03:42pm 28 July 2026
NEWS
‘ഗർഭിണിയാക്കൂ, പത്ത് ലക്ഷം നേടൂ’: പരസ്യം കണ്ട് മയങ്ങിയ യുവാക്കൾക്ക് നഷ്ടമായത് ലക്ഷങ്ങൾ
10/01/2026  04:02 PM IST
nila
‘ഗർഭിണിയാക്കൂ, പത്ത് ലക്ഷം നേടൂ’:  പരസ്യം കണ്ട് മയങ്ങിയ യുവാക്കൾക്ക് നഷ്ടമായത് ലക്ഷങ്ങൾ

സുന്ദരികളായ യുവതികളുമായി സൗജന്യ ശാരീരിക ബന്ധവും ലക്ഷങ്ങൾ പ്രതിഫലവും വാഗ്ദാനം ചെയ്ത ഒരു സോഷ്യൽ മീഡിയ പരസ്യമാണ് നിരവധി പേരെ സൈബർ തട്ടിപ്പിന്റെ വലയിലാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ബീഹാറിൽ അറസ്റ്റ് ചെയ്തു. ബിഹാർ നവാഡ സ്വദേശിയായ രഞ്ജൻ കുമാറിനെയാണ് കേസിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

‘ഓൾ ഇന്ത്യ പ്രഗ്നന്റ് ജോബ്’ എന്ന പേരിൽ പ്രചരിച്ച പരസ്യം പുരുഷന്മാരെയാണ് പ്രധാനമായും ലക്ഷ്യമിട്ടത്. കുട്ടികളില്ലാത്ത സ്ത്രീകളെ ഗർഭിണികളാക്കാൻ 10 ലക്ഷം രൂപ നൽകുമെന്നായിരുന്നു വാഗ്ദാനം. ശ്രമം പരാജയപ്പെട്ടാലും പകുതി തുക നൽകുമെന്ന ഉറപ്പും പരസ്യത്തിൽ നൽകിയിരുന്നു.

പരസ്യത്തിൽ കാണിച്ച സ്ത്രീമോഡലുകളുടെ ചിത്രങ്ങളും സൗജന്യ ലൈംഗിക ബന്ധം വാഗ്ദാനം ചെയ്ത സന്ദേശങ്ങളുമാണ് പലരെയും ആകർഷിച്ചത്. എന്നാൽ താൽപര്യം പ്രകടിപ്പിച്ചവരിൽ നിന്ന് രജിസ്ട്രേഷൻ ഫീസ്, ഹോട്ടൽ മുറി ബുക്കിങ്, മറ്റ് ചെലവുകൾ തുടങ്ങിയ പേരിൽ ഘട്ടംഘട്ടമായി പണം ഈടാക്കുകയായിരുന്നു. തട്ടിപ്പാണെന്ന് തിരിച്ചറിയുന്നതിന് മുൻപ് തന്നെ പലർക്കും ലക്ഷങ്ങൾ നഷ്ടമായി. മാനക്കേട് ഭയന്ന് മിക്ക ഇരകളും പരാതി നൽകാൻ തയ്യാറാകാതിരുന്നതാണ് തട്ടിപ്പ് ദീർഘകാലം തുടരാൻ കാരണമായതെന്ന് പൊലീസ് പറയുന്നു.

 തട്ടിപ്പിന് ഉപയോഗിച്ച നാല് മൊബൈൽ ഫോണുകൾ പൊലീസ് കണ്ടെടുത്തതായി സൂപ്രണ്ട് അഭിനവ് ധീമാൻ അറിയിച്ചു. ഇത്തരം സോഷ്യൽ മീഡിയ പ്രലോഭനങ്ങളിൽ വിശ്വസിക്കരുതെന്നും സംശയകരമായ പരസ്യങ്ങളോ സന്ദേശങ്ങളോ ഉടൻ പൊലീസ് ശ്രദ്ധയിൽപ്പെടുത്തണമെന്നും നവാഡ സൈബർ പൊലീസ് സ്റ്റേഷൻ ഇൻചാർജും ഡെപ്യൂട്ടി സൂപ്രണ്ടുമായ നിഷു മല്ലിക് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img