ട്രാഫിക് നിയമലംഘനങ്ങളുടെയും സി.സി.ടി.വി പരിശോധനകളുടെയും പേരിൽ വ്യാജ എസ്.എം.എസ് അയച്ച് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമാകുന്നതായി കേരള പോലീസിന്റെ മുന്നറിയിപ്പ് . മോട്ടോർ വാഹന വകുപ്പിൻ്റെ ഔദ്യോഗിക അറിയിപ്പ് എന്ന വ്യാജേനയാണ് ഇത്തരം സന്ദേശങ്ങൾ പൊതുജനങ്ങളുടെ ഫോണുകളിലേക്ക് എത്തുന്നത്. വാഹനങ്ങളുടെ യഥാർത്ഥ രജിസ്ട്രേഷൻ നമ്പറുകൾ ഉൾപ്പെടുത്തി, ട്രാഫിക് നിയമലംഘനം ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെന്നും പിഴയടയ്ക്കാൻ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നുമാണ് സന്ദേശങ്ങളിൽ ആവശ്യപ്പെടുന്നത്.
സംശയം തോന്നാത്ത വിധം ഔദ്യോഗിക രൂപത്തിലാണ് ഇത്തരം സന്ദേശങ്ങൾ തട്ടിപ്പുകാർ തയ്യാറാക്കുന്നത്. സന്ദേശത്തോടൊപ്പം നൽകിയിരിക്കുന്ന റഫറൻസ് നമ്പറും ചുരുക്കിയ വെബ് ലിങ്കും തട്ടിപ്പിന്റെ ഭാഗമാണ്. ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ മോട്ടോർ വാഹന വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പേജിലേക്കാണ് ഉപയോക്താക്കൾ എത്തുന്നത്. തുടർന്ന് പിഴയടയ്ക്കുന്നതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് നമ്പറുകൾ, സി.വി.വി, ഒ.ടി.പി തുടങ്ങിയ രഹസ്യ വിവരങ്ങൾ നൽകാൻ ആവശ്യപ്പെടുന്നു. ഈ വിവരങ്ങൾ നൽകുന്നതോടെ അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
ഇത്തരം തട്ടിപ്പുകളിൽ നിന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. എസ്.എം.എസുകളിൽ ലഭിക്കുന്ന അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ഒരിക്കലും പിഴയടയ്ക്കരുത്. വാഹനങ്ങൾക്ക് യഥാർത്ഥത്തിൽ പിഴയുണ്ടോ എന്ന് ഔദ്യോഗിക പരിവാഹൻ അല്ലെങ്കിൽ ഇ-ചെലാൻ വെബ്സൈറ്റുകൾ വഴി നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. ബാങ്ക് വിവരങ്ങളോ ഒ.ടി.പിയോ കാർഡ് വിശദാംശങ്ങളോ ഒരു കാരണവശാലും മറ്റാരുമായും പങ്കുവെക്കരുത്. വ്യാജമെന്ന് സംശയിക്കുന്ന സന്ദേശങ്ങളിലെ ലിങ്കുകൾ തുറക്കുകയോ മറ്റുള്ളവരിലേക്ക് കൈമാറുകയോ ചെയ്യരുത്.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയായാൽ സമയം പാഴാക്കാതെ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിലോ https://cybercrime.gov.in എന്ന ഔദ്യോഗിക സൈബർ ക്രൈം പോർട്ടൽ വഴിയോ പരാതി രജിസ്റ്റർ ചെയ്യേണ്ടതാണ്.










