09:26pm 11 November 2026
NEWS
​രാഷ്ട്രീയ, സാമൂഹികനീതി: ഈഴവ പ്രാതിനിധ്യം വെട്ടിനിരത്തി; കേരള രാഷ്ട്രീയത്തിൽ സമുദായം തഴയപ്പെടുന്നു
12/11/2025  09:53 AM IST
സുരേഷ് വണ്ടന്നൂർ
​രാഷ്ട്രീയ, സാമൂഹികനീതി: ഈഴവ പ്രാതിനിധ്യം വെട്ടിനിരത്തി; കേരള രാഷ്ട്രീയത്തിൽ സമുദായം തഴയപ്പെടുന്നു

തിരുവനന്തപുരം:ജനസംഖ്യയുടെ 28 ശതമാനത്തിലേറെ വരുന്ന ഈഴവ സമുദായത്തിന് അർഹതപ്പെട്ട രാഷ്ട്രീയ പ്രാധാന്യവും സാമൂഹിക നീതിയും പ്രമുഖ രാഷ്ട്രീയ കക്ഷികളിൽ നിന്നും മുന്നണികളിൽ നിന്നും ലഭിക്കുന്നില്ലെന്ന ഗുരുതരമായ ആശങ്ക ശക്തമാകുന്നു. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങുന്നതിനിടെയാണ് പ്രാതിനിധ്യത്തിലെ ഈ കുറവ് ചൂണ്ടിക്കാട്ടി പ്രമുഖർ രംഗത്തെത്തിയിരിക്കുന്നത്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അടക്കം പല ഘട്ടങ്ങളിലും ഈ വിഷയം ഉയർത്തിക്കൊണ്ടുവന്നിരുന്നു.
​കെ.പി.സി.സി. മുൻ പ്രസിഡന്റ് കെ. സുധാകരൻ എം.പി.യും അദ്ദേഹത്തിന്റെ സമുദായവും രാഷ്ട്രീയ മണ്ഡലത്തിൽനിന്ന് മുച്ചൂടും തഴയപ്പെട്ടു എന്ന ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ പ്രസ്താവന കേരളത്തിലെ ഈഴവ സമൂഹം നേരിടുന്ന രാഷ്ട്രീയ തിരിച്ചടിയെ അടിവരയിടുന്നു. കോൺഗ്രസിൽ ഈഴവ വിഭാഗം നേരിടുന്ന അവഗണന രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽ മുമ്പ് പെടുത്തിയിരുന്നതായും സ്വാമി സച്ചിദാനന്ദ ഓർമ്മിപ്പിച്ചു.

​ആർ. ശങ്കറിന് ശേഷം ഈഴവ മുഖ്യമന്ത്രിയില്ല: കോൺഗ്രസിന് തിരിച്ചടി

​ഈഴവ സമുദായത്തിൽനിന്നുള്ള അകൽച്ചയാണ് സംസ്ഥാനത്ത് കോൺഗ്രസിന് വലിയ തിരിച്ചടിയേൽപ്പിച്ചത്. എന്നാൽ, മുന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളെ പ്രീണിപ്പിക്കുന്ന നിലപാടാണ് കോൺഗ്രസും സി.പി.എമ്മും തുടരുന്നത്. 1962-ൽ ആർ. ശങ്കർ മുഖ്യമന്ത്രിയായ ശേഷം പിന്നീട് കോൺഗ്രസിൽനിന്ന് ഒരു ഈഴവ മുഖ്യമന്ത്രി സംസ്ഥാനത്ത് ഉണ്ടായിട്ടില്ല.
​1964-ൽ കോൺഗ്രസിലെയും സഖ്യകക്ഷികളിലെയും സവർണ, മതലോബികളുടെ ഗൂഢാലോചനയിലൂടെയാണ് ആർ. ശങ്കറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് താഴെയിറക്കിയത്.

​നിയമസഭയിൽ 41 അംഗങ്ങളുള്ള യു.ഡി.എഫിൽ ഇപ്പോൾ ഈഴവ സമുദായ പ്രാതിനിധ്യം ഒന്നിൽ മാത്രമായി ഒതുങ്ങുന്നു.
​വക്കം പുരുഷോത്തമൻ, വി.എം. സുധീരൻ, വയലാർ രവി, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയ ഈഴവ നേതാക്കളെ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനങ്ങളിൽനിന്നും മറ്റും കോൺഗ്രസുകാർ തന്നെ അവഹേളിച്ച് പുറന്തള്ളിയതിനും കേരളം സാക്ഷിയായി.

​പാർട്ടി പുനഃസംഘടനയിലും സീറ്റ് നിർണയത്തിലും 'വെട്ടിനിരത്തൽ'

​അടുത്തിടെ നടന്ന കോൺഗ്രസ് പാർട്ടി പുനഃസംഘടനയിലും ഈഴവ നേതാക്കളെ തഴഞ്ഞത് അവഗണനയുടെ ഒടുവിലത്തെ ഉദാഹരണമാണ്. യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റുമാർക്ക് വർക്കിംഗ് പ്രസിഡന്റ് പദവി നൽകിയപ്പോൾ, മുൻ ഡി.സി.സി. പ്രസിഡന്റായിരുന്ന എം. ലിജുവിനെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി പദത്തിൽനിന്ന് മാറ്റി വൈസ് പ്രസിഡന്റുമാരിൽ ഒരാളാക്കി തരംതാഴ്ത്തി. രാജ്യസഭാ സീറ്റ് നിഷേധിക്കപ്പെട്ടതും ഇദ്ദേഹത്തിനായിരുന്നു.

​വെള്ളാപ്പള്ളി നടേശന്റെ വാക്കുകൾ:

​"നമുക്ക് എത്ര എം.പിമാരും എം.എൽ.എമാരും ഉണ്ടെന്ന് പരിശോധിക്കണം. നമ്മുടെ എല്ലാ പ്രതാപങ്ങളും നഷ്ടമാകുകയാണ്. തിരഞ്ഞെടുപ്പുകളിൽ സീറ്റ് വീതം വയ്ക്കുമ്പോൾ മുമ്പ് ഈഴവ സമുദായത്തിന് ലഭിച്ചിരുന്ന പ്രാതിനിദ്ധ്യത്തിന്റെ നാലിലൊന്ന് പോലും ഇപ്പോൾ ലഭിക്കാതായി. ഈഴവർക്ക് മുൻതൂക്കമുള്ള മണ്ഡലങ്ങളിൽ പോലും മറ്റു സമുദായക്കാരെ സ്ഥാനാർത്ഥികളാക്കുന്നു
​11 നിയമസഭാ മണ്ഡലങ്ങളുള്ള കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി, ചാത്തന്നൂർ, കുണ്ടറ തുടങ്ങിയ ഈഴവ സ്ഥാനാർത്ഥികൾ തുടർവിജയം നേടിയിരുന്ന സീറ്റുകൾ ഇപ്പോൾ മറ്റു സമുദായങ്ങൾക്ക് തീറെഴുതി നൽകിയതായും അദ്ദേഹം ആരോപിച്ചു.
​90 സീറ്റുകളിൽ മത്സരിക്കുന്ന കോൺഗ്രസ് നാലിലൊന്ന് സീറ്റിൽ പോലും ഈഴവ വിഭാഗത്തിൽപ്പെട്ടവരെ സ്ഥാനാർത്ഥിയാക്കാറില്ല.

​മുൻഗണന മുന്നാക്ക-ന്യൂനപക്ഷ പ്രീണനത്തിന്: ഈഴവർക്ക് നഷ്ടം

​സംസ്ഥാനത്തെ ജനസംഖ്യയുടെ 18 ശതമാനത്തോളം വരുന്ന സവർണ സമുദായങ്ങളെയും ന്യൂനപക്ഷങ്ങളെയും പ്രീണിപ്പിക്കാനാണ് കേരളത്തിലെ എല്ലാ മുൻനിര രാഷ്ട്രീയ കക്ഷികളുടെയും ശ്രമം. ഈഴവ സമുദായമാണ് ഇതിന്റെ ഫലമായി ഏറ്റവും അധികം അവഗണിക്കപ്പെടുന്നത്.
​മുന്നാക്കക്കാർക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ 10% സാമ്പത്തിക സംവരണം വഴി പിന്നാക്ക വിഭാഗങ്ങൾക്ക് രാഷ്ട്രീയ വിഹിതം മാത്രമല്ല, ജോലിയും പ്രൊഫഷണൽ വിദ്യാഭ്യാസരംഗത്തെ സംവരണവും നഷ്ടമായി.

​കേരള മന്ത്രിസഭകളുടെ ചരിത്രത്തിൽ ആദ്യമായി നിലവിലെ പിണറായി സർക്കാരിൽ നായർ സമുദായാംഗങ്ങളായ 9 മന്ത്രിമാരും ചീഫ് വിപ്പും അടക്കം 10 പേർക്ക് (മന്ത്രിസഭയുടെ 38%) പ്രാതിനിധ്യം ലഭിച്ചു. എൻ.എസ്.എസ്. ദീർഘകാലം പിന്തുണച്ച യു.ഡി.എഫ്. സർക്കാരുകളിൽ പോലും ഇത്രയും പ്രാതിനിധ്യം നായർ സമുദായത്തിന് ലഭിച്ചിട്ടില്ല.

​ദേവസ്വം ബോർഡുകളിൽ 90% മുന്നാക്കക്കാർ ജോലി ചെയ്യുന്ന സാഹചര്യത്തിൽ, 10% സാമ്പത്തിക സംവരണം കൂടി അനുവദിച്ചത് പിന്നാക്കക്കാർക്കുള്ള അവസരങ്ങൾ നാമമാത്രമാക്കി.
​മൂന്നാം എൽ.ഡി.എഫ്. സർക്കാർ വന്നാൽ കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന ഉറപ്പ് എൻ.എസ്.എസ്. നേതൃത്വത്തിന് ലഭിച്ചിരിക്കുമ്പോൾ, ഈഴവ സമുദായത്തിന് അത്തരം ഉറപ്പുകളൊന്നും ലഭിക്കില്ലെന്ന് മാത്രമല്ല, ഉള്ള പ്രാതിനിധ്യം കൂടി കവർന്നെടുക്കാനുള്ള നീക്കമാകും നടക്കുക എന്ന ആശങ്കയാണ് ശക്തമാകുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img