
ഗാന്ധിനഗർ: നാലുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി പൊലീസ് വെടിവയ്പ്പിൽ മരിച്ചു. ഗുജറാത്തിലെ ആനന്ദ് ജില്ലയിലാണ് സംഭവം. സുരേഷ് വിത്തൽ പർമർ (30) എന്ന പ്രതി സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടർന്നാണ് വെടിവയ്പ്പുണ്ടായതെന്ന് അധികൃതർ അറിയിച്ചു.
ഞായറാഴ്ച ബൊർസാദിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ ഛർദിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് വാഹനം നിർത്തി പുറത്തിറക്കിയപ്പോൾ, ഒളിപ്പിച്ചുവെച്ചിരുന്ന കത്തി ഉപയോഗിച്ച് പൊലീസുകാരെ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റതായും അഹമ്മദാബാദ് റേഞ്ച് ഐജി രാഘവേന്ദ്ര വത്സ വ്യക്തമാക്കി.
പ്രതിയോട് കീഴടങ്ങാൻ പലതവണ നിർദേശിക്കുകയും മുന്നറിയിപ്പായി ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തെങ്കിലും ആക്രമണം തുടരുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇതോടെയാണ് സ്വയംരക്ഷയുടെ ഭാഗമായി പ്രതിക്കുനേരെ വെടിയുതിർക്കേണ്ടിവന്നത്. ഗുരുതരമായി പരുക്കേറ്റ സുരേഷ് വിത്തൽ പർമറെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജൂലൈ 18-ന് റെയിൽവേ സ്റ്റേഷനിൽ ഉറങ്ങിക്കിടന്നിരുന്ന നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയശേഷം കൊലപ്പെടുത്തിയെന്ന കേസിലാണ് ഇയാൾ അറസ്റ്റിലായത്. കുട്ടിയുടെ മൃതദേഹം പിന്നീട് റെയിൽവേ ട്രാക്കിന് സമീപത്ത് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അന്വേഷണസംഘം തിരിച്ചറിഞ്ഞത്. സുരേഷ് വിത്തൽ പർമർ മുമ്പും ഒരു ബലാത്സംഗക്കേസിൽ പ്രതിയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.










