
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്തെന്ന ആരോപണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിക്കുന്നു. ആരോപണത്തിന് പിന്നിൽ വ്യാജരേഖയുണ്ടാക്കിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുന്നതിനാണ് സിറ്റി സൈബർ പൊലീസിന് കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയിരിക്കുന്നത്.
കോൺഗ്രസ് നേതാവ് രാജു പി. നായർ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് നടപടി. പരാതി പരിശോധിച്ച ഡിജിപി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ അരുൾ ബി. കൃഷ്ണയ്ക്ക് കൈമാറുകയായിരുന്നു. തുടർന്ന് കമ്മിഷണർ സൈബർ പൊലീസ് അസിസ്റ്റന്റ് കമ്മിഷണർക്ക് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ നിർദേശം നൽകി.
റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിൻ നടത്തിയ വെളിപ്പെടുത്തലാണ് പരാതിക്ക് അടിസ്ഥാനം. കർണാടകയിലെ ബൈന്തൂർ സബ് റജിസ്ട്രാർ ഓഫിസിൽ മുഖ്യമന്ത്രി രണ്ടാം വിവാഹം രജിസ്റ്റർ ചെയ്തതായി അവകാശപ്പെടുന്ന രേഖയുമായി രണ്ടു യുവാക്കൾ തന്നെ സമീപിച്ചിരുന്നുവെന്നാണ് ആന്റോ പറഞ്ഞത്.
രേഖയെ അടിസ്ഥാനമാക്കി വാർത്ത നൽകണമെന്നായിരുന്നു യുവാക്കളുടെ ആവശ്യമെന്നും എന്നാൽ രേഖയുടെ ആധികാരികതയിൽ സംശയം തോന്നിയതിനാൽ വാർത്ത നൽകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ആന്റോ വ്യക്തമാക്കിയിരുന്നു.
ഈ സംഭവത്തിൽ പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ, വ്യാജരേഖ തയ്യാറാക്കിയതാണോ തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുക. രേഖയുമായി എത്തിയതായി പറയപ്പെടുന്ന യുവാക്കളെ കണ്ടെത്തി ചോദ്യം ചെയ്യുന്നതിനും നടപടിയുണ്ടാകും.
യുവാക്കളെ തിരിച്ചറിയുന്നതിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനും തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അസ്ഥിരപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ശ്രമമാണിതെന്നും രാജു പി. നായർ പരാതിയിൽ ആരോപിക്കുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത ശേഷം രേഖയുടെ ഉറവിടം, അത് തയ്യാറാക്കിയ സാഹചര്യം, പ്രചരിപ്പിക്കാൻ ശ്രമിച്ചവരുടെ പങ്ക് തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം നടത്താനാണ് പൊലീസിന്റെ നീക്കം.










