക്കളായ മുൻഗാമികൾ കാണിച്ചുതന്ന പാതയെയും അട്ടിമറിക്കാൻ ശ്രമിക്കുന്ന പാൻ ഇസ്ലാമിസ്റ്റ് തീവ്ര ചിന്താഗതികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സമ്മേളനം ആഹ്വാനം ചെയ്യുന്നു. മതരാഷ്ട്രവാദം ഒളിച്ചുകടത്തുന്ന വൈകാരിക പ്രകടനങ്ങളിലൂടെയും രാഷ്ട്രീയ ഇസ്ലാം എന്ന അപകടകരമായ ആശയത്തിലൂടെയും മുസ്ലിം യുവാക്കളെ മുഖ്യധാരയിൽ നിന്നും വഴിതെറ്റാൻ ശ്രമിക്കുന്ന മൗദൂദിസ്റ്റ് വിചാരധാരകൾ ഗൗരവതരമായ വെല്ലുവിളിയാണ്. നിഷ്പക്ഷമാധ്യമങ്ങൾ എന്ന വ്യാജേന പ്രവർത്തിക്കുന്ന മാധ്യമങ്ങൾ വഴി നടത്തുന്ന ഭൗതീകമായ കടന്നുകയങ്ങളെയും സമുദായങ്ങളെ ഭിന്നിപ്പിക്കുന്ന അജണ്ടകളെയും തിരിച്ചറിയേണ്ടതുണ്ട്. സഹിഷ്ണുതയും സൗഹൃദവും ഉയർത്തിപ്പിടിച്ചുകൊണ്ട് ഇത്തരം വിഘടനവാദ ചിന്താഗതികളെ ആശയപരമായി പ്രതിരോധിക്കാനും സമുദായത്തിന്റെ തനിമ നിലനിർത്താൻ എല്ലാവരും രംഗത്തിറങ്ങണമെന്ന് ആഹ്വാനം ചെയ്യുന്നു', എന്നായിരുന്നു പ്രമേയം.










