08:18am 30 April 2026
NEWS
ബെല്ലാരിയിൽ രാഷ്ട്രീയ സംഘർഷം; കോൺഗ്രസ്സ് പ്രവർത്തകൻ വെടിയേറ്റ് മരിച്ചു
02/01/2026  12:59 PM IST
വിഷ്ണുമംഗലം കുമാർ
ബെല്ലാരിയിൽ രാഷ്ട്രീയ സംഘർഷം; കോൺഗ്രസ്സ് പ്രവർത്തകൻ വെടിയേറ്റ് മരിച്ചു

കർണാടകത്തിലെ ബെല്ലാരിയിലുണ്ടായ രാഷ്ട്രീയ സംഘർഷത്തിൽ കോൺഗ്രസ്സ് പ്രവർത്തകൻ രാജശേഖർ വെടിയേറ്റു മരിച്ചു. ബെല്ലാരി എം എൽ എ നാരാ ഭരത് റെഡ്ഢിയുടെ അടുത്ത അനുയായിയാണ് രാജശേഖർ. വാല്മീകിയുടെ പ്രതിമ അനാഛാദനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഖനിരാജാവ് ജനാർദ്ദൻ റെഡ്ഢിയുടെ ഹമ്പാവതി നഗറിലെ വസതിയ്ക്ക് സമീപം ബാനർ കെട്ടാനുള്ള ഭരത് റെഡ്ഢി അനുയായികളുടെ ശ്രമം ജനാർദ്ദൻ റെഡ്ഢിയുടെ ആൾക്കാർ ചോദ്യം ചെയ്തത് രണ്ടു ജനക്കൂട്ടങ്ങൾ തമ്മിലുള്ള സംഘർഷമായി മാറി. ജനാർദ്ദൻ റെഡ്‌ഡി 2023ൽ ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ച് കല്യാണ രാജ്യ പ്രഗതി പക്ഷ ( കെ ആർപിപി ) എന്ന പ്രാദേശിക പാർട്ടിയുണ്ടാക്കി മത്സരിച്ചിരുന്നു. എന്നാൽ ഹമ്പാവതിയിൽ ജനാർദ്ദൻ റെഡ്ഢിയ്‌ക്ക് മാത്രമേ ജയിക്കാൻ കഴിഞ്ഞിരുന്നുള്ളു. കെആർപിപിയുടെ സാന്നിധ്യം ബെല്ലാരി ജില്ലയിലെ പല മണ്ഡലങ്ങളിലും ബിജെപിയുടെ വിജയസാധ്യത ഇല്ലാതാക്കിയിരുന്നു. 2024ലെ ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനാർദ്ദൻ റെഡ്‌ഡി ബിജെപിയിൽ തിരിച്ചെത്തിയെങ്കിലും ബെല്ലാരി മേഖലയിൽ കെആർപിപി സ്വതന്ത്രപാർട്ടിപോലെയാണ് അതിന് ശേഷവും പ്രവർത്തിച്ചത്. നാളെ ഹമ്പാവതിയിൽ വാല്മീകി പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപെട്ടാണ് ബാനറുകൾ കെട്ടിയത്. സംഘർഷത്തിൽ വെടിയേറ്റാണ് കോൺഗ്രസ്സ് പ്രവർത്തകൻ രാജശേഖർ മരണമടഞ്ഞത്. ജനാർദ്ദൻ റെഡ്ഢിയുടെ ഔദ്യോഗിക ഗൺമാൻ വെടി വെച്ചിട്ടില്ലെന്ന് മുൻമന്ത്രിയും ബിജെപി നേതാവുമായ ബി ശ്രീരാമുലു വ്യക്തമാക്കി. ജനാർദ്ദൻ റെഡ്ഢിയും ആ നിലപാടാണ് കൈക്കൊണ്ടത്. വാല്മീകി സമുദായത്തിന്റെ പുരോഗതിയ്ക്കായുള്ള പ്രവർത്തനങ്ങൾ നടത്താൻ ജനാർദ്ദൻ റെഡ്‌ഡിയുടെ ആൾക്കാർ അനുവദിക്കുന്നില്ലെന്ന് ഭരത് റെഡ്‌ഡി കുറ്റപ്പെടുത്തി. ഫോറൻസിക് പരിശോധനയിലൂടെയേ ഏത് തോക്കിൽ നിന്നാണ് വെടിയുതിർത്തതെന്ന് കണ്ടെത്താൻ കഴിയുകയുള്ളൂ. ആ പരിശോധന ആരംഭിച്ചിട്ടുണ്ട്. സംഘർഷം നിലനിൽക്കുന്ന സംഭവസ്ഥലത്ത് കനത്ത പോലീസ് കാവലുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img