11:50am 12 August 2026
NEWS
യൂണിഫോം വാങ്ങാനുള്ള ഏഴു ലക്ഷം രൂപ ഓൺലൈൻ ​ഗെയിം കളിച്ച് കളഞ്ഞു; കൊല്ലം സ്വദേശിയായ പൊലീസ് ട്രെയ്നി അറസ്റ്റിൽ; സർവീസിൽനിന്ന് പുറത്താക്കി
12/08/2026  07:25 AM IST
nila
യൂണിഫോം വാങ്ങാനുള്ള ഏഴു ലക്ഷം രൂപ ഓൺലൈൻ ​ഗെയിം കളിച്ച് കളഞ്ഞു; കൊല്ലം സ്വദേശിയായ പൊലീസ് ട്രെയ്നി അറസ്റ്റിൽ; സർവീസിൽനിന്ന് പുറത്താക്കി

തിരുവനന്തപുരം: പൊലീസ് റിക്രൂട്ട് ട്രെയ്നികളിൽനിന്ന് യൂണിഫോം തുണി വാങ്ങാനും തയ്ക്കാനുമായി പിരിച്ചെടുത്ത ഏഴ് ലക്ഷം രൂപ ഓൺലൈൻ ബെറ്റിങ് ഗെയിമിൽ നിക്ഷേപിച്ചെന്ന കേസിൽ പൊലീസ് ട്രെയ്നി അറസ്റ്റിൽ. പത്തനംതിട്ട കെഎപി 3 ബറ്റാലിയനിലെ ട്രെയ്നിയായ കൊല്ലം ചെമ്മക്കാട് ശരണ്യഭവനിൽ ശംഭു ആർ. കൃഷ്ണൻ (25) ആണ് അറസ്റ്റിലായത്. സംഭവത്തിന് പിന്നാലെ ഇയാളെ സർവീസിൽനിന്ന് പിരിച്ചുവിട്ടു.

കഴിഞ്ഞ ദിവസം പുലർച്ചെയാണ് പേരൂർക്കട പൊലീസ് ശംഭുവിനെ അറസ്റ്റ് ചെയ്തത്. ഇരട്ടിലാഭം പ്രതീക്ഷിച്ചാണ് യൂണിഫോമിനായി പിരിച്ച പണം ഓൺലൈൻ ബെറ്റിങ് ഗെയിമിൽ നിക്ഷേപിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

ഏഴ് പേരടങ്ങുന്ന യൂണിഫോം കമ്മിറ്റിയിലെ അംഗമായിരുന്നു ശംഭു. എസ്എപി, കെഎപി 3, കെഎപി 5 ബറ്റാലിയനുകളിലെ പൊലീസ് റിക്രൂട്ട് ട്രെയ്നികൾക്കായി യൂണിഫോം തുണി വാങ്ങുന്നതിനും തയ്ക്കുന്നതിനുമുള്ള തുകയായിരുന്നു ഇയാൾ പിരിച്ചെടുത്തത്.

എന്നാൽ പിരിച്ചെടുത്ത തുക ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ അടയ്ക്കാതിരുന്നതോടെ ട്രെയ്നികൾ അന്വേഷിച്ചു. തുടർന്നാണ് പണം നഷ്ടപ്പെട്ട വിവരം പുറത്തറിയുന്നത്. സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് തുക ഓൺലൈൻ ബെറ്റിങ്ങിനായി ഉപയോഗിച്ചതായി കണ്ടെത്തിയത്.

ശംഭു നേരത്തെ ഐആർബിയിൽ ജോലി ചെയ്തിരുന്നപ്പോഴും സമാനമായ രീതിയിൽ പണം തട്ടിയതായി പൊലീസ് ആരോപിച്ചു. ഇതിനു പിന്നാലെ അവിടെനിന്ന് രാജിവച്ചാണ് കെഎപി 3 ബറ്റാലിയനിൽ ചേർന്നതെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img